മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, December 6, 2007

തേങ്ങാ ബ്ളോഗ് : അഥവാ തേങ്ങായ്ക്കു വേണ്ടിയുള്ള ബ്ളോഗ്!

ഇവിടെ അങ്കം തുടങ്ങിയിട്ടു കുറച്ചു നാളായി... " കൊള്ളാം", " നന്നായി".. എന്നൊക്കെ കമന്റ്സ് വന്നെങ്കിലും ഇതുവരെ ആരും എനിക്കൊരു തേങ്ങയടിച്ചില്ല.

ആ വിഷമത്തില്, അല്ലെങ്കില്‍ നിരാശയില്, അല്ലെങ്കിലാ സങ്കടത്തില്, ഞാനെന്റെ വീടു വരെ ഒന്നു പൂവാണു.

രണ്ടേക്കറു തെങ്ങുംപറമ്പൊണ്ട് എന്റെയപ്പനു. ഒരു ചാക്ക് തേങ്ങായുംകൊണ്ട് വന്നു ഞാനിവിടെ തച്ചിനിരുന്നു എറിഞ്ഞ്പൊട്ടിയ്ക്കും.

ഹല്ലേ! ഇച്ചിരി ദെണ്ണമുണ്ടടാ ഊവ്വേ!

Monday, December 3, 2007

വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം : 3

വേദി മുമ്പു പറഞ്ഞ ദേവീ വിലാസം തന്നെ. അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. കഥയും പുതുപുത്തന്‍. കാലികപ്രധാനം. ആശയസമ്പുഷ്ടം.

മന്ദബുദ്ധിയായ കേശവന്‍നായരുടെ മകന്‍ ഉണ്ണിക്കുട്ടന്‍, ക്ഷമിക്കണം, കേശവന്‍നായരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിക്കുട്ടന്‍. അവനെ എന്നും ബാക്കികുട്ടികള്‍ കളിയാക്കുന്നു. പിന്നെ കുറേ സെന്റി. അവസാനം എല്ലാരും അവനെ സ്നേഹിക്കുന്നു. സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്! അതാണു കഥ!

ഉണ്ണിക്കുട്ടന്‍ ആളൊരു മൊട്ടയാണു. അതുകൊണ്ടു മന്ദബുദ്ധിയായി അഭിനയിച്ച സുമേഷിന്റെ തലയില്‍ , ഗോതമ്പു മാവു കുഴച്ചു പരത്തി[ ചപ്പാത്തി പരുവം] ഒട്ടിച്ചതു കുട്ടുവിന്റെ ബുദ്ധിയായിരുന്നു. നാടകം സമാരംഭിച്ചു.

കൂട്ടുകാരുടെ സമീപനത്തില്‍ മനംനൊന്തു ഉണ്ണിക്കുട്ടന്‍ കരഞ്ഞുകൊണ്ടു , കേശവന്‍ നായരുടെ അടുത്തേയ്ക്കു വന്നു. മകന്റെ ദുഃഖത്തില്‍ മനംനൊന്തുകൊണ്ടു പുള്ളി ഉണ്ണികുട്ടന്റെ തലയില്‍ പതിയെ തലോടി. തലോടല്‍ പകുതിവഴി ആയപ്പൊ ‘അച്ഛന്‍’ ബിനുവിനു കാര്യം പ്രശ്നമായെന്നു മനസ്സിലായി. ചപ്പാതിയുടെ പകുതി കയ്യില്‍ ഒട്ടിപിടിച്ചിരിക്കുന്നു. കൈ എടുത്താല്‍ അതിങ്ങു പോരും.

അവിടുന്നങ്ങോട്ടു ആ കൈ, ആ തലയില്‍ തന്നെയിരുന്നു. തടവല്‍ കഴിഞ്ഞാല്‍, ഉണ്ണികുട്ടന്‍ അച്ഛന്റെ കൈ തട്ടി മാറ്റി, “ ഇല്ലത്താ.. അവക്കൊന്നും എന്നെ ഇസ്ട്ടില്ലാ” എന്നു പറയണ്ടതാണു[ വിത്ത് കൊഞ്ഞ]. പക്ഷേ മൂവു ചെയ്യാന്‍ തുടങ്ങിയ ഉണ്ണികുട്ടനെ അപ്പന്‍ വട്ടം പിടിച്ചു. “ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല” എന്നൊരു ഡയലോഗും.

കളിക്കുമ്പോള്‍ വീണു പരിക്കേറ്റ ആരെയോ ഉണ്ണികുട്ടന്‍ രക്ഷിക്കുന്നതും, അങ്ങനെ എല്ലാവര്‍ക്കും അവനോടു സ്നേഹമാകുന്നതുമൊക്കെയാരുന്നു കഥ. പക്ഷേ, അതിനു അവന്റെ അപ്പന്‍ സമ്മതിക്കണ്ടേ? മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടു ഞങ്ങളെല്ലാം അങ്ങോട്ടു കേറി ചെന്നു “ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” എന്നൊക്കെ പറഞ്ഞു സംഗതി പര്യവസാനിപ്പിച്ചു!

അനുബന്ധം:

[വേദിയില്‍]
നിരാശാ കാമുകന്‍ പഴയ കാമുകിയോടു : “പ്രിയേ, എനിക്കു നീറി നീറി ചാണകം”
കാമുകി : “ അങ്ങു ഇവിടുന്നു പോണകം”

Friday, November 30, 2007

വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം :2

വര്‍ഷങ്ങള്‍ പലതു പുറകോട്ടു വരണം. നഴ്സറിയില്‍ പഠിക്കുന്ന കാലം. നഴ്സറിയുടെ വാര്‍ഷികത്തിനു നാടകം. ഒരു വി.എം.വിനു മോഡല്‍ കഥയായിരുന്നിരിക്കണം. അപ്പനും, അമ്മയും , രണ്ടാണ്‍മക്കളുമൊക്കെയായിട്ടുള്ള ഒരു കുടുംബകഥ.തലയെടുപ്പും പക്വതയുമൊക്കെ കണ്‍സിടര്‍ ചെയ്തു ഞാന്‍ മൂത്ത മകന്‍.


നാടകത്തില്‍ ഞാനാരെയോ ഫോണ്‍ ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഇതിനോളം സന്തോഷം വേറെയില്ല. സ്വന്തം വീട്ടില്‍ പോയിട്ടു, അയല്‍വക്കത്തു പോലും ഒരു ഫോണില്ല. ഉള്ളതു പറയാല്ലോ, ആ സമയത്ത് ഞാനൊരു ഫോണിലൊന്നു തൊട്ടിട്ടുപോലുമില്ലായിരുന്നു. എന്റെ അനിയനായി അഭിനയിക്കുന്ന ചുള്ളന്റെ അപ്പനു ടെലിഫോണ്‍സിലായിരുന്നു ജോലി. അങ്ങനെ ഫോണ്‍ കൊണ്ടു വരാമെന്നവനേറ്റു. ഓരോ ദിവസവും പ്രാക്റ്റീസിനു ചെല്ലുമ്പൊ ലവന്‍ പറയും നാളെ കൊണ്ടുവരാമെന്നു. അങ്ങനെ ഇല്ലാത്ത ഫോണില്‍ നമ്പര്‍ കറക്കി ഞാന്‍ പലതവണ പ്രാക്റ്റീസു ചെയ്തു.


അങ്ങനെ കാത്തുകാത്തിരുന്ന ആ ദിനം വന്നെത്തി. ഫോണും കൊണ്ടു അവന്‍ എത്തിയപ്പോളാണു എനിക്കാദ്യമായി അവനോടൊരു സഹോദരസ്നേഹമൊക്കെ തോന്നിയതു. പക്ഷേ അപ്പോളേയ്ക്കും അവന്റെ നിറം മാറി. അവസാന പ്രാക്റ്റീസിനു മാത്രമാണു അവന്‍ ഫോണൊന്നു പുറത്തെടുത്തതു. അതു കഴിഞ്ഞു ഒന്നു ശരിയ്ക്കു പെരുമാറാമെന്നു വെച്ചപ്പൊ പുള്ളി അടുപ്പിക്കുന്നില്ല. “ ഇനി നാടകത്തിനേ എടുക്കൂ” എന്നൊറ്റ വാശി. ഒടേക്കാരന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടോ!.


നാടകം തുടങ്ങി, ഫോണ്‍വിളിയോടടുത്തപ്പോളാണു എന്റെ മുട്ടന്‍ തല പ്രവര്‍ത്തിച്ചതു. ഫോണ്‍ എടുത്തു മൂന്നു നമ്പര്‍ കറക്കിയാല്‍, പിന്നണിയില്‍ നിന്നു “ട്റ്ണീം” മണിയും പുറകേ സംഭാഷണവും- അതാണു പ്രാക്റ്റീസു ചെയ്ത സീക്വന്‍സ്. പക്ഷേ, കിട്ടിയ ചാന്‍സു കളയാന്‍ എനിക്കു മനസ്സു വന്നില്ല. മൂന്നിനു പകരം ഞാനൊരു 10-12 നമ്പറങ്ങു കറക്കി. മണിയടിയും, സംസാരവുമൊക്കെ അതിന്റെ വഴിക്കു നടന്നു. ഞാനെന്റെ വഴിക്കും!

