മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, March 31, 2009

ഷോര്‍ട്ട്‌ കഥ

ഷോര്‍ട്ട്‌ ഫിലിം പിടിക്കാന്‍ ഒരു കഥ വേണം എന്നു പറഞ്ഞ്‌ ഒരു ഗഡി പുറകേ നടപ്പാ. പുള്ളിക്കു വേണ്ടീ എഴുതിയ ഒരു കഥ.


ഒരു നാട്ടില്‍ ഒരു സോഫ്റ്റ്‌വെയര്‍ തൊഴിലാളി. അദ്ദേഹം ഒരു തൊഴിലാളി മാത്രമല്ല, ഒരു ബ്ലോഗര്‍ കൂടിയാണ്‌. മാതൃഭൂമി തറവാട്ടിലെ ഇളയ മകളായ ബ്ലോഗനയുമായി ഇയാള്‍ പ്രണയത്തിലാണ്‌. ബ്ലോഗനയുടെ കഴുത്തില്‍ തന്റെ പോസ്റ്റുകള്‍ കൂട്ടിക്കെട്ടി മാലചാര്‍ത്തുന്ന സുന്ദര ദിനവും കാത്ത്‌ അയാള്‍ കഴിയുകയാണ്‌.

പക്ഷേ ഇയാളില്‍ മതിപ്പില്ലാത്ത കാരണവര്‍ മറ്റൊരു പ്രശസ്ത ഗള്‍ഫുകാരന്‍ ബ്ലോഗറെ ബ്ലോഗനക്കു വേണ്ടി കണ്ടുപിടിക്കുന്നു.

[ ബ്ലോഗനയ്ക്കു വേണ്ടി പ്രശസ്ത ബ്ലോഗറോ? അതിനു അയാള്‍ സമ്മതിക്കുമോ?

അതെന്താ?

അവരെല്ലാം അച്ചടിസാഹിത്യത്തിനെതിരല്ലേ?

അതു സ്വന്തം രചന അച്ചടിച്ചുവരുന്നതു വരെ മാത്രം.

ബ്ലോഗ്‌ എന്ന എസ്റ്റാബ്ലിഷ്മെന്റ്‌ തന്നെ അച്ചടി സാഹിത്യത്തെ വെല്ലുവിളിക്കനുള്ളതല്ലെ?

എല്ലാ എസ്റ്റാബ്ലിഷ്മെന്റുകള്‍ക്കുമെതിരായി ആണ്‌ നമ്മുടെ സമരം. പ്രതിക്രിയാ വാതകം, കൊളോണിയലിസം, ഫാസിസ്റ്റ്‌ ചിന്താ സരണി- അല്ല, ഇതൊക്കെയെന്തിനാ ഇവിടെ പറയുന്നത്‌? കഥ തുടരാം.]


ഇതില്‍ മനംനൊന്ത്‌ ഇയാള്‍ കണ്ണീരില്‍ നനഞ്ഞ പോസ്റ്റുകള്‍ ചറപറാന്ന്‌ എഴുതി വിടുന്നു.

അല്‍ഫുദം എന്നു പറയട്ടെ, ആ വര്‍ഷത്തെ നാ.ബ്രോ.കോ അവാര്‍ഡ്‌ ഇയാള്‍ക്കു ലഭിക്കുന്നു. 1000 കമന്റുകള്‍.


[ ആയിരം കമന്റോ? വിശാലമനസ്കനു്‌ പോലും 350-400 കമന്റല്ലേ ഉള്ളൂ?

ഓഹോ! എന്നാല്‍ ശരി. 100 കമന്റ്‌.

]

ഈ 100 കമന്റുകള്‍ മുന്നില്‍ക്കണ്ട്‌ ഇയാള്‍ ഒരു കിടിലം സൂപ്പര്‍ഹിറ്റ്‌ പോസ്റ്റെഴുതുന്നു.

[ 100 കമന്റ്‌ കൊണ്ട്‌ സൂപ്പര്‍ഹിറ്റോ? ഹ! ഹ! ]



ബ്ലോഗനയും ആ കരിങ്കാലി ബ്ലോഗറും കോഴിക്കോടു വെച്ചു ഒന്നാകുന്ന ആ ദിനത്തില്‍, ഇയാള്‍ തന്റെ ഏറ്റവും മനോഹരമായ രചന പോസ്റ്റാന്‍ ശ്രമിക്കുന്നു.

അവിടെ ,[ എവിടെ? പ്രസ്സില്‍] , അച്ചടി നടക്കുന്നില്ല...കമ്പോസ്‌ ചെയ്ത മാറ്ററില്‍ അച്ചടിപിശക്‌....

ഇവിടെ പോസ്റ്റു വീഴുന്നില്ല...നെറ്റ്‌വര്‍ക്കു എറര്‍...


അച്ചടിപിശക്‌.....നെറ്റ്‌വര്‍ക്കു എറര്‍.....നെറ്റ്‌വര്‍ക്കു എറര്‍....അച്ചടിപിശക്‌....അതിങ്ങനെ മാറി മാറി കാണിക്കണം....

ബ്ലോഗനയിറങ്ങി ഓടി.....കാരണവര്‍ പുറകേ ഓടി... ഒടുവില്‍....

മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള 'ഹൈ-സ്പീഡ്‌' ഇന്റര്‍നെറ്റ്‌ കഫേയില്‍ വെച്ചു അവരൊന്നാവുകയാണ്‌ സുഹൃത്തുക്കളേ.... ഒന്നാവുകയാണ്‌...ഗദ്‌..ഗദ്

[ കഴിഞ്ഞോ?

ഇല്ല. പിന്നെ അവരു സുഖമായി ജീവിച്ചു.

പക്ഷേ, ഈ കഥ അത്ര പോരാ. കാണുന്നവരെ പിടിച്ചിരുത്താന്‍ പറ്റിയ ഒന്നു രണ്ടു വ്യക്തിഹത്യ ഒക്കെ വേണ്ടെ?

അതുള്‍പ്പെടുത്താം. നായകന്‍ നായികയെ വ്യക്തിഹത്യ ചെയ്തുകൊണ്ടു ഒരു പോസ്റ്റിടട്ടെ.

ഹ! പോടോ! അതൊന്നും ശരിയാകില്ല.

]

കഥയുടെ പേരു ഇനി എടുത്തു പറയണോ? " കമന്റൊടിഞ്ഞ കിനാവുകള്‍" .....


അനുബന്ധം:

ഇവിടെ വന്നവര്‍ക്കെല്ലാം 100 കമന്റ്‌ വെച്ചു കൊടുക്കുന്നു എന്നു കേട്ടു. ഇന്നു മാത്രമേ ഉള്ളോ അതോ എന്നും കൊടുക്കുവോ?

വന്നു ബുദ്ധിമുട്ടണമെന്നില്ല..ലിങ്ക്‌ തന്നാ മതി. അവിടെയെത്തിച്ചേക്കാം.

വലിയ ഉപകാരം!