മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, April 28, 2009

25........

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍, വാക്കുകള്‍ പോരാ...

നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ...

Tuesday, March 31, 2009

ഷോര്‍ട്ട്‌ കഥ

ഷോര്‍ട്ട്‌ ഫിലിം പിടിക്കാന്‍ ഒരു കഥ വേണം എന്നു പറഞ്ഞ്‌ ഒരു ഗഡി പുറകേ നടപ്പാ. പുള്ളിക്കു വേണ്ടീ എഴുതിയ ഒരു കഥ.


ഒരു നാട്ടില്‍ ഒരു സോഫ്റ്റ്‌വെയര്‍ തൊഴിലാളി. അദ്ദേഹം ഒരു തൊഴിലാളി മാത്രമല്ല, ഒരു ബ്ലോഗര്‍ കൂടിയാണ്‌. മാതൃഭൂമി തറവാട്ടിലെ ഇളയ മകളായ ബ്ലോഗനയുമായി ഇയാള്‍ പ്രണയത്തിലാണ്‌. ബ്ലോഗനയുടെ കഴുത്തില്‍ തന്റെ പോസ്റ്റുകള്‍ കൂട്ടിക്കെട്ടി മാലചാര്‍ത്തുന്ന സുന്ദര ദിനവും കാത്ത്‌ അയാള്‍ കഴിയുകയാണ്‌.

പക്ഷേ ഇയാളില്‍ മതിപ്പില്ലാത്ത കാരണവര്‍ മറ്റൊരു പ്രശസ്ത ഗള്‍ഫുകാരന്‍ ബ്ലോഗറെ ബ്ലോഗനക്കു വേണ്ടി കണ്ടുപിടിക്കുന്നു.

[ ബ്ലോഗനയ്ക്കു വേണ്ടി പ്രശസ്ത ബ്ലോഗറോ? അതിനു അയാള്‍ സമ്മതിക്കുമോ?

അതെന്താ?

അവരെല്ലാം അച്ചടിസാഹിത്യത്തിനെതിരല്ലേ?

അതു സ്വന്തം രചന അച്ചടിച്ചുവരുന്നതു വരെ മാത്രം.

ബ്ലോഗ്‌ എന്ന എസ്റ്റാബ്ലിഷ്മെന്റ്‌ തന്നെ അച്ചടി സാഹിത്യത്തെ വെല്ലുവിളിക്കനുള്ളതല്ലെ?

എല്ലാ എസ്റ്റാബ്ലിഷ്മെന്റുകള്‍ക്കുമെതിരായി ആണ്‌ നമ്മുടെ സമരം. പ്രതിക്രിയാ വാതകം, കൊളോണിയലിസം, ഫാസിസ്റ്റ്‌ ചിന്താ സരണി- അല്ല, ഇതൊക്കെയെന്തിനാ ഇവിടെ പറയുന്നത്‌? കഥ തുടരാം.]


ഇതില്‍ മനംനൊന്ത്‌ ഇയാള്‍ കണ്ണീരില്‍ നനഞ്ഞ പോസ്റ്റുകള്‍ ചറപറാന്ന്‌ എഴുതി വിടുന്നു.

അല്‍ഫുദം എന്നു പറയട്ടെ, ആ വര്‍ഷത്തെ നാ.ബ്രോ.കോ അവാര്‍ഡ്‌ ഇയാള്‍ക്കു ലഭിക്കുന്നു. 1000 കമന്റുകള്‍.


[ ആയിരം കമന്റോ? വിശാലമനസ്കനു്‌ പോലും 350-400 കമന്റല്ലേ ഉള്ളൂ?

ഓഹോ! എന്നാല്‍ ശരി. 100 കമന്റ്‌.

]

ഈ 100 കമന്റുകള്‍ മുന്നില്‍ക്കണ്ട്‌ ഇയാള്‍ ഒരു കിടിലം സൂപ്പര്‍ഹിറ്റ്‌ പോസ്റ്റെഴുതുന്നു.