Thursday, November 29, 2007

വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം:1

ദേവി വിലാസം ഹൈസ്കൂളിലെ ഒരു യുവജനോല്‍സവകാലം. ഞങ്ങളുടെ നാടകം നടക്കുന്നു. കഥ ‘ ധര്‍മ്മരാജാ!!!!!!!’[ സിംബല്‍!].


നാടകം പകുതി പിന്നിട്ടു കഴിഞ്ഞു. വില്ലന്‍മാര്‍ ഒത്തുകൂടി ധര്‍മ്മരാജയുടെ വീടു കൊള്ളയടിക്കുന്ന കാര്യം ആലോചിക്കുകയാണു. നിയമപരമായി പറഞ്ഞാല്‍ കുറ്റകരമായ ഗൂഢാലോചന. ആലോചന മുറുകി വരുമ്പോള്‍ ആണ്ടെടാ, സാക്ഷാല്‍ ധര്‍മ്മരാജ കയറി വരുന്നു!. വില്ലന്‍മാരെല്ലാം ഒന്നു പരുങ്ങി. നായകന്‍ നില്‍ക്കുമ്പോള്‍ എങ്ങനാ ഇതൊക്കെ ആലോചിക്കുന്നതു? പുള്ളിക്കെന്തോ തോന്നും? ആകെ കണ്‍ഫ്യൂഷന്‍!


സംഗതി ഇതാണു. ധര്‍മ്മനായി അഭിനയിക്കുന്ന സൈലേഷിനു അല്പ്പം ടൈമിങ്ങു തെറ്റി. കൊള്ള നടക്കുമ്പോള്‍ പാഞ്ഞെത്തി അവരെ നേരിടേണ്ട പുള്ളിക്കാരന്‍ അല്‍പ്പം നേരത്തേ ഇങ്ങു കേറി പോന്നു. അവനും പറ്റിയ അമളി മനസ്സിലായി. പക്ഷേ, ഇരുത്തം വന്ന നടനായതുകൊണ്ടു, രണ്ടു ചാലു നടന്നിട്ടു വില്ലന്‍മാരിലൊരാളോടു, സഗൌരവം : “ എന്താടോ ഇവിടെയൊരു കൊള്ളയൊക്കെ പോലെ? മര്യാദക്കു നടന്നോണം. കേട്ടോ?..വെറുതേ എനിക്കു പണിയുണ്ടാക്കരുതു..”. പിന്നെ ആ സ്റ്റേജിലെ മുഴുവന്‍ ശ്വാസവും അകത്തോട്ടെടുത്തു അങ്ങു നടന്നു പോയി.

ശ്ശേഷം നാടകം സ്ക്രിപ്റ്റ് പോലെ തന്നെ.

Tuesday, November 27, 2007

കൂട്ട കുമ്പസാരം

തലയില്‍ ആനാംവെള്ളം വീണു കത്തോലിക്കനായി കഴിഞ്ഞാല്‍പിന്നെ ഞങ്ങള്‍ക്കുള്ള ഒരു പ്രധാന ചടങ്ങാണു ആദ്യകുര്‍ബ്ബാന സ്വീകരണം. വി: കുര്‍ബ്ബാനയ്ക്കിടെ, അച്ചന്‍ തരുന്ന തിരുശരീര രക്തങ്ങള്‍ ആദ്യമായി കൈക്കൊള്ളുന്ന മഹനീയ ദിനം. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി പോലെ എല്ലാവരും ഇതൊരാഘോഷമാക്കാറുണ്ടു.ഇതിനു മുമ്പായി ഒരു നീണ്ട കോച്ചിങ്ങു ക്ളാസ്സില്‍ സംബന്ധിക്കണം എന്നാണു അതിന്റെയൊരു രീതി. ബഹുമാനപ്പെട്ട കന്യാസ്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ സംരംഭത്തിലാണു, നമ്മളെ നല്ല എണ്ണം പറഞ്ഞ കത്തോലിക്കരാക്കിയെടുക്കുന്നത്. കാണാതെ പഠിക്കാനുള്ള കുറേ പ്രാര്‍ത്ഥനകളൊഴിച്ചാല്‍ സംഗതി ബഹു രസവുമാണു.



’94-ലാണു ഞാന്‍ ആദ്യ കുര്‍ബാന സ്വീകരിച്ചതു. പ്രായം കൊണ്ടു നല്ല സീനിയറായിരുന്ന സി: ലിസാ ആയിരുന്നു ഞങ്ങളെ ഒരുക്കാന്‍ നിയോഗിക്കപ്പെട്ടതു. എന്നും രാവിലെ പള്ളി പിരിഞ്ഞാല്‍ , പള്ളി വക എല്‍.പി.സ്കൂളില്‍ പരിശീലനം. അര മണിക്കൂര്‍ ക്ളാസ്സ്, ഒരു മണിക്കൂര്‍ കളി, വീണ്ടും അര മണിക്കൂര്‍ ക്ളാസ്സ് എന്നതാണു അജണ്ട. ആദ്യത്തെ സെക്ഷന്‍ ഒന്നു തള്ളി നീക്കി കിട്ടിയാല്‍ പിന്നെ കബഡി കളിയാണു. എല്ലം തരപ്പടിക്കാരായതുകൊണ്ടു വലിയ ഭീഷണിയൊന്നും ഇല്ലാതെ കളിക്കാമല്ലോ എന്നുള്ളതു കൊണ്ടു മാത്രം ഞാനും ഇറങ്ങി അര്‍മാദിക്കാറുമുണ്ടായിരുന്നു.


ആദ്യകുര്‍ബ്ബാന സ്വീകരിയ്ക്കുന്നവനു ധാരാളം സമ്മാനങ്ങള്‍ കിട്ടാന്‍ വകുപ്പുണ്ടു. മെയ് 14 അടുക്കുന്തോറും ഞാനും പ്ളാനിട്ടു കളിക്കാന്‍ തുടങ്ങി. വളരെ അടുത്ത സ്വന്തക്കാരാരെങ്കിലും തിണ്ണയില്‍ ഇരിക്കുമ്പോള്‍ ഞാനുറക്കെ അമ്മയോടു ചോദിക്കും : “ അമ്മേ, ഒരു ഷട്ടില്‍ ബാറ്റ് മേടിച്ചു തരാന്‍ പറഞ്ഞിട്ടു നാളെത്രയായി?..”. പുറത്തിരിയ്ക്കുന്നയാള്‍ക്കു അതൊരു സൂചനയാണു. അങ്ങനെ കുറേ സമ്മാനങ്ങള്‍ ഞാന്‍ മാനിപ്പുലേറ്റ് ചെയ്തു.


ഒരുക്കങ്ങള്‍ അവസാനയാഴ്ചയിലേയ്ക്കു കടന്നു. പ്രാര്‍ത്ഥനകളെല്ലാം പഠിച്ചുകഴിഞ്ഞുവെന്നു ഞങ്ങള്‍ സിസ്റ്ററിനെ വിശ്വസിപ്പിച്ചു. ഇനി മിച്ചമുള്ളതു പാപം, കുമ്പസാരം എന്നീ ടോപ്പിക്കുകളും, കുമ്പസാരം [പ്രാക്ടിക്കല്]ഉമാണു. പത്തു കല്‍പ്പനകള്‍ ഓരോന്നായി ലിസാമ്മ വിശദീകരിച്ചു തരുമ്പോല്‍ നമ്മള്‍ മനസ്സില്‍ കണ്ടു പിടിക്കണം ഏതൊക്കെയാണു നമുക്കു ബാധകമെന്നു. ഇതാണു മോഡസ് ഓപ്പറാണ്ടി. പിന്നെ, ഞങ്ങള്‍ മറന്നു പോയെങ്കിലോ എന്നോര്‍ത്തു അതൊരു പേപ്പറിലെഴുതിവെച്ചോ എന്നും സിസ്റ്റര്‍ പറഞ്ഞു. ക്രോസ്സു വിസ്താരം തുടങ്ങി.


“ നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടായിരിക്കരുതു”…ക്ളാസ്സില്‍ പരിപൂര്‍ണ്ണ നിശബ്ദത.. പെട്ടന്നു, പെണ്‍കുട്ടികളുടെ അനിഷേദ്യ നേതാവായിരുന്ന ഒരു ക്ടാവു പേപ്പറിലെന്തോ കുത്തിക്കുറിക്കുന്നു. പിന്നെ ആരുമൊന്നും നോക്കിയില്ല. ഒന്നാം പ്രമാണത്തില്‍ എല്ലാരും പ്രതികള്‍. സംഗതി എന്താണെന്നു പിടികിട്ടാത്തെ ഞാനും ഡെന്നീസും മുഖത്തോടു മുഖം നോക്കി. പിന്നെ ഞങ്ങളും അവരുടെ കൂടെ കൂടി. ആദ്യ നാലു പ്രമാണങ്ങളും വലിയ കുഴപ്പമില്ലാത്തവയാണു. അടുത്തതു “ മോഷ്ടിക്കരുതു” എന്നാണു. അതു എന്തായാലും ഞാനെഴുതുന്നില്ല എന്നു ഞാന്‍ പറഞ്ഞു. [ശ്രദ്ധിക്കുക: എഴുതുന്നില്ല എന്നാണു ഞാന്‍ പറഞ്ഞതു, മോഷ്ടിച്ചിട്ടില്ല എന്നല്ല]. ആ നമ്പരും എഴുതാന്‍ ആള്‍ക്കാരുണ്ടായിരുന്നു. ആറാം പ്രമാണം “ വ്യഭിചാരം ചെയ്യരുതു” …. വീണ്ടും തലകള്‍ താഴുന്നു…ഉയരുന്നു. എന്തിനു അധികം പറയണം, “ അന്യന്റെ ഭാര്യയെ മോഹിക്കരുതു” എന്ന പ്രമാണത്തിനും ഒരു വിധം റെസ്പോണ്‍സുണ്ടായിരുന്നു.

