മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, November 17, 2011

ഓരോ പണി വരുന്ന വഴിയേ!

പന്ത്രണ്ടാം ക്ലാസ്സിലെ ഫിസിക്സ് പുസ്തകത്തിൽ പഠിച്ച ബൂളിയൻ ആൾജിബ്രയും “ബീബീ റോയീ” കവിതയും കണ്ടിട്ട് , ‘ഇത്ര സിമ്പിളോ ഇലക്ട്രോണിക്സ്’ എന്നു തെറ്റിധരിച്ച് , അതിന്റെ ബിരുദം പഠിച്ച് ബല്ല്യ ആളാകാൻ മോഡൽ എൻജ്ജിനിയറിങ്ങ് കോളേജിലെത്തിയിട്ട്‌, പിടിച്ചതല്ല അളയിലുള്ളത്‌ എന്നു ബോധ്യമായി വന്ന നാലാം സെമസ്റ്റർ. പിന്നെ വന്നതല്ലേ, വന്നു ചേർന്നതല്ലേ, ഒന്നരക്കൊല്ലം ചെരച്ച..സോറി..പഠിച്ചതല്ലേ.. ഇനി വരുന്നിടത്തുവെച്ചുകാണാം എന്ന ഭാവം പുറത്തും, ഇതെവിടെച്ചെന്നു നില്ക്കും കർത്താവേ എന്ന ചിന്ത അകത്തുമായി , പത്മ-കച്ചേരിപ്പടി-പാലാരിവട്ടം-ഇടപ്പള്ളി-ടോൾ-ഉണിച്ചിറ-പൈപ്പ്‌ലൈൻ വഴി തൃക്കാക്കര കറങ്ങി നടക്കണ പത്തൊമ്പത് - പത്തൊമ്പതര- ഇരുപത് പ്രായം.. അതാണ്‌ പ്രായം!

ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌, ഉച്ചകഴിഞ്ഞുള്ള സർക്യൂട്ട്സ് ലാബിന്റെ റഫ്-റെക്കോർഡ് പകർത്തിയെടുക്കണ നേരത്താണ്‌ സെനറ്റ് ഭാരവാഹിയായിരുന്ന പമ്മൻ കയറി വന്നത്. തലേന്ന് ഉൽഘാടനം ചെയ്യപ്പെട്ടിരുന്ന സർവ്വകലാശാലാ കലോൽസവത്തിൽ ചലചിത്രാവലോകന മൽസരത്തിൽ പങ്കെടുക്കാൻ താല്പ്പര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. സിനിമ എന്ന ദൃശ്യ-വിനോദ-ആശയവിനിമയ മാധ്യമത്തോടുള്ള ഒടുക്കത്തെ പ്രതിബദ്ധത കാരണം ഞാനങ്ങു സമ്മതിച്ചു. അല്ലാതെ, ഡ്യൂട്ടി ലീവ് എന്ന പ്രലോഭനം കണ്ടിട്ടൊന്നുമല്ല.. ശ്ശെ..ശ്ശെ..

പമ്മന്റെ ബൈക്കിന്റെ പുറകിൽ കയറി കുസാറ്റ് ക്യാമ്പസിൽ ചെന്നപ്പോഴാണ്‌ പണി കിട്ടി എന്നു മനസ്സിലായത്‌. അവലോകനം ചെയ്യേണ്ട ചിത്രം “ഡാനി”. അന്നും ഇന്നും ഒരു ടി.വി.ചന്ദ്രൻ ഫാനല്ലാത്ത എന്റെ എല്ലാ താല്പ്പര്യവും പോയി. എ.സി.യുള്ള ഒരു മുറിയായിരുന്നത് കൊണ്ട്‌ പകുതി ഉറങ്ങിയും മയങ്ങിയും ഞാൻ സിനിമ കണ്ടു തീത്തു. കേരളത്തിലെ പ്രധാന രാഷ്ട്രീയസംഭവവികാസങ്ങളോട് ബന്ധപ്പെടുത്തിയാണ്‌ സിനിമ മുന്നോട്ട് നീങ്ങുന്നത് എന്നു മനസ്സിലായിരുന്നു. അതുകൊണ്ട് എഴുതിത്തുടങ്ങിയപ്പോൾ എന്നിലെ രാഷ്ടീയക്കാരൻ ഉയർത്തെണീറ്റു. പുന്നപ്ര വയലാറും, ഭൂപരിഷ്ക്കരണവും, വിമോചനസമരവും, അടിയന്തരാവസ്ഥയുമൊക്കെ സൗകര്യം പോലെ എടുത്തലക്കി, ആറേഴ്‌ പേജിൽ ഒരു നെടുങ്കൻ ലേഖനം.