[ 100 കമന്റ്‌ കൊണ്ട്‌ സൂപ്പര്‍ഹിറ്റോ? ഹ! ഹ! ]



ബ്ലോഗനയും ആ കരിങ്കാലി ബ്ലോഗറും കോഴിക്കോടു വെച്ചു ഒന്നാകുന്ന ആ ദിനത്തില്‍, ഇയാള്‍ തന്റെ ഏറ്റവും മനോഹരമായ രചന പോസ്റ്റാന്‍ ശ്രമിക്കുന്നു.

അവിടെ ,[ എവിടെ? പ്രസ്സില്‍] , അച്ചടി നടക്കുന്നില്ല...കമ്പോസ്‌ ചെയ്ത മാറ്ററില്‍ അച്ചടിപിശക്‌....

ഇവിടെ പോസ്റ്റു വീഴുന്നില്ല...നെറ്റ്‌വര്‍ക്കു എറര്‍...


അച്ചടിപിശക്‌.....നെറ്റ്‌വര്‍ക്കു എറര്‍.....നെറ്റ്‌വര്‍ക്കു എറര്‍....അച്ചടിപിശക്‌....അതിങ്ങനെ മാറി മാറി കാണിക്കണം....

ബ്ലോഗനയിറങ്ങി ഓടി.....കാരണവര്‍ പുറകേ ഓടി... ഒടുവില്‍....

മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള 'ഹൈ-സ്പീഡ്‌' ഇന്റര്‍നെറ്റ്‌ കഫേയില്‍ വെച്ചു അവരൊന്നാവുകയാണ്‌ സുഹൃത്തുക്കളേ.... ഒന്നാവുകയാണ്‌...ഗദ്‌..ഗദ്

[ കഴിഞ്ഞോ?

ഇല്ല. പിന്നെ അവരു സുഖമായി ജീവിച്ചു.

പക്ഷേ, ഈ കഥ അത്ര പോരാ. കാണുന്നവരെ പിടിച്ചിരുത്താന്‍ പറ്റിയ ഒന്നു രണ്ടു വ്യക്തിഹത്യ ഒക്കെ വേണ്ടെ?

അതുള്‍പ്പെടുത്താം. നായകന്‍ നായികയെ വ്യക്തിഹത്യ ചെയ്തുകൊണ്ടു ഒരു പോസ്റ്റിടട്ടെ.

ഹ! പോടോ! അതൊന്നും ശരിയാകില്ല.

]

കഥയുടെ പേരു ഇനി എടുത്തു പറയണോ? " കമന്റൊടിഞ്ഞ കിനാവുകള്‍" .....


അനുബന്ധം:

ഇവിടെ വന്നവര്‍ക്കെല്ലാം 100 കമന്റ്‌ വെച്ചു കൊടുക്കുന്നു എന്നു കേട്ടു. ഇന്നു മാത്രമേ ഉള്ളോ അതോ എന്നും കൊടുക്കുവോ?

വന്നു ബുദ്ധിമുട്ടണമെന്നില്ല..ലിങ്ക്‌ തന്നാ മതി. അവിടെയെത്തിച്ചേക്കാം.

വലിയ ഉപകാരം!

Thursday, February 19, 2009

ബൂലോക സൌഹൃദങ്ങളുടെ ഊഷ്മളത

ബൂലോകത്തെ വളരെ കാര്യമായി വീക്ഷിക്കുന്ന, എന്നാല്‍ അതില്‍ അത്ര സജീവമല്ലാത്ത എന്നെ, വളരെയധികം അമ്പരിപ്പിച്ച ഒരു സംരംഭമായി മാറിയിരിക്കുകയാണ്‌ യു.എ.ഇ-യില്‍ ഇന്നു നടക്കുന്ന ബ്ലോഗ്‌ മീറ്റ്‌. [ഇപ്പോ അതു നടന്നുകൊണ്ടിരിക്കുകയായിരിക്കും, ഭാവുകങ്ങള്‍!].