കോടതി പിരിഞ്ഞപ്പോള്‍, കേസു ഷീറ്റ് ഞങ്ങളൊന്നു അവലോകനം ചെയ്തു. എനിക്കു വെറും നാലെണ്ണം! ലജ്ജാവഹം! പത്തില്‍ പത്തുമടിച്ചെന്നു അഹങ്കാരം പറഞ്ഞവനെ, “നീ രണ്ടെണ്ണം ഇപ്പൊ എഴുതിചേര്‍ത്തതല്ലേ” എന്നു പറഞ്ഞു ആരോ കളിയാക്കുന്നുണ്ടായിരുന്നു. എന്തായാലും, പിറ്റേന്നു കുമ്പസാരിപ്പിക്കാന്‍ വികാരി വന്നു. ആദ്യത്തെ ആളുടേതു കഴിഞ്ഞപ്പൊ തന്നെ പുള്ളിക്കു എന്തോ ഒരു പന്തികേടു മണത്തു. രണ്ടു പേരു കൂടി കഴിഞ്ഞപ്പോള്‍ പുള്ളി പരുപാടി താല്‍ക്കാലികമായി നിറുത്തി വെച്ചു കൂട്ടില്‍ നിന്നും പുറത്തു ചാടി[ കൂടെന്നു പറഞ്ഞാല്‍, കുമ്പസാരകൂടു]. പ്രശ്നമിതാണു, കുമ്പസാരിച്ച ചെക്കന്‍മാരെല്ലാം കുറെ അക്കങ്ങളാണു പറയുന്നതു. അതിന്റെ പിറകിലുള്ള ഫണ്ടാ പുള്ളിയ്ക്കു മനസ്സിലാകുന്നില്ല! സവാരിഗിരിഗിരി!


പറഞ്ഞു വന്നപ്പോള്‍ കാര്യം വ്യക്തമായി. തലേന്നു നടന്ന പൊതു വിചാരണയില്‍ പുള്ളകളെല്ലാം എഴുതിയെടുത്തതു പ്രമാണങ്ങളുടെ നമ്പരുകളാണു. അതങ്ങു പറഞ്ഞേക്കണം എന്നാണു എല്ലാരും മനസ്സിലാക്കിയതു. ഇനി എല്ലാം ആദ്യം മുതല്‍ ഡീക്കോഡ് ചെയ്തെടുക്കന്‍ കുറേ സമയം പിടിയ്ക്കും എന്നു വികാരമില്ലാത്ത വികാരിയ്ക്കും, പാപവിചാരത്തോടെ നില്‍ക്കുന്ന ഞങ്ങള്‍ക്കും മനസ്സിലായി. ‘മൃത്യുഞ്ജയന്‍’ എന്നു പേരു പറഞ്ഞ രോഗിയോടു ‘ സാബു’ എന്നങ്ങെഴുതും ‘ എന്നു പറഞ്ഞ കമ്പോണ്ടറെപ്പോലെ അച്കന്‍ പറഞ്ഞു. “ എല്ലാരും നിരന്നു നിന്നു പാപങ്ങളൊക്കെ മനസ്സിലോര്‍ത്തോ, ഞന്‍ എല്ലാര്‍ക്കും വേണ്ടി ഒരുമിച്ചങ്ങു പ്രാര്‍ത്ഥിക്കാം”.


പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എല്ലാരുംകൂടി നിരന്നു നിന്നപ്പോള്‍, അച്ചന്‍ ഒരു ചെറിയ പ്രാര്‍ത്ഥനയൊക്കെ ചൊല്ലി അങ്ങു ആശീര്‍വദിച്ചു വിട്ടു. പോകാന്‍ നേരം സിസ്റ്ററോടു ഇങ്ങേയൊരു ഡയലോഗും: “ കൊച്ചു പിള്ളേരല്ലേ, ഇവരൊക്കെ എന്നാ പാപം ചെയ്യാനാ!”

Monday, November 19, 2007

ഈ അനുഭവങ്ങള്‍, 'മ്മടെ മാത്തുകുട്ടിച്ചായനു...

ഇന്നു മനോരമയില്‍ 'അനുഭവം' പംക്തി കണ്ടപ്പോള്‍ കുറച്ചു പഴയ രണ്ടു കഥകള്‍ ഓര്‍ത്തു പോയി. 'രോഗി ശര്‍ദ്ദിച്ചതും പാല്,വൈദ്യന്‍ ശര്‍ദ്ദിച്ചതും പാല്' എന്നു പറഞ്ഞതു പോലെ, വല്ലഭനു പുല്ലും പോസ്റ്റ്!!

നല്ല കള്ളന്‍
=========
ജോലിക്കാരനായി ബെംഗളുരുവില്‍, താമസമാക്കിയ കാലം. കോറമംഗലയിലെ വാടകവീട്ടില്‍, ഒരു ഞായറാഴ്ച്ച വൈകിട്ടു, ബലവാന്‍ ബിയറിന്റെ ക്ഷീണത്തില്‍ ഞാന്‍ കട്ടിലിലേയ്ക്കു ചെരിയുമ്പോള്‍ തോമാ ഫോണില്‍ കൊഞ്ചിക്കൊണ്ട് പുറത്തേയ്ക്കിറങ്ങുന്നതു ഞാന്‍ കണ്ടതാണു. രാവിലെ എഴുന്നേറ്റ് വന്നപ്പോ എന്റെ മൊബൈല്‍ കാണാനില്ല. വീട് അരിച്ചുപെറുക്കി നോക്കിയിട്ടും കിം!നഹിം!. അപ്പോ അറിയുന്നു, വേറൊരു ഹതഭാഗ്യനുംകൂടിയുണ്ടെന്നു. ഇതിനിടയ്ക്കു വേറൊരു കാര്യം ശ്രദ്ധിച്ചു. വീടിന്റെ മുന്‍വാതില്‍ ചാരിയിട്ടേയുള്ളൂ,കുറ്റിയിട്ടിട്ടില്ല. അതിന്റെ കാര്യകാരണങ്ങള്‍ ചര്‍ച്ചിച്ചുകൊണ്ടിരുന്നപ്പോളാണു ഞങ്ങള്‍ അതു കണ്ടതു; വാതിലിനോടു ചേര്‍ന്ന ജനല്‍പടിയില്‍ മൂന്നു സിം കാര്‍ഡുകള്‍ ഇരിയ്ക്കുന്നു!

കാര്യങ്ങള്‍ പതിയെ വ്യക്തമാകാന്‍ തുടങ്ങി. പഞ്ചാര സര്‍വ്വീസ് കഴിഞ്ഞു തോമാ അകത്തു കയറിയിട്ടു വാതില്‍ കുറ്റിയിട്ടില്ല. വഴിയേ പോയ ഏതോ ഒരു പാവപെട്ടവന്‍ അകത്തു കയറി ഒന്നു ചെറുതായി മിനക്കെട്ടിട്ടു പോയി. അത്ര തന്നെ! ചമ്മിയ മുഖത്തോടെ തോമാ 'സോറി ഡാ' പറഞ്ഞു കൊണ്ടും, ഞങ്ങള്‍ 'സാരില്ലടാ' പറഞ്ഞു കൊണ്ടും, മനസ്സില്‍ അവന്റപ്പനു പറഞ്ഞ്കൊണ്ടും ഇരിക്കുന്ന ആ അവസരത്തിലാണ്‌, അല്ലെങ്കില്‌ ആ വേളയിലാണ്‌, അല്ലെങ്കില്‌ ആ സന്ദര്‍ഭത്തിലാണ്‌ എനിയ്ക്കൊരു കാര്യം കത്തിയതു. "അളിയാ രണ്ടു മൊബൈല്‍ അല്ലേ പോയതു? അപ്പോ ഈ മൂന്നാമത്തെ സിംകാര്‍ഡ് ആരുടേതു?"... ഹല്ലേലൂയ്യ! ദൈവത്തിനു സ്തുതി! അതു തോമായുടേതു ആയിരുന്നു! [ നിനക്കങ്ങനെ തന്നെ വേണം!]

