മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Wednesday, July 30, 2008

അമ്മമാരുടെ ശ്രദ്ധയ്ക്ക്..

മിഡ്-ഡേ എന്ന പത്രത്തില്‍ ഒരു ലേഖനം കാണാനിടയായി. ശ്രീലങ്കന്‍ ക്രിക്കറ്റ്‌ താരം ജയസൂര്യയുടെ അമ്മയെപറ്റിയായിരുന്നു അതു. ജയസൂര്യയുടെ കുട്ടിക്കാലത്തെപറ്റിയും, സ്കൂള്‍ ജീവിതത്തെപറ്റിയുമൊക്കെയുള്ള അവരുടെ ഓര്‍മ്മകള്‍ പങ്കു വെച്ചിരുന്നു.

ഒരു സാധാരണ മലയാളി വീട്ടമ്മയെപ്പോലെ തന്നെ ഒരു സ്ത്രീ.

അവരോടു ചോദിച്ച ഒരു ചോദ്യം, മകനെ എന്തു കൊടുത്താണു വളര്‍ത്തിയതു എന്നായിരുന്നു. ജയസൂര്യയുടെ വെടിക്കെട്ട്‌ ബാറ്റിങ്ങ് രീതി അറിയാവുന്നവര്‍ ആദ്യം ചോദിക്കാവുന്ന ഒരു ചോദ്യമാണല്ലോ അതു. ആ അമ്മയുടെ ഉത്തരം ഇങ്ങനെ

" ഞാന്‍ എന്റെ പാല്‌ കൊടുത്താണു അവനെ വളര്‍ത്തിയതു. അതാണു അവന്റെ ആരോഗ്യത്തിന്റെ രഹസ്യം. "

ജനിച്ചു വീണ നാളുകളില്‍തന്നെ ബേബി ഫുഡ്‌ തിന്നാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മമാരിതൊന്നു കേട്ടിരുന്നെങ്കില്‍....

ജോലിയുടെ, നിലനില്‍പ്പിന്റെ, ആരോഗ്യത്തിന്റെ പ്രശ്നങ്ങള്‍ മൂലം , മുലയൂട്ടാന്‍ കഴിയാതെ വരുന്ന അമ്മമാരോട്‌ ക്ഷമിക്കാം...

പക്ഷേ 'ഫിഗറ്' നഷ്ടപ്പെടും എന്ന പേടിയില്‍, ഒരു കുട്ടിയുടെ അവകാശം നിഷേധിക്കുന്നവരെ എന്തു വിളിക്കണം ?

'അവളങ്ങു അമ്മച്ചി പരുവമാകും ' എന്നു പറഞ്ഞു മുലയൂട്ടല്‍ നിരുല്‍സാഹപ്പെടുത്തുന്ന ഒരപ്പനെ അടുത്തറിയാം....

മുലപ്പാല്‍ കുടിച്ചു വളരാത്ത കുട്ടികള്‍ക്കു നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ട്‌ എന്നു വായിച്ചിട്ടുണ്ട്‌.

അമ്മമാരും, അമ്മമാരാകാന്‍ പോകുന്നവരും ഇതൊക്കെ ഒന്നു അറിഞ്ഞിരിക്കുന്നതു നല്ലതായിരിക്കും

Tuesday, July 29, 2008

ജീവിതം എന്ന റിയാലിറ്റി ഷോ.

കഴിഞ്ഞ കൊല്ലം ഹിന്ദി ചാനലുകളിലെല്ലാം പാട്ട് മല്‍സരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്തും ഞാന്‍ സ്ഥിരമായി കണ്ടിരുന്നത് സ്റ്റാര്‍പ്ളസ്സിലെ 'വോയ്സ് ഓഫ് ഇന്ത്യ' ആയിരുന്നു. പങ്കെടുക്കുന്നവരുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനങ്ങളും, ഷാന്‍-ന്റെ അവതരണവുമെല്ലാം ഈ പരിപാടിയെ ജനകീയമാക്കി. തോഷി, ആബാസ്, ഹര്‍ഷിത്ത്‌ എന്നിങ്ങനെ ഒരു പറ്റം നല്ല ഗായകര്‍ക്ക് അവസരങ്ങള്‍ നല്‍കിയ ഈ മല്‍സരത്തില്‍ വിജയിയായതു ഇഷ്മീത്ത് എന്ന ഒരു സര്‍ദാറായിരുന്നു. സ്റ്റാര്‍ പ്ളസ്സിന്റെ ഒരു പ്രധാന പരിപാടി എന്ന നിലയില്‍, ഈ വിജയത്തിനു വലിയ പ്രചാരം ലഭിക്കുകയും, ഇഷ്മീത്തിനു ഒരു താരപരിവേഷം ലഭിക്കുകയും ചെയ്തു.

അതേ ഇഷ്മീത്ത് ഇന്നലെ മാലിദ്വീപില്‍ മുങ്ങി മരിച്ചു.

ജീവിതം തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ.


ആദരാഞ്ജലികള്‍....

Monday, July 21, 2008

മന്‍മോഹന്‍ സിങ്ങിനു പ്രാണവേദന, സായിപ്പിനു വീണവായന..ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ നമ്മുടെ രാജ്യം, ഒരു സുപ്രധാനമായ ജനാധിപത്യപ്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോ, ഇമ്മാതിരി വാര്‍ത്തകള്‍ പുറത്തു വിടാന്‍ ഇവന്‍മാര്‍ക്ക് ധൈര്യം എപ്പടി?

ഞാന്‍ പ്രതിഷേധിക്കുന്നു.

എന്തിനാന്നോ? ആ ചോദ്യത്തിനെതിരേയും ഞാന്‍ പ്രതിഷേധിക്കുന്നു.

Wednesday, July 2, 2008

ഐഷു കദീശാ പാത്തുമ്മാ..ഖദീശുമ്മാ...ഖദീശുമ്മാ..

ഇന്നലെ ഒരു കൂട്ടുകാരന്‍ മൂളിക്കേട്ട ഒരു നാടന്‍ പാട്ടിന്റെ വരികള്‍. രണ്ട് തവണയേ കേട്ടുള്ളൂ. പിശകുകള്‍ ഉണ്ടാകാം. കേട്ടപ്പോ ഒരു രസം തോന്നിയതുകൊണ്ടു ചുമ്മാ....

-------------------------

ഐഷു കദീശാ പാത്തുമ്മാ..ഖദീശുമ്മാ...ഖദീശുമ്മാ..

ഉന്തല്ലേന്നും തള്ളല്ലേന്നും പന്തലു പൊളിഞ്ഞാടും....പന്തലു പൊളിഞ്ഞാടും....

കുത്തിരിക്കീന്‍...കുത്തിരിക്കീന്‍...ഡബ്ബര്‍ കട്ട്ലുമ്മേ..ഡബ്ബര്‍ കട്ട്ലുമ്മേ..

പജ്ജിന്റെ നെജ്ജ്‌ കജ്ജുമ്മേലായീട്ട്‌ കജ്യാല്‍ പോണില്ല...കജ്യാല്‍ പോണില്ല...

കുടിച്