ജാതി, മതം, രാഷ്ട്രീയ നിലപാടുകള്‍, സാമ്പത്തിക നിലവാരം എന്നിങ്ങനെ സമാനഗതിക്കാരെ നിര്‍ണ്ണയിക്കാന്‍ സാധാരണ മലയാളികള്‍ ഉപയോഗിക്കാറുള്ള അളവുകോലുകളെല്ലാം മാറ്റിവെച്ചിട്ടു, മലയാളം എന്ന ഒരു പൊതുസ്വഭാവത്തില്‍ അടിയുറച്ച, അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സൌഹൃദസംഘത്തെയാണ്‌ എനിക്കു നിങ്ങളില്‍ കാണാന്‍ സാധിക്കുന്നത്‌.

ഈ മാസം 16-ന്‌ ഒരു വ്യക്തിയില്‍ നിന്നും ഉയര്‍ന്ന "ഒന്നു മീറ്റാം" എന്ന ആശയം , അന്നു തന്നെ നിങ്ങള്‍ ഏറ്റെക്കുന്നതും വെറും മൂന്നേ മൂന്നു ദിവസം കൊണ്ടത്‌ യാഥാര്‍ത്ഥ്യമാക്കുനതും കാണുമ്പോള്‍ ഒന്നേ പറയാനുള്ളൂ...

"സമ്മയിക്കണം... സമ്മയിക്കണം ചങ്ങായീ..!"


വിശാലമനസ്കനെയും ബെര്‍ലിയേയും ജി.മനുവിനെയും പോലെയൊക്കെയുള്ള പ്രതിഭാധനരെ വെളിച്ചത്തുകൊണ്ടുവരാന്‍ ബ്ലോഗിനു സാധിച്ചു എന്നതു പോലെ തന്നെ നാം അംഗീകരിക്കേണ്ട മറ്റൊരു ബ്ലോഗ്‌ സംഭാവന , സഹൃദയരായ കുറച്ച്പേരെ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കതീതമായി ഒരുമിച്ചു കൊന്ടുവരാന്‍ സാധിച്ചു എന്നതാണ്‌.

ബെംഗളുരു നിവാസികളേ,

നമുക്കും ഒന്നു സംഘടിച്ചൂടേ? വിരലില്‍ എണ്ണാവുന്ന പരിചയക്കാരെ എനിക്കുള്ളൂ. ഇവിടെ ബ്ലോഗ്‌ സൌഹൃദങ്ങള്‍ നിലനിര്‍ത്തുന്ന എല്ലാവരും കഴിയുമെങ്കില്‍ ഇതിനായി മുന്നിട്ടിറങ്ങണം എന്നപേക്ഷിക്കുന്നു. ചുമ്മാ, നിങ്ങളെയൊക്കെയൊന്നു കാണാന്‍.

Friday, February 13, 2009

ബാക്കിയെല്ലാവര്‍ക്കും ഹാപ്പി വാലെന്റൈന്സ്‌ ഡേ!

ആറു വര്‍ഷങ്ങള്ക്കു മുമ്പു തുലാമഴ ചാറി തുടങ്ങിയ ഒരു സായംകാലത്ത്, പെട്ടെന്നു ജീവിതത്തിലേയ്ക്കു കടന്നു വന്ന ഒരു മുഖം......

വീണ്ടും കുറച്ചു മാസങ്ങള്‍ക്കു ശേഷം , ജീവിതം മുഴുവനായി ഒരു പറിച്ചുനടലിനൊരുങ്ങിയ വേളയില്‍ "പോകുവാണല്ലേ.." എന്ന ചോദ്യമായി കടന്നു വന്ന സ്വരം.......


ആ മുഖത്തു എനിക്കിന്നെ കാണാം.....

