
‘ ഉറുമി ’ കണ്ടു.
[ഇന്നൊവേറ്റീവ് മൾട്ടിപ്പ്ളെക്സ് - 4/4/'11 - രാത്രി 10 മണി ]
വലിയ പ്രതീക്ഷകളോടെയല്ല സിനിമ കാണാൻ പോയത്. സന്തോഷ് ശിവൻ എന്ന ഛായാഗ്രാഹകനെ പെരുത്തിഷ്ടമാണെങ്കിലും , അദ്ദേഹം എന്ന സംവിധായകൻ പടച്ച സിനിമകളിൽ കണ്ടത് അശോകയും അനന്ദഭദ്രവും മാത്രമാണ്. ആഗോളതലത്തിൽ പ്രശസ്തി പടിച്ചുപറ്റിയ ചില സിനിമളും അദ്ദേഹത്തിന്റെതായി ഉണ്ടെങ്കിലും, അതൊന്നും കണ്ടിട്ടില്ല. മേല്പ്പറഞ്ഞ രണ്ടും എനിക്കത്ര പിടിച്ചില്ലായിരുന്നു.
പക്ഷേ ഏതാണ്ട് മൂന്നു മണിക്കൂർ സമയം തീരെ മുഷിയാതെ കടന്നുപോയി എന്നു തന്നെയല്ല, കുട്ടിസ്രാങ്കിനു ശേഷം കണ്ട മലയാള സിനിമകളിൽ ഏറ്റവും മികച്ചത് എന്നു തന്നെ തോന്നി.
ചരിത്ര/ മിസ്റ്റിക്ക് സ്വഭാവമുള്ള ഒരു കഥയെ , ആനുകാലത്തിൽ നിന്നുകൊണ്ട് പുറകോട്ടു നോക്കിക്കാണുന്ന രീതി അനന്ദഭദ്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ആ സിനിമയിൽ, അതു ആകെക്കൂടി ഒരു അവിയല് പരുവത്തിലാണ് അന്നു അനുഭവപ്പെട്ടതെങ്കിൽ, ഈ സിനിമയിലെ പ്രയോഗം താരതമ്യേന മികച്ചുനിന്നു. നൂറ്റാണ്ടുകൾക്കു പിന്നിലെ കഥയ്ക്കു അനുബന്ധമായി ഒരു സമകാലീനപ്രസക്തമായ സന്ദേശം കൂടി ചേർക്കാനുള്ള സാതന്ത്ര്യവും അതുവഴി കഥാകൃത്തിനു ലഭിച്ചു.
കഥയും കഥാസന്ദർഭവുമൊക്കെ പലയിടത്തും പരമാർശ്ശിച്ചുകണ്ടതു കൊണ്ട് അതിലേയ്ക്കു കടക്കുന്നില്ല. പല പല സംസ്ക്കാരങ്ങൾ , പല പല കാലഘട്ടങ്ങളിൽ പ്രത്യക്ഷമായിതന്നെ ഇടപെട്ടിട്ടുള്ള നമ്മുടെ ചരിത്രത്തിലെ ഒരേട്, ഒരു കച്ചവട സിനിമയ്ക്കാവശ്യമായ കൂട്ടിക്കിഴിക്കലുകലോടെ വെള്ളിത്തിരയിൽ .
“ഒരു വടക്കൻ വീരഗാധ-യുടെ സ്വാധീനം കാണികൾക്കു അനുഭവപ്പെട്ടാൽ അതു മനപ്പൂർവ്വമല്ല ”- എന്നൊരു മുന്നറിയിപ്പു ആദ്യമേ കാണിച്ചാലും തെറ്റു പറയാനില്ല. വാമൊഴിയായും വരമൊഴിയായും കൈമറിഞ്ഞുകിട്ടിയ ചില ചരിത്ര സംഭവങ്ങൾ നൂറ്റാണ്ടുകൾക്കിപ്പുറം നിന്നുകൊണ്ട് നോക്കിക്കാണാനുള്ള ഒരു ശ്രമം, ആ വീക്ഷണകോണകത്തിൽ ( ഇന്നലെയും കൂടി കണ്ടു ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ !! oh my God!) മാറി മറിയുന്ന നായക-വില്ല പരിവേഷങ്ങൾ - ഇതൊക്കെ എം.ടി.യുടെ കൈകളിൽ ഒരു പുത്തൂരം അടവുപോലെ സൗഭദ്രമായിരുന്നെങ്കിൽ, ആ കൈയ്യടക്കം ഈ ചിത്രത്തിൽ പലപ്പോഴും കഥാകൃത്തിനു നഷ്ടപ്പെടുന്നുണ്ട്. പക്ഷേ കാണികളുടെ ശ്രദ്ധ തിരിഞ്ഞുപോകുന്ന ഒരു അവസ്ഥയിലേയ്ക്കു ഒരിക്കലും എത്തുന്നില്ല എന്നു തന്നെ പറയാം.
ഡയലോഗുകളൊക്കെ മാരകമാണ് !!! - ലൈംഗികതയെ തുറന്ന മനസ്സോടെ കണ്ടിരുന്ന ഒരു സംസ്ക്കാരമായിരുന്നു നമ്മുടേത് എന്നാണല്ലോ ചരിത്രം പറയുന്നത്. അതിന്റെ ചില ലക്ഷണങ്ങൾ , ആലങ്കാരിക രൂപത്തിൽ സിനിമയിലുടനീളം കേൾക്കാം. “ പാതി പറഞ്ഞു നിറുത്തിയ പുലയാട്ട്‘ എന്ന പ്രയോഗം ക്ഷ! പിടിച്ചു!