മേശപ്പുറത്തു ഇട്ടിരുന്ന പേഴ്സുകള്‍ പരിശോധിച്ചപ്പോള്‍ വേറെയൊരു കാര്യം കൂടി തെളിഞ്ഞു, ആ 'കൊച്ചുകള്ളന്‍' നോട്ടുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ. ഐ.ഡി.കാര്‍ഡ്, എ.ടി.എം/ക്രെഡിറ്റ് കാര്‍ഡുകള്‍,ലൈസന്‍സ് തുടങ്ങിയവയെല്ലാം സുഭദ്രം. ചേട്ടന്‍ ഒന്നു മനസ്സു വെച്ചിരുന്നെങ്കില്‍, ഒരു രണ്ടാഴ്ച നിലത്തു നില്‍ക്കാതെ ഓടിനടക്കാനുള്ള വകുപ്പുണ്ടാക്കാമായിരുന്നു. കുടുംബത്തില്‍ പിറന്ന പാര്‍ട്ടിയായിരുന്നതു കൊണ്ടു ആ തൊന്തരവെല്ലാം കഴിക്കാതെ കഴിഞ്ഞു. [ദേവഗൌഡ ഫാമിലി ആയിരിക്കണം]

ഇന്നും , ആ മഹാനുഭാവനെപ്പറ്റി, ആ തസ്കരരത്നത്തെപ്പറ്റി ഓര്‍മ്മിക്കുമ്പോഴെല്ലാം ഞാന്‍ പറയാറുണ്ട് .." ശ്ശെ! എന്നാലും ഒരമ്പതു രൂപാ കൂടിയെങ്കിലും അന്നു പേഴ്സില്‍ വെയ്ക്കണ്ടതായിരുന്നു!"...


വിലപേശലിന്റെ പാരമ്യം
====================

പ്ളസ്സ് ടൂ കാലത്തെ വിനോദ-വിജ്ഞാന യാത്ര ഊട്ടിയിലേയ്ക്കായിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ഒരു വിധം ഒപ്പിച്ചെടുത്ത കുതിര ബ്രാണ്ട്‌ സിരകളില്‍ ഒളിപ്പിച്ചു ഊട്ടി തടാകത്തിനു ചുറ്റും കാഴ്ചകള്‍ കണ്ടു നടക്കുമ്പോഴാണു, അടുത്ത ക്ളാസ്സിലെ ജിമ്മനായ ദീപു ഒരു തൊപ്പിക്കച്ചവടക്കരനുമായി വില പേശുന്നതു കാണാന്‍ ഇടയായതു. വിശേഷം ഒക്കെ പറഞ്ഞ് വന്നപ്പൊള്‍ പുള്ളിയും മലയാളി. ശേഷം പ്രഥമ പുരുഷനില്‍....

ദീപു : ചേട്ടാ, ഒരു തൊപ്പിക്കെന്തു തരണം?

ചേട്ടന്‍: ഒരെണ്ണം പത്തു രൂപ.

ദീപു : [ ഒരു പാടു ആലോചിച്ച ശേഷം] രണ്ടെണ്ണം ഇരുപതു രൂപയ്ക്കു കൊടുക്കുവോ?

ചേട്ടന്‍: [ അതിലും കൂടുതല്‍ ആലോചിച്ചിട്ട്`] ഓ.. ഇല്ല… മുതലാവില്ല മോനേ…

ദീപു : ആ എന്നാ വേണ്ട, ചേട്ടന്റെ വില എനിക്കും മുതലാവില്ല.

ഇതില്‍ ചിരിക്കനെന്തിരിക്കുന്നു എന്നു അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ കുറേ സമയമെടുത്തു. ഷൂസു ധരിച്ചിരുന്നതുകൊണ്ടു , എണ്ണികൂട്ടിയപ്പോള്‍ കാലിലെ വിരലുകള്‍ ഉപയോഗിക്കാന്‍ പറ്റാതെയിരുന്നതാണു ഈ പ്രതിസന്ധിക്കു കാരണമെന്നു ഞങ്ങളെ പഠിപ്പിക്കാന്‍ അവനും.

അനുബന്ധം:

ഇതു രണ്ടും ഞാന്‍ ചിലപ്പോള്‍ മനോരമയ്ക്കു വിടാന്‍ സാദ്ധ്യതയുള്ളതു കൊണ്ടു ആരും കോപ്പിയടിക്കരുതു കേട്ടോ.

Wednesday, November 14, 2007

നവംബര്‍ 14

ജയ്!ജയ്! ചാച്ചാ നെഹൃ!
ജയ്!ജയ്! ശിശുദിന റാലി!
ജയ്!ജയ്! ശിശുദിനം!

ആയിരമായിരം റോസാ പൂക്കള്‍
ഒന്നിച്ചൊന്നായി വിരിയുന്പോള്‍
ആവേശത്താല്‍ ഞങ്ങള്‍ വിളിയ്ക്കും
ആമോദത്താല്‍ ഞങ്ങള്‍ വിളിയ്ക്കും
ജയ്!ജയ്! ശിശുദിനം!



[ വര്‍ഷങ്ങള്‍ക്കു മുന്പു, കോട്ടയം പട്ടണത്തിലൂടെ, ഇതൊക്കെ കൂക്കി വിളിച്ചു നടന്നിട്ടുണ്ടല്ലോ എന്നോര്‍ത്തപ്പൊ… ചുമ്മാ…..]

Tuesday, November 13, 2007

പുനര്‍ജന്മം

“ധീരന്‍മാര്‍ ഒരു വട്ടം മരിയ്ക്കുന്നു. ഭീരുക്കള്‍ പല വട്ടവും” എന്നു പണ്ട് ഷേക്സ്പിയര്‍ പറഞ്ഞിട്ടിണ്ടല്ലോ. ഇതു എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. വീരവനിതകളും ധീരശൂരപരാക്രമികളുമായ എന്റെ അമ്മയും [ മാഗി ടീച്ചര്‍] എന്റെ വല്ല്യമ്മയും [അമ്മു സാര്‍] ഉദാഹരണങ്ങള്‍.



എനിക്കു രണ്ടര- മൂന്നു വയസുള്ള കാലത്താണു അമ്മു സാര്‍ കിടപ്പിലാകുന്നത്. എല്‍.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ്സായി വിരമിച്ച ശേഷം പള്ളിയും, പശുവും അല്പ്പം പരദൂഷണവുമൊക്കെയായി വിശ്രമിക്കുന്ന കാലത്തു ഒരു ദിവസം പെട്ടന്നങ്ങു കുഴഞ്ഞുവീഴുകയായിരുന്നു. ഇടതു വശം തളര്‍ന്നു പോയി. എന്തും സംഭവിക്കാവുന്ന ഒരവസ്ഥയില്‍ നിന്നും പിന്നീടു കുറേ മെച്ചപ്പെട്ടെങ്കിലും, കിടപ്പു തന്നെയായിപോയി കുറെ കാലത്തേയ്ക്ക്.


ആയിടയ്ക്കു ഒരു ഞായറാഴ്ച , എന്റെ അമ്മയുടെ ഒരാങ്ങള മറ്റെന്തോ കാര്യത്തിനായി കുമരകം വരെ വരാന്‍ ഇടയായി. എന്നാ പിന്നെ പെങ്ങളേം പിള്ളേരേം ഒന്നു കണ്ടേച്ചുപോയേക്കാമെന്നു പുള്ളിക്കു തോന്നി. ഞങ്ങടെ വീടിനടുത്തെത്തിയപ്പോള്‍ വീട്ടില്‍ വലിയ ആള്‍ക്കൂട്ടം. വാതില്‍ നിറഞ്ഞു ആളുകള്‍ നില്‍ക്കുന്നു. അകത്തേയ്ക്കു കേറാന്‍ പറ്റാതെ നില്‍ക്കുന്നവര്‍ ഗ്രില്ലിനകത്തുകൂടി എത്തി നോക്കുന്നു. അമ്മാച്ചനു കാര്യങ്ങളൊക്കെ വ്യക്തമായി. ഒന്നുകില്‍ അമ്മു സാര്‍ നാടുനീങ്ങി, അല്ലെങ്കില്‍ നീങ്ങാറായി. അമ്മാച്ചന്‍ ഉടന്‍തന്നെ ചന്തക്കവലയില്‍ചെന്നു അമ്മവീട്ടിലേയ്ക്കും മറ്റു അമ്മാച്ചന്‍മാരുടെ വീടികളിലേയ്ക്കും മെസേജ് കൊടുത്ത ശേഷം തിരിച്ചു നടന്നു. വിരിക്കാനുള്ള പട്ട് ഈ ഞായറാഴ്ച എവിടുന്നു മേടിക്കും എന്ന ടെന്‍ഷനില്‍ എന്റെ വീട്ടിലെത്തിയ അമ്മാച്ചന്‍ ഒന്നു ഞെട്ടി. ആരേം കാണുന്നില്ല. വാതില്‍ തുറന്നു അകത്തു കേറിയപ്പൊ ജോമോനും ഷേര്‍ലിയും കൂടി [ വല്ല്യപ്പനും വല്ല്യ്യമ്മയും] കിന്നാരം പറഞ്ഞോണ്ട് ടി.വി. കാണുന്നു. കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോളാണു അമ്മാച്ചന്‍ പയ്യെ ചോദ്യമിട്ടതു “ ഞാന്‍ പടിഞ്ഞാട്ടു പോയപ്പോ ഇവിടെ വലിയ ആള്‍കൂട്ടം കണ്ടല്ലോ.. എന്തുവാരുന്നു?”….. അപ്പോളാണു പുള്ളി അറിഞ്ഞതു ദൂരദര്‍ശനില്‍ രാമായണം എന്ന സീരിയല്‍ തുടങ്ങിയ വിവരം. കാപ്പി കുടിയൊക്കെ കഴിഞ്ഞു പുള്ളി ഇറങ്ങിയപ്പോ ദാ വരുന്നു ഇളയ രണ്ടമ്മാച്ചന്‍മാര്‍ ഓടികിതച്ച്. പെട്ടന്നു തന്നെ അവരെ മാറ്റി നിര്‍ത്തി കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കിയിട്ടു തിരിച്ചു വന്നപ്പോ ഇളയ അമ്മാച്ചന്റെ വക “ കുറേ നാളായി വിചാരിയ്ക്കുന്നു ഇങ്ങോട്ടൊന്നിറങ്ങണമെന്നു..”

ഇന്നും, പൊന്‍മുട്ടയിടുന്ന താറാവിലെ ഈ സീന്‍ കാണുന്പോള്‍ ഞാനീ സംഭവം ഓര്‍ക്കും.വലിയ സാമ്യം ഒന്നുമില്ല.എന്നാലും ചുമ്മാ ഓര്‍ക്കും.



അടുത്ത കഥ നടന്നതു 6-7 വര്‍ഷങ്ങള്‍ക്കു ശേഷമാണു. അന്നു ഞങ്ങള്‍ കുമാരനല്ലൂരില്‍ താമസം. രാവിലെ കുര്‍ബാന കഴിഞ്ഞപ്പോ അച്ചന്റെ അറിയിപ്പു “ മാഗി ടീച്ചറിന്റെ വീട്ടിലെ പ്രാര്‍ത്ഥന കൃത്യം 6.30യ്ക്കാരംഭിക്കുന്നതാണു.” ഇതു കേട്ടിരുന്ന ബേബി ചേടത്തിക്ക് ആകെ കണ്‍ഫ്യൂഷന്‍. വീട്ടില്‍ പോണ വഴി അതു മനസ്സിലിട്ടുരുട്ടി പെരട്ടി ക്ളിയര്‍ ആക്കി. മാഗി ടീച്ചര്‍ മരിച്ചു! സംസ്കാര പ്രാര്‍ത്ഥന വൈകിട്ടു! ഈ ബേബി ചേടത്തി ഒരു ചെറിയ റേഡിയോ ആയതുകൊണ്ടു വൈകുന്നേരത്തോടെ സംഗതി പെട്ടെന്നങ്ങു പടര്‍ന്നു. പക്ഷേ എന്റെ വീട്ടിലാരും ഇതറിഞ്ഞുമില്ല. വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേയ്ക്കു പോണവഴി കിട്ടിയ ചില സഹതാപതരംഗങ്ങള്‍ എനിക്കും പിടികിട്ടിയില്ല. ഒടുവില്‍, വൈകുന്നേരം കുടുംബയോഗ പ്രാര്‍ത്ഥനയ്ക്കു ബ്ളാക്കു& വൈറ്റില്‍ എത്തിയ പലരും വഴിയില്‍ നിന്നു കുശുകുശുക്കുന്നതു കണ്ടപ്പം എനിക്കപകടം മണത്തു. പിന്നെ അങ്ങോട്ടു ഫോണ്‍ വിളികളുടെ ബഹളമാരുന്നു. ‘ ഹലോ..ആരാ… “ എന്നു പറഞ്ഞാല്‍ മറുപടി ഇങ്ങനെ …“ മോനേ..ഞാനിപ്പളാ അറിഞ്ഞതു.. “… ചിത്രം വ്യക്തമാകാന്‍ വലിയ നേരമൊന്നുമെടുത്തില്ല. ഏറ്റവുമൊടുവിലായി കയറി വന്ന ബേബി ചേടത്തിയെ കണ്ണുരുട്ടാന്‍ വികാരിയച്ചനുമുണ്ടായിരുന്നു. ഞാനും അമ്മയും പരസ്പരം നോക്കി ഒന്നു മന്ദഹസിച്ചു, അല്ലാതെ എന്തു ചെയ്യാന്‍! ഇതെല്ലം കഴിഞ്ഞിട്ടു ,പ്രാര്‍ത്ഥനയുടെ അവസാനമുള്ള സ്വയം പ്രേരണ പ്രാര്‍ത്ഥന സെഗ്മന്റില്‍ ബേബി ചേടത്തിയുടെ വക ഒരലക്കു “ ഞങ്ങടെ നാവിന്റെ കെട്ടുകള്‍ അഴിച്ചു വിടുന്ന പരിശുദ്ധാത്മാവേ.. നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നൂ…..” എന്നു!


ബേബി ചേടത്തി ആളു ഫയങ്കര തൊലിക്കട്ടി ആയിരുന്നു. പോകുന്നതിനു മുന്പ് അമ്മയോട് കുറച്ചധികം വിശേഷോം പറഞ്ഞിട്ടാ അവരു പോയതു. ഇപ്പൊ ആളില്ല. എന്നാലും പരിശുദ്ധാത്മാവ് കെട്ടഴിച്ച ആ നാവിന്റെ വീരഗാഥകള്‍ ഇന്നും കുമാരനല്ലൂരില്‍ നിറഞ്ഞുനില്‍ക്കുന്നു.


അനുബന്ധം

മരണവക്ത്രത്തില്‍ പെട്ട രണ്ടു വനിതാ രത്നങ്ങളും , അമ്മയും വല്ല്യമ്മയും, യഥാക്രമം ഈ മാസം 25നും അടുത്ത മാസം 15നും ഓരോ വയസ്സു കൂടി പിന്നിടുന്നു. ദീര്‍ഘായുസ്സു!

Monday, November 12, 2007

തറവാട്........

ഒരു കള്ളുഷാപ്പിന്റെ അടുത്തു പിറന്നു വീണു, വളര്‍ന്നു വരുക എന്നു പറയുന്നതു ചില്ലറ ഭാഗ്യം ആണോ? കല്ല്യാണം വരെ അമ്മയെ പേടിച്ചും [അപ്പന്‍മാര്‍ ഈ കാര്യത്തില്‍ ചില്ലറ വിട്ടുവീഴ്ചകള്‍ക്കു തയ്യാറായേക്കും, ഇടുന്ന പാലം റ്റൂ-വേ ആയിരിക്കണം എന്നു മാത്രം!], കല്ല്യാണം കഴിഞ്ഞാല്‍ ഭാര്യയെ പേടിച്ചും ഇതു വരെ കള്ളുഷാപ്പില്‍ കയറാന്‍ സാധിക്കാത്തവര്‍ പറയും അതിന്റെ ഒരു വിഷമം. എന്നാല്‍ ഈയുള്ളവന്‍ ആ കാര്യത്തില്‍ നല്ല രാശിയുള്ളവന്‍ ആയിരുന്നു. വീടിന്റെ തൊട്ട് പടിഞ്ഞാറേ അയല്‍വക്കം ടി.ഏസ്. നം: 2, കോട്ടയം റേഞ്ച്. നമ്മുടെ കരുണാകരേട്ടന്റെ ഷാപ്പ്. വീട്ടില്‍ നിന്നും ഒരു 8 അടി അതിരു , അതിനപ്പുറം ഷാപ്പിന്റെ പാട്ടുമുറിയുടെ പലകഭിത്തി തുടങ്ങുന്നു.


ഇന്നത്തെ മോഡേണ്‍ ഷാപ്പുകള്‍ പോലെ ‘ ഇവിടെ പാട്ടു പാടാന്‍ പാടില്ല’ പോലുള്ള മൂരാച്ചി നിയമങ്ങള്‍ ഒന്നും ഞങ്ങടെ ഷാപ്പില്‍ ഇല്ലാരുന്നു. ഷാപ്പിലെ പ്രധാന ഗായകരും , അവരുടെ ആസ്വാദകരും ഒത്തു ചേര്‍ന്നിരുന്നതു എന്റെ വീടിനോടു ഏറ്റവും അടുത്തു കിടക്കുന്ന മുറിയിലും, ഞാന്‍ പറഞ്ഞ പാട്ടുമുറി. ഒരു 7 മണിയോടെ ആരംഭിക്കുന്ന സംഗീത സദസ്സു പിരിച്ചു വിട്ടു കഴിഞ്ഞേ എന്റെ കുടുംബത്തില്‍ പ്രാര്‍ത്ഥന തുടങ്ങാന്‍ പറ്റുമാരുന്നുള്ളൂ. പാടുന്ന പാട്ടുകള്‍ കുറേയൊക്കെ ഒന്നാണെങ്കിലും, അതിനും ഒരു സീസണ്‍ പാറ്റെര്‍ണുണ്ട്. മണ്ഠല കാലം തുടങ്ങുന്ന സമയത്തു ‘പള്ളിക്കെട്ട് ശബരിമല’യോടെ നട തുറന്നിട്ട്, ‘ഹരിവരാസനം’ പാടി പെട്ടി മടക്കുന്നു. ‘യഹൂദിയായിലേ’ ആണു ക്രിസ്തുമസ് സ്പെഷ്യല്‍. വള്ളംകളി സീസണായാല്‍ ഒരു മൂന്ന് ‘കുട്ടനാടന്‍ പഞ്ച’യും മുട്ടിനു മുട്ടിനു ‘ആര്‍പ്പോ…ര്‍ര്‍റോ!’ വിളികളും ഉറപ്പു. അങ്ങനെ നാടിന്റെ പൊതു വികാരത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ ഗായകസംഘം ആയിരുന്നു പലരാത്രികളിലും എന്നെ പാടി ഉറക്കിയിരുന്നതു. പിന്നെ പിന്നെയായപ്പോള്‍, അമ്മ ‘രാരാരോ’ എന്നു തുടങ്ങിയാല്‍ നമ്മള്‍ [ ഞാന്‍ തന്നെ] പ്രതിഷേധിക്കും, നമുക്കു വേണ്ടതു ‘ ആത്മവിദ്യാലയവും’ ‘ സന്യാസിനിയും’ , ‘പൊന്നരിവാളും' തന്നെ. ബോധം നേരേ ചൊവ്വേ തെളിയാത്ത പ്രായത്തില്‍ തന്നെ മലയാള സിനിമ-നാടക ഗാനങ്ങളോടുള്ള താല്‍പ്പര്യം തുടങ്ങിയതും ഇവിടുന്നു തന്നെയാവനം. പ്രധാന ഗായകനായിരുന്ന മീന്‍കാരന്‍ രവിചേട്ടന്‍ [അലിയാസ്] രവി മാസ്റ്ററിനെ എപ്പൊ കണ്ടാലും ഞാന്‍ ഓര്‍ക്കും “ ഗാനമേ.. നിന്‍ ഗാന ഭാവം...” [ മാണി സാര്‍ മാണി സാറിനെ മാണി സാര്‍ എന്നു വിളിക്കുന്നതു പോലെ, കുഞ്ഞന്‍ കുഞ്ഞനെ വിമല്‍ കുമാര്‍ എന്നു വിളിക്കുന്നതു പോലെ, രവി ചേട്ടന്‍ സ്വയം വിളിക്കുന്നതു രവി മാസ്റ്റര്‍ എന്നണു. ആര്‍ക്കു ചേതം! ആരു ചോദിക്കാന്‍!]


വീട്ടില്‍ വിരുന്നുകാരു നട്ടുച്ചയ്ക്ക് സപ്രസ്സു ചെയ്തുകൊണ്ടു കേറി വന്നാലാണു, ഷാപ്പിന്റെ അയലോക്കത്തു കിടക്കുന്നതിന്റെ ഗുണം കിട്ടുന്നതു. “ഇരിക്കു, ഇപ്പ വരാം കേട്ടോ” എന്നു പറഞ്ഞിട്ടു അടുക്കളമുറ്റത്തേയ്ക്കിറങ്ങി നിന്നു അപ്പുറത്തോട്ടു ഒരു സൂചന കൊടുത്താല്‍ മതി, എത്ര പേര്‍ക്കും ഉണ്ണാനുള്ള ചോറും വെറൈറ്റി കറികളും, നല്ല മധുരക്കള്ളും അടുക്കളയില്‍ റെഡി. കറികളുടെ എണ്ണം കണ്ടു വിരുന്നുകാരു അന്തംവിടും. എന്നാലും അമ്മച്ചി തട്ടി വിടും “ ശ്ശൊ! നിങ്ങള്‍ പെട്ടെന്നു കേറി വന്നതു കൊണ്ടു ഒന്നും ഉണ്ടാക്കാന്‍ പറ്റിയില്ല..”… അമ്മു സാര്‍ ആരാ പാര്‍ട്ടി!



കേരളത്തില്‍ അങ്ങോളമിങ്ങോളം ഷാപ്പുകള്‍ക്കു പലതരം പേരുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മുല്ലപന്തല്‍, മലര്‍വാടി, ആകാശഗംഗ എന്നിങ്ങനെ വിവിധതരം പേരുകള്‍. പക്ഷെ അവയിലൊന്നു പോലും ഞങ്ങടെ പേരിന്റെ ഏഴയലത്തു വരില്ല. ആ പേരെന്താണന്നല്ലേ? തറവാട്… അതേ, സ്വന്തം തറവാട്ടിലേയ്ക്ക് മടങ്ങുന്ന ഗൃഹാതുരത നെഞ്ചിലേറ്റി ഞങ്ങള്‍ അവിടേയ്ക്കു ചെല്ലുന്നു. പെറ്റമ്മ പകര്‍ന്നു തരുന്ന ചൂടു കഞ്ഞി വെള്ളം കണക്കെ ഞങ്ങള്‍ ആ കേരമധു കുടിയ്ക്കുന്നു. ഒടുവില്‍, മുണ്ടു മടക്കി കുത്തി, നീട്ടി തുപ്പി, ചിറി അമര്‍ത്തി തുടച്ചിറങ്ങുന്നു…. ഇനി ഒരു കുപ്പി അടിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാതെ….



ഈ അടുത്ത പരിചയത്തിനു ഒരു കുഴപ്പമുണ്ടു. നാട്ടില്‍ചെന്നിട്ടു, കാരണവന്‍മാരുടെ വായില്‍ ചെന്നു ചാടണ്ടല്ലോ എന്നു കരുതി 3 കിലോമീറ്റര്‍ അപ്പുറത്തുള്ള ഷാപ്പില്‍ ചെന്നു, നിറഞ്ഞ മനസ്സോടെ ആദ്യത്തെ ഗ്ലാസ്സു ചുണ്ടിലോട്ട് അടുക്കുന്നതും , വിളി വരും..” ഹാ! ഇതാരു! അപ്പുവേ… ഇപ്പൊ എവിടാ…” . ആരു ചെയ്ത പുണ്യമാണോ, ഇതു വരെ ആരും വീട്ടില്‍ ചെന്നു അമ്മയോടു പറഞ്ഞിട്ടില്ല.

അനുബന്ധം
============

കുറേ നേരം ഷാപ്പു വിശേഷം പറഞ്ഞു കഴിഞ്ഞപ്പോള്‍ നാവില്‍ പഴയ ഒരു രുചി വന്നു നില്‍ക്കുന്നതു പോലെ. ഒരു കാലത്തു കുമരകത്തെ ഷാപ്പുകളില്‍ നിത്യ സാന്നിദ്ധ്യമായിരുന്ന പോത്തുവറയുടെ രുചി. കുരുമുളകു കൂടുതല്‍ ചേര്‍ത്ത പോത്തിറച്ചി , വലിയ മണ്‍ചട്ടിയില്‍ എണ്ണ മെഴുക്കി അതിലിട്ടു, കനലെരിയുന്ന അടുപ്പില്‍ വെച്ചാല്‍, അവന്‍ അങ്ങനെ എരിഞ്ഞെരിഞ്ഞു അങ്ങു മൊരിയും[ അയ്യട മനമേ!]. അതു പക്ഷെ എണ്ണയില്‍ വറക്കുന്ന പോലെയല്ല. ഇത്രയൊക്കെയേ എനിക്കു പറയാന്‍ അറിയൂ. വേണ്ടവര്‍ക്കു ഒന്നു പരീക്ഷിക്കാം. എന്തായാലും കോട്ടയം ജില്ലയിലെ ഷാപ്പുകളില്‍ നിന്നും ഈ ഐറ്റം നാടുനീങ്ങി കഴിഞ്ഞു.

Friday, November 9, 2007

നീ ആരെടാ?എവിട്ത്തുകാരനെടാ?

മിഥുനം എന്ന പടത്തിലെ നെടുമുടി വേണുവിന്റെ "ദാ ഇപ്പൊ പൊട്ടും! അടുത്ത നിമിഷം പൊട്ടാന്‍ പോകുന്നു! ദാ പൊട്ടുന്നൂ...!.." മോഡലില്‍ ഞാന്‍ പേടിപ്പീരു തുടങ്ങിയിട്ട് നാളു കുറേ ആയി എന്നു എനിക്കും അറിയാം. കഴിഞ്ഞ പോസ്റ്റിനു ഇഞ്ചിപെണ്ണു കമന്റിയതു പോലെ, ഭീഷണി നിര്‍ത്തി എഴുതി തുടങ്ങടാ കോപ്പേ എന്നു പലരും പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. അതുകൊണ്ട് ഇനി വെച്ചു താമസിപ്പിക്കാതെ അങ്ങു തുടങ്ങ്വാണു കേട്ടോ...