ആ സ്വരത്തില്‍ എനിക്കെന്നെ കേള്‍ക്കാം.....


[ഗ്യാസ്‌ തീര്‍ന്നു, അതു കൊണ്ടു രണ്ടു വരി കടമെടുക്കുന്നു]

' ..എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ...

എന്റെ സ്വപ്നങ്ങള്‍തന്‍ വര്‍ണ്ണങ്ങളാണു നീ..'

നമുക്കെന്തിനു കുത്തകഭീമന്‍മാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു പ്രണയദിനം അല്ലെ?

ബാക്കിയെല്ലാവര്‍ക്കും ഹാപ്പി വാലെന്റൈന്സ്‌ ഡേ!

Wednesday, February 4, 2009

മംഗളം നേരുന്നു ഞാന്‍....

പുന്നമടകായലില്‍ വീണ ചന്ദനക്കിണ്ണത്തിനെ കോരിയെടുത്തു, വേമ്പനാട്ടു കായലില്‍ ചുറ്റിയടിക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു പണ്ട്‌ ....

സാരമില്ല , ഞാന്‍ എല്ലാം മറന്നോളാം...[ഗദ്..ഗദ്]

"...പിന്നെയും ജന്‍മമുണ്ടെങ്കില്‍ [കാവ്യാ] മാധവ, യമുനാതീരത്തു കാണാം..".....

Thursday, January 15, 2009

ന്യായമായ സംശയം

കുമരകം വടക്കുംകര പള്ളി വക എല്‍പി.സ്കൂളിന്റെ ആനിവേഴ്സറി ഉദ്ഘാടനം ചെയ്യാന്‍, കഴിഞ്ഞ കൊല്ലം അവരു ക്ഷണിച്ചത്‌ എന്റെ പിതാമഹനെയായിരുന്നു.

ജോലി കിട്ടിയതിന്റെ മാത്രം പേരില്‍ ലീവെടുത്തു കറങ്ങി നടന്ന എന്നോടു, പ്രസ്തുത സമ്മേളനത്തില്‍ ഉദ്ഘാടകന്റെ ഡ്രൈവറായി പങ്കെടുക്കണമെന്നു ഉദ്ഘാടകന്‍ തന്നെ ഉത്തരവിട്ടു.

വൈകുന്നേരം കൃത്യ സമയത്തു തന്നെ പുള്ളിയെ സ്ഥലത്തെത്തിച്ചു സദസ്സിന്റെ പിന്‍നിരയില്‍ ഞാനും സ്ഥാനം പിടിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ അപ്പന്‍ പറഞ്ഞത്‌ ഒരു കഥയായിരുന്നു.

നിത്യ ശത്രുക്കളായിരുന്ന കുറുക്കന്റെയും മുയലിന്റെയും കഥ. ഓരോ തവണയും കുറുക്കനെ വെട്ടിച്ചു രക്ഷപെട്ടിരുന്ന മുയല്‍ ഒരിക്കല്‍ കുറുക്കന്റെ കയ്യില്‍ പെട്ടു.മരണം ഉറപ്പായ മുയല്‍ കുറുക്കനോടു അഞ്ചു മിനിറ്റ് സമയം ചോദിച്ചു. അവന്സാനമായി പ്രാര്‍ത്ഥിക്കാനായിരിക്കും എന്നു കരുതി സമയം അനുവദിച്ച കുറുക്കനെ അമ്പരിപ്പിച്ചുകൊണ്ട്‌ ആ മുയല്‍ ചുറ്റുവട്ടത്തെ മണ്ണു മുഴുവന്‍ ഇളക്കിമറിക്കാന്‍ തുടങ്ങി. അഞ്ചു മിനിറ്റു കൊണ്ട്‌ അവിടെമാകെ ഉഴുതുമറിച്ചിട്ടു മുയല്‍ കുറുക്കനോടു "ഇനി താന്‍ എന്നെ തട്ടിക്കോ" എന്നു പറഞ്ഞു.

കുറുക്കന്‍ ആശയക്കുഴപ്പത്തിലായി. മുയല്‍ കാണിച്ചു വെച്ചതിന്റെ ഗുട്ടന്‍സ്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒടുവില്‍ അവന്‍ മുയലിനോടു തന്നെ ചോദിച്ചു.

അപ്പോള്‍ മുയലിന്റെ ഉത്തരം ഇങ്ങനെ:

" താന്‍ എന്നെ ഇവിടെ വെച്ചു തന്നെ കൊല്ലും. നാളെ എന്റെ അവശിഷ്ടങ്ങള്‍ ഇവിടെകാണുന്ന എല്ലാവര്‍ക്കും മനസ്സിലാകും താനാണിതു ചെയ്തതെന്നും.പക്ഷേ ഞാന്‍ വെറുതേ അങ്ങു മരിച്ചില്ല എന്നും, താനുമായി ഒരു നീണ്ട മല്‍പ്പിടുത്തത്തിനു ശേഷമാണ്‌ ഞാന്‍ വീരമൃത്യു വരിച്ചതെന്നും ഈ പറമ്പു കാണുമ്പോ അവരു വിചാരിച്ചോളും".

മേല്‍പ്പറഞ്ഞ കഥ വളരെ രസകരമായി തന്നെ പറഞ്ഞവസാനിപ്പിച്ചിട്ടു്‌ , കുട്ടികളില്‍ ഇതേ ഉല്‍സാഹമാണ്‌ വേണ്ടതെന്നും തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യണമെന്നുമൊക്കെ അപ്പന്‍ ആ പിള്ളേരെ ഗുണദോഷിച്ചു.

കുറച്ചു ആശംസാപ്രസംഗങ്ങളും ചില്ലറ കലാപരിപ്പാടികളുമുണ്ടായിരുന്നു.

ചടങ്ങെല്ലാം കഴിഞ്ഞു കാറിലേയ്ക്കു കേറാന്‍ അപ്പന്‍ നടന്നടുക്കുമ്പോ പുറകേ ഒരു പയ്യന്സ്‌ ഓടി വന്നു. ഞാനും ഇതു കണ്ടുകൊണ്ടിരിക്കുകയാണ്‌.

അടുത്തെത്തി ഒന്നു ശങ്കിച്ചിട്ടു അവനൊരു ചോദ്യം.

" എന്നിട്ടു കുറുക്കന്‍ മുയലിനെ കൊന്നോ സാറേ?.."....

അപ്പനു പെട്ടന്നു കാര്യം പിടികിട്ടിയില്ല.

അവന്റെ മുഖത്തെ പരിഭ്രമമൊക്കെ കണ്ടപ്പോ എനിക്കങ്ങു പാവം തോന്നി. ഞാന്‍ ചാടിക്കയറി " ഇല്ലടാ, ആ ഉത്തരം കേട്ടപ്പോ കുറുക്കന്‍ മുയലിനെ വെറുതേ വിട്ടു. പിന്നെ അവരു സുഖമായിട്ടു ജീവിച്ചു.." എന്നു പറഞ്ഞു.

അവന്റെ മുഖം നിന്നനിപ്പില്‍ അങ്ങു തെളിഞ്ഞു.

മനോഹരമായ ഒരു ചിരി കൂടി സമ്മാനിച്ചിട്ടു്‌ അവന്‍ അകത്തേക്കോടി.

(തുടരില്ല)

Sunday, January 4, 2009

ഒരു പടം..



"ആകാശച്ചെരുവില്‍ ആരോ..പുലരിക്കിണ്ണം തട്ടിമറിച്ചു.."

കെമ്മനഗുണ്ടിക്കു പോകുന്ന വഴി ക്യാമറാ കറക്കിയടിച്ചപ്പോ ഇങ്ങനെ ചിലതൊക്കെ പതിഞ്ഞു.