സന്തോഷ് ശിവനും അഞ്ചലി ശുക്ള-യുമൊക്കെ കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും കടലിന്റെയും പശ്ചാത്തലത്തിൽ ക്യാമറാ ഓടിക്കുമ്പോൾ കണ്ണിനു കുളിരുന്ന കുറേ ഫ്രേമുകളുണ്ടാവും എന്നു പ്രതീക്ഷിക്കാവുന്നതാണല്ലോ. അതൊക്കെ അങ്ങനെ തന്നെയുണ്ട് സിനിമ നിറയെ.
ഒരു പാടു ഗവേഷണവും കഷ്ടപ്പാടുമൊക്കെ നിറഞ്ഞ ഇത്തരം ഒരു സിനിമയിൽ തന്റെ സമയവും പണവും മുടക്കാൻ തീരുമാനിച്ച പൃഥ്വിരാജിനു അഭിവാദ്യങ്ങൾ. പേരിനുപോലും ഒരു ഗോമ്പറ്റീഷനില്ലാതെ സൂപ്പർസ്റ്റാർ പദവിയിലേയ്ക്കു വളരുന്ന ഈ നടന് ഇത്തരം സിനിമകളും കഥാപാത്രങ്ങളും സഹായകരമാകും. പക്ഷേ ഒരു നല്ല നടൻ എന്ന നിലയിലേയ്ക്കു വളരാൻ ഇനിയും ഒരു പാടു കാതം എന്നു പറയാതെ നിർവ്വാഹമില്ല. മസിലൊക്കെയുള്ള കൈകളും വിരിഞ്ഞ മാറുമൊക്കെ കൊള്ളാമെങ്കിലും നടനം കടന്നു വരേണ്ട കവിളുകളും കണ്ണുകളും നിർജ്ജിവങ്ങളായിരുന്നു. അടുത്ത കാലത്തിറങ്ങിയ പുതിയ മുഖം, ദ ത്രില്ലർ ( എന്റമ്മോ!) എന്നിങ്ങനെ പൃഥ്വി മീശയില്ലാതെ അഭിനയിച്ച സിനിമകളിൽ കണ്ട അതേ മുഖഭാവങ്ങളാന് ഉറുമിയിലും അദ്ദേഹം സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ഒരു നല്ല നടനിൽ നിന്നും അതില്ക്കൂടുതലൊക്കെ മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കും.
ഈയൊരു കാര്യത്തിൽ എന്നെ അമ്പരപ്പിച്ചത് ജെനീലിയയാണ്. അവർ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളിൽ നിന്നും വളരെ വളരെ വ്യത്യസ്തമാണ് ഈ സിനിമയിലെ അറയ്ക്കൽ ആയിഷ. കളരിച്ചുവടുകളിലെ മെയ്വഴക്കം മനോഹരമായി എന്നു പറയുമ്പോൾത്തന്നെ ഗംഭീരമായി എന്നു പറയേണ്ടതു അവരുടെ ഭാവാഭിനയമാണ്. കഥാപാത്രം അവകാശപ്പെടുന്ന വീറും വാശിയും അതേ അളവിൽ ആ കണ്ണുകളിൽ തെളിയുന്നതായി അനുഭവപ്പെട്ടു
പ്രഭുദേവയുടെ പ്രകടനവും നിലവാരം പുലർത്തി. പക്ഷേ ഡബ്ബിങ്ങ് സ്വയം ചെയ്യിക്കാതെ കഥാപാത്രത്തിനു ചേർന്ന ഒരു സ്വരമായിരുന്നു നല്ലത്.
നിത്യാ മേനോൻ - കഥാഗതിയിൽ കാര്യമായ സാന്നിധ്യമില്ലെങ്കിലും , കാണികൾക്കു ഒരു ആവേശമായി ചിറയ്ക്കൽ ബാല ശ്രദ്ധ നേടുന്നു. ‘ചിന്നി ചിന്നി’ ഗാനവും ഹിറ്റ് ആയിക്കഴിഞ്ഞു.
മലയാളത്തിൽ മറ്റാരു ചെയ്താലും പിഴച്ചുപോകുമായിരുന്ന ചേനിച്ചേരി കുറുപ്പിനെ ജഗതി അനായാസമായി കൈകാര്യം ചെയ്തു. വിദ്യാ ബാലൻ, തബു എന്നിവരൊക്കെ അനാവശ്യമായ ചില ഏച്ചുകെട്ടലുകൾ മാത്രമായി.
വടക്കൻ കേരളത്തിന്റെ രുചിയുള്ള ഗാനങ്ങൾ ചിത്രത്തിലുണ്ട്. പക്ഷേ പലപ്പോഴും അവ കഥാകഥനത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നു.
ഇത്തരം സിനിമകളിൽ പശ്ച്ചാത്തല വിവരണം ഒരു പതിവ് ഘടകമാണെങ്കിലും, ‘ഉറുമി-യിൽ അതൊരല്പ്പം കടന്നുപോയി എന്നു തോന്നി. ലഗാനിലെ അമിതാഭ് ബച്ചന്റെ സ്വരം മാതിരി ഒരു തുടക്കം വേണ്ടിടത്തു കേട്ടതു കെ.പി.എസ്.സി.ലളിതയുടെ സ്വരം ! ( ബിന്ദു പണിക്കരെ വിളിച്ചില്ലല്ലോ, ഭാഗ്യം! ചുമ്മാ!)
പക്ഷേ മേല്പ്പറഞ്ഞ കുറ്റങ്ങളൊന്നും ഉറുമിയെ ഒരു നല്ല ചിത്രമല്ലാതാക്കുന്നില്ല. നല്ല ഒരു തിയേറ്ററിൽ തന്നെ ഈ സിനിമ കാണുക.
PS : “നട നട അന്നനട” ഒന്നു ശ്രദ്ധിച്ചോളൂ! ;-)