"..സത്ക്കലാ ദേവി തന്‍ ചിത്ര ഗോപുരങ്ങളേ...
...സര്‍ഗ്ഗസംഗീതമുണര്‍ത്തൂ....സര്‍ഗ്ഗസംഗീതമുണര്‍ത്തൂ...."[2]

എല്ലാ മഹാന്‍മാരെയും പോലെ എന്റെ ചരിത്രവും സമാരംഭിക്കുന്നതു എന്റെ ജനനത്തോടെയാണു. 1984 ഏപ്രില്‍ 29, ഒരു ഞായറാഴ്ച, അതും ഒരു പുതുഞായറാഴ്ച വൈകുന്നേരം ഒരു 4- 4.30 മണിയോടു കൂടി ദാ കിടക്കണു ധിം! ഒരു നാലു ദിവസത്തേയ്ക്ക് ഒന്നും നടക്കില്ല എന്നു ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണു പോലും അപ്പന്‍ ജോലി സ്ഥലമായ തൃശ്ശിവപേരൂരിനു പോയിരുന്നതു പോലും! അങ്ങനെ ഏതെങ്കിലും ഒരു ഡോ: പറഞ്ഞാല്‍ നമ്മള്‍ കേക്കുവോ? ഞാനിങ്ങു പോന്നു." നീ ഒണ്ടായപ്പൊ വലിയ ഇടിയും മുഴക്കവും ഒക്കെ കേട്ടു. സ്വര്‍ഗ്ഗത്തീന്നു ഒരു സ്വരം ഞാനെന്റെ ചെവി കൊണ്ട് കേട്ടതാ" എന്നൊക്കെ പണ്ട് അമ്മു സാര്‍ തട്ടിവിടുന്നതു നേരെന്നു ഞാനും കുറേ നാള്‍ കരുതിയതാ,ഓ വെറുതെ. ഏപ്രില്‍ 29നു ജനിച്ച മെയിന്‍ ടീമ്സിന്റെ ലിസ്റ്റ് ഉണ്ടാക്കാനും ഞാന്‍ കുറേ ശ്രമിച്ചു. ആകെ കിട്ടിയതു ഒരു സെലിബ്രിട്ടി ആരുന്നു. പുള്ളി ഈ അടുത്തയിടെ ആത്മഹത്യ ചെയ്തു. ഈശോയേ!

പ്രകൃതിയുടെ സൌന്ദര്യ സങ്കല്പ്പം ചില അവസരങ്ങളിലെങ്കിലും അല്‍പ്പം വിചിത്രമാണല്ലോ. ആ പ്രതിഭാസം എന്റെ ശരീരത്തില്‍ പ്രകടമായതു നല്ല ഒത്ത ഒരു തലയിലൂടെയാണ്. എന്നു പറഞ്ഞാല്‍ പിന്നെ, ഈ പുത്തി എല്ലാം കൂടി പിന്നെ എവിടെ കൊള്ളിയ്ക്കും? എന്റെ ഒരു തലയെടുപ്പു കണ്ടതേ, "നീ ഇതിനെ എങ്ങനെ പെറ്റെടീ " എന്നു പറഞ്ഞു ഗ്രാന്റ് മോം നെഞ്ചത്തടിച്ചു എന്നാണു ചരിത്രം. എന്തായാലും വലിയ കോലാഹലവും ബളഹവുമൊന്നുമില്ലാതെ കുമരകം കൊച്ചുപറന്പില്‍ ജോസഫ്-മാഗി- മാരുടെ സീമന്ത പുത്രന്‍ ലോകം കണ്ടു.

പു.കാ.കു -മാരുടെ ഒരു രീതി അനുസരിച്ചു എനിക്കെന്റെ വല്ല്യപ്പന്റെ പേരാണു കിട്ടിയതു. ജോസഫ്. നല്ല മലയാളത്തില്‍ പറഞ്ഞാല്‍ ഏപ്പ്. എന്നാലും അമ്മ 2 വര്‍ഷങ്ങള്‍ക്ക് മുന്പ് കണ്ടു വച്ചിരുന്ന ഒരോമനപ്പേരു എന്നെയും കാത്തിരുപ്പുണ്ടായിരുന്നു. എന്നതാന്നു വെച്ചാ?? അപ്പു!!! ആ...പൂ എന്നു പറഞ്ഞു തഴയാന്‍ വരട്ടെ, അങ്ങനെ ഏതെങ്കിലും അപ്പുവല്ല, 1982 ഏഷ്യാഡിലൂടെ ഭാരതത്തിന്റെ രോമാഞ്ജമായ സാക്ഷല്‍ ഏഷ്യാഡ് അപ്പു! ആ പിന്നെ അല്ല! ആനപിണ്ടത്തിന്റെ അത്രേമ്മുള്ള ചെക്കനു ആനയുടെ പേരു.പിന്നെ നേരത്തേ പറഞ്ഞ എന്റെ തലയെടുപ്പു ഒക്കെ വെച്ചു ഞാന്‍ ആ പേരങ്ങുള്‍ക്കൊണ്ടു.

"നീയൊക്കെ കുടുംബത്തില്‍ പിറന്നതാണോഡാ.." എന്നു ചോദ്യത്തിനു " അല്ല..ഞാന്‍ ആശുപത്രിയിലാ.."" എന്ന കോമഡി കേട്ടിട്ടില്ലേ? എന്നു പറഞ്ഞ പോലെ, ജനിച്ചതു ആശുപത്രിയിലാണെങ്കിലും ഞന്‍ പിറന്നു വീണതു കുമരകത്താണ്. കുമരകത്തെപറ്റി പറയുകയാണെങ്കില്‍, പണ്ട് വി.ഡി.രാജപ്പന്‍ പറഞ്ഞതു പോലെ ..” മണ്ടരി പിടിച്ചു മണ്ട പോയ തെങ്ങുകളും, കുല പൊട്ടാന്‍ മുട്ടി നില്‍ക്കുന്ന വാഴകളും, നെല്ലിന്റെ കനം കൊണ്ടു തല താഴ്ത്തി നില്‍ക്കുന്ന നെല്‍ചെടികളും, നെല്‍കൃഷിയുടെ കടം കൊണ്ട് അതിനേക്കാള്‍ കൂനി നില്‍ക്കുന്ന കുറേ കര്‍ഷകരും, മുക്കിനു മുക്കിനു ഷാപ്പുകളും, അതു നിറയെ കുടിയന്‍മാരും, അവിടിവിടായി കാണാവുന്ന പാര്‍ട്ടി ആപ്പീസുകളും” ഒക്കെയായിട്ടു ഇങ്ങനെ വിളങ്ങി നില്‍ക്കുന്ന ഒരു കൊച്ചു ഗ്രാമം. ടൂറിസം ഭൂപടത്തിലൊക്കെ ഇടം പിടിച്ച നാട്ടുകാരാണെങ്കിലും അതിന്റെ ഒരഹങ്കാരവും ഇല്ലാത്ത നല്ല തങ്കപെട്ട മനുഷ്യരാണു കുമരകംകാര്. ഇലക്ഷന്‍ കാലത്തു മാത്രം കുറച്ചു നാള്‍ രണ്ട് ഗ്രൂപ്പാകുമെങ്കിലും, പൊതുവേ വളരെ സ്നേഹത്തിലും സഹകരണത്തിലും ഞങ്ങള്‍ ജീവിച്ചു പോരുന്നു. ആ ഒരു സഹകരണത്തിന്റെ കൂടുതല്‍ കാരണം കുമരകം ചന്തക്കവലയില്‍ തന്നെ സഹകരണ ബാങ്കുകളുടെയെണ്ണം മൂന്നു. അതിന്റെ ഇലക്ഷന്‍ കാലത്തും ഞങ്ങല്‍ തമ്മിതമ്മില്‍ ചെറുതയൊന്നു കൂട്ടുവെട്ടും കേട്ടോ. പിന്നെ എല്ലാരും വലിയ ദൈവവിശ്വാസികള്‍. തോടുകളും ഇടതോടുകളും കൈത്തോടുകളും, പാടങ്ങളും കുറച്ച് പാര്‍ട്ടി ആഫീസുകളും, വളരെയധികം കള്ളുഷാപ്പുകളും ഒക്കെ കഴിഞ്ഞു മിച്ചമുള്ള സ്ഥലത്ത് ഒരു പാടു ജനസംഖ്യ തിങ്ങിപാര്‍ക്കുന്നെങ്കിലും, ഇതിന്റെ എല്ലാം ഇടയ്ക്ക് കുറേ അധികം ആരാധനാലയങ്ങളും കുമരകത്തുണ്ട്.
ശ്രീ നാരായണ ഗുരുവിന്റെ പാദസ്പര്‍ശത്താല്‍ ധന്യമായ ഭൂമിയാണു കുമരകം. അതുകൊണ്ടു തന്നെ ഗുരുവിന്റെ പല നയങ്ങളോടും കുമരകംകാര്‍ അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചു പുള്ളിയുടെ മദ്യ നയത്തോടു. “മദ്യം വിഷമാണു” എന്നു ഗുരു പറഞ്ഞപ്പോള്‍, “ അതെ അതെ..ഇതു കുറച്ചു വിഷമം തന്നെയാണേ” എന്നു ആദ്യം പറഞ്ഞതു കുമരകംകാരാണു പോലും! ഈ കാരണംകൊണ്ടാരിക്കണം , മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന മദ്യം എന്ന കാളകൂടവിഷത്തോടു , സാക്ഷാല്‍ പരമേശ്വരന്റെ ഒരപ്രോച്ചാണു ഞങ്ങള്‍ക്ക്. കുടിക്കുക, വാശിയോടെ, വൈരാഗ്യത്തോടെ കുടിച്ചു തീര്‍ക്കുക. തെങ്ങു തരുന്ന കള്ളും, സര്‍ക്കാര്‍ തരുന്ന വിദേശിയും ഞങ്ങള്‍ അങ്ങനേ അങ്ങു തീര്‍ത്തു വിടുന്നു. ഞങ്ങളെ വെല്ലുവിളിച്ചുകൊണ്ടു ഈ രണ്ടു കൂട്ടരും വീണ്ടും സാധനം എറക്കുന്നു. ആങ്ങനെ , കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഈ എക്സൈസ് വിപ്ലവത്തില്‍, കുമരകംകാരു ജയിക്കുമോ അതോ സര്‍ക്കാര്‍-തെങ്ങു-അബ്ക്കാരി മുന്നണി ജയിക്കുമോ എന്നു കണ്ട് തന്നെ അറിയണം.

ഈ ‘വെള്ളം’ കളി കഴിഞ്ഞാല്‍ പിന്നെ ഞങ്ങക്ക് താല്‍പ്പര്യം വള്ളംകളിയിലാണു. മഴകാലം കഴിയുന്നതിനോടടുപ്പിച്ചു ഞങ്ങളില്‍ ചില മാന്യന്‍മാര്‍ നല്ല മുണ്ടും ഷര്‍ട്ടും ഒക്കെയിട്ടു ഇരതേടി ഇറങ്ങും. ഒരു 3- 4 ലക്ഷം പൊട്ടിക്കാന്‍ മനസ്സുള്ള ഒരു വിദേശിയെ തപ്പിയാണു യാത്ര.[ കാശുണ്ടെങ്കില്‍ നാടന്‍ കേസും പിടിക്കും കേട്ടോ]. അങ്ങനെ ക്യാപ്റ്റ്നെ കിട്ടും. പിന്നെ എല്ലാം ശടപടേ,ശടപടേന്നാരിയ്ക്കും. ജൂലൈ പകുതിയ്ക്കു ചുണ്ടന്‍ വരും. പിന്നെ ട്രയലിന്റെ ദിനങ്ങളാണ്. എന്തിനു അധികംപറയണം, നെഹൃ ട്രോഫി ഞങ്ങടെ കൂടെ ഇങ്ങു പോരും.

അപ്പൊ പറഞ്ഞു വരുന്നതു, ആദ്യം പറഞ്ഞ അപ്പു എന്ന പ്രതിഭാസം, പിന്നെ പറഞ്ഞ കുമരകംകാര്‍ എന്ന പ്രതിഭാസങ്ങളുമായും, അവരിലൊരാളായും നടത്തിയ വീരശൂരപരാക്രമങ്ങളുടെ ഗഥകളായിരിക്കും ഇവിടെ ഇനിമുതല്‍ മിക്കവാറുമൊക്കെ പ്രത്യക്ഷപ്പെടുക.ഇതൊരു മുന്നറിയിപ്പല്ല.സൂചനയാണിതു സൂചന മാത്രം.

[ ഗണപതിയ്ക്കു ഒരു കൂട് തേങ്ങാ ബിസ്ക്കറ്റ്, നെപ്പസ്യാന്‍ പുണ്ണ്യാളനു ഒരു കൂടു മെഴുകുതിരി – രണ്ടു പേരും അതുകൊണ്ടങ്ങു മിന്നിച്ചേക്കണേ!!]

Monday, November 5, 2007

ഞാനും ഇറങ്ങുന്നു…..

ഹല്ലേ!

ഏനിക്കെന്നതാ ഇതൊന്നും ആയിക്കൂടേ?

മലയാള നാടിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള കൊഞ്ഞാണന്‍മാര്‍ക്കെല്ലാം [ സഖാഃ സുധാകരന്‍ സിന്ദാബാദ്!] അവനവന്റെ നാടിനെപറ്റിയും നാട്ടിലെ പാവം പിടിച്ച ചില മനുഷ്യന്‍മാരെപറ്റിയും നിറം പിടിപ്പിച്ച കഥകള്‍ പടച്ചു വിട്ട് മിടുക്കന്‍മാരാകാമെങ്കില്‍ എനിക്കും പറ്റും!

നാളെ മുതല്‍ ഞാനും ഇറങ്ങുന്നു…..തമാശ പൊട്ടിവിടരുന്ന സ്ഥലങ്ങളിലും സാഹചര്യങ്ങളിലും... പഴത്തൊലി, ചാക്ക് തുടങ്ങിയ മാരകായുധങ്ങളും കൈയ്യിലുണ്ടാവും... കുമരകംകാര്‍ ജാഗ്രൈതൈ!

നാട്ടുകാരുടെ ശ്രദ്ധയ്ക്ക്:

ബോട്ട് ജെട്ടി, ചന്തക്കവല, വൈ.എം.സി.എ, സിവില്‍ സപ്ളൈസ് എന്നു വേണ്ട, എഴുതി പിടിപ്പിക്കാന്‍ ഒരു ത്രെഡ് കിട്ടാന്‍ സാദ്ധ്യതയുള്ള എവിടെയും ഞാനുണ്ടാകും... ആരും കേള്‍ക്കാതെ നിങ്ങള്‍ അടിച്ചു വിടുന്നതൊക്കെ നാളെ ബ്ളോഗ് പാണന്‍മാര്‍ പാടി നടക്കും.....

അപ്പന്റെ ശ്രദ്ധയ്ക്ക്:

സിവില്‍ സപ്ളൈസിന്റെ ക്യൂവിലോ, ഷാപ്പിനുള്ളിലോ ഇനിയും കണ്ടുമുട്ടിയാല്‍ വീണ്ടും തെറ്റിദ്ധരിക്കരുതേ എന്നപേക്ഷ! ഞാന്‍ അതിനു വന്നതല്ല!


ഇനി ഒരു നല്ല പേരു കണ്ടു പിടിക്കണം...കുമരകപുരാണം എന്ന പേരു ഞാന്‍ പണ്ടു എല്‍.പി. സ്കൂളില്‍ പോണ കാലത്തേ ഓര്‍ത്തു വച്ചിരുന്നതാ എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലല്ലോ.ങാ! വല്ല 'വെപ്രാളം'-ന്നോ 'വെട്ടിക്കൂട്ട്'എന്നോ ഒക്കെ വിളിയ്ക്കാം...പണ്ട് വരരുചി പറഞ്ഞതു പോലെ' പേജ് നല്‍കിയ ദൈവം പേരും നല്‍കും'!

Tuesday, October 30, 2007

ഹോ!...

വികടനും, ഇടിവാളും ഒക്കെ വെച്ചുകീച്ചുന്നതു കണ്ടു "എന്നാ ഞാനും ഇപ്പൊ കാണിച്ചുതരാം" എന്നു പറഞ്ഞു മുക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി...

സമീപഭാവിയിലൊന്നും ഹാസ്യം വിരിയുന്ന ലക്ഷണമില്ല!!

എന്നാ പിന്നെ ഇവിടെ വന്നു, ഒന്നു അടിച്ചുവാരിയിട്ടിട്ടു പോകാമെന്നു വെച്ചു!

Thursday, March 22, 2007

";"--താത്ക്കാലിക വിരാമം...

കട്ടനടിച്ചും, കാജാ വലിച്ചും, എഴുതുന്ന വരികള്‍ പലര്‍ക്കും വായിക്കാന്‍ കഴിയുന്നില്ല എന്നറിഞ്ഞ സാഹചര്യത്തില്‍


ഒരു താത്ക്കാലിക വിരാമം...

Thursday, March 15, 2007

നാട്ടിലേയ്ക്ക്.....

"മാമലകള്‍ക്കപ്പുറത്ത്.....മരതകപ്പട്ടുടുത്ത്...കുമരകം എന്നൊരു നാടുണ്ട്...."

രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം.....

ഞാനെന്റെ വീട്ടില്‍ പോകുവാണല്ലോ......

വിശേഷം ഒക്കെ വന്നിട്ടു പറയാം....

Tuesday, March 13, 2007

ഹരിശ്രീ... ഗണപതായേ..നമഹഃ

ആദ്യാക്ഷരത്തിന്റെ മധുരം

എല്‍. പി സ്കൂള്‍ ഹെഡ് മിസ്ട്ട്രെസ്സ് ആയി വിരമിച്ച അമ്മു ടീച്ചറാണു , 1987ലെ ഏതോ ഒരു നല്ല ദിവസം എന്നെ എഴുത്തിനു ഇരുത്തിയത്. കുത്തരിയില്‍ ആദ്യമായി എഴുതിയതു "ഈശോ മറിയം യൌസേപ്പേ" എന്നായിരിക്കണം. അ മുതല്‍ അം,അഃ വരെ അമ്മച്ചിയുടെ കൂടെ( അതു പറയാന്‍ മറന്നു, അമ്മു ടീച്ചര്‍ എന്റെ അപ്പന്റെ അമ്മയാണു കേട്ടോ...)എഴുതി തീര്‍ത്തപ്പോള്‍ എന്തായിരിന്നു വികാരം എന്നറിയില്ല, അഥവാ ഓര്‍മ്മയില്ല. പക്ഷെ, ആ ഐശ്വര്യം ഇന്നും കൈമോശം വന്നിട്ടില്ല എന്നാണു വിശ്വാസം.

ഇന്നു ഇതാ മറ്റൊരു എഴുത്തിനിരുത്ത്..ബ്ലോഗിന്റെ ലോകത്തില്‍ പിച്ച വച്ച് തുടങ്ങുന്നു..കാരണമായവര്‍ക്കും കൈപിടിച്ച് നടത്തിയവര്‍ക്കും ഈ വരികള്‍ ദക്ഷിണയാകട്ടെ...