പിറ്റേ ആഴ്ച അതേ ദിവസം അതേ സമയം ലാബിലേക്ക് കടന്നുചെല്ലുമ്പോൾ ഇതൊക്കെ എന്റെ മനസ്സിൽ നിന്നും പോയിരുന്നു. ലാബ് വൈവ എന്ന വൈതരണി ചാടിക്കടക്കുവാനുള്ള പ്രാർത്ഥനകളായിരുന്നല്ലോ മനസ്സ്‌ നിറയെ. ഏഴാമനായി ഹോട്ട്-സീറ്റിൽ ചെന്നിരുന്ന എന്നോടു പതിവുപോലെ എനിക്കറിയില്ലാത്ത കുറേ ചോദ്യങ്ങൾ ചോദിക്കപ്പെട്ടു. [ ചോദ്യകർത്താവാരെന്നു പറയില്ല, വേണേൽ ഫേസ്ബുക്ക്‌ പ്രൊഫൈൽ ലിങ്ക് തരാം!]. അവസാനം രണ്ടും കല്പ്പിച്ച്‌ എനിക്കറിയാവുന്നതെല്ലാം പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ :

“ ഇതൊരു പ്രസംഗമൽസരമല്ല, ചോദിച്ചതിനു മാത്രം മറുപടി പറയുക”

പിന്നെ ഒന്നു ചെറുതായി പുഞ്ചിരിക്കാനല്ലാതെ മറ്റൊന്നിനും എനിക്കു കഴിയുമായിരുന്നില്ല.

ആ പുഞ്ചിരി പുള്ളിയെ ഹഠാദാകർഷിച്ചതുകൊണ്ടാകണം, അദ്ദേഹം ഹാജർ പുസ്തകത്തിന്റെ താളുകൾ പിന്നിലേയ്ക്കു മറിച്ചു, അപ്പോ ദാ കിടക്കണ്‌ കുരിശിന്റെ വഴി പോലെ ചുവന്ന കുരിശുകൾ നിരവധി ( ആബ്സെന്റ്‌ മാർക്ക്ഡ് എന്നു മലയാളത്തിൽ പറയും ]. അതിന്റെ കാരണങ്ങൾ ആരാഞ്ഞ അദ്ദേഹത്തിന്റെ മുമ്പിൽ, ഉത്തരവാദിത്വമുള്ള ഒരു വിദ്യാർത്ഥി എന്ന നിലയിൽ, കോളേജിന്റെ പേരിനും പെരുമയ്ക്കുമായി അടരാടാൻ പോയ എന്റെ ഗഥ..... ഞാൻ പരമാവധി ആമ്പ്ളിഫൈ ചെയ്ത് അവതരിപ്പിച്ചത്, അതിന്റെ പേരിൽ വീശിയടിച്ചേക്കാവുന്ന അനുകൂലതരംഗം മുതലെടുക്കാനായിരുന്നു എന്നു പറയാൻ എനിക്കു ലവലേശം നാണമില്ല. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.

പൊതുവേ സൗമ്യനായ ആ മാന്യദേഹം, കൂടുതൽ സൗമ്യതയോടെ എന്റെ ബുക്കു മടക്കി തിരിചു തന്നു. അപ്പന്റെ ജോലിയെപ്പറ്റി ചോദിച്ചത് ഒരു കുശലാന്വേഷണം എന്നു കരുതി ഞാൻ മറുപടിയും പറഞ്ഞു. ഉടൻ, എന്റെ ഹൃദയം തകർത്ത ആ തീരുമാനം ലാബിൽ മുഴങ്ങി :

“ അപ്പോപ്പിന്നെ ഒരവധിയെടുത്തു ഇവിടം വരെ ഒന്നു വരാൻ ബുദ്ധിമുട്ടില്ലല്ലോ. എന്നാൽ ഇനി അതു കഴിഞ്ഞു ലാബിൽ കയറിയാൽ മതി...“


!!!!!!!!!!!!

ഇഞ്ചിനീരാകാൻ പെട്ടിയും കിടക്കയുമായി വീട്ടിൽ നിന്നു പോരുമ്പോൾ “ നീ അവിടെ എന്തൂട്ട് കാട്ട്യാലും ‘നിക്കൊന്നൂല്ല്യാ...പക്ഷെ വീട്ടിൽ നിന്നു ആരെങ്കിലും അത്രെടം വരേന്ന്‌ തീക്കേണ്ട ഒരു പ്രശനമുണ്ടാച്ചാല്‌, വെറുതേ ഫോണിന്റെ കാശ്‌ കളേണ്ടാ ഉണ്ണ്യേ... മംഗളം പാടി പെട്ടിയും മടക്കി നീ ഇങ്ങ പോന്നോൾക” എന്നു നല്ല ഒന്നാംതരം കോട്ടയം ഭാഷയിൽ പരഞ്ഞു വിട്ടിരുന്നു മമ താതൻ!

പ്രശ്നപരിഹാരത്തിനായി പമ്മനെ സമീപിച്ചപ്പോ അവനും കൈ മലർത്തി. ഈ പമ്മൻ എന്നു പേരുള്ളവരൊന്നും ശരിയല്ല എന്ന് അന്നെനിക്കു വീണ്ടും മനസ്സിലായി.

ഒടുവിൽ, ” അപ്പൻ ഒഫീഷ്യൽ ടൂറിലാണ്‌“ എന്ന കാരണം പറഞ്ഞ്, അപ്പന്റെ അനിയനെ വിളിച്ചുകൊണ്ട്‌ വന്നു പ്രശ്നം ഒതുക്കിത്തീത്ത്‌ എന്നു പറഞ്ഞാ മതിയല്ലോ!

പി.എസ്‌ : ഏതോ വലതുപക്ഷ-ബൂർഷ്വാ-മാധ്യമസിൻഡിക്കേറ്റ് മാർക്കിട്ടതുകൊണ്ടായിരിക്കും, എന്റെ സിനിമാ അവലോകനത്തിനു ഒരു തൊപ്പിയും കിട്ടിയതുമില്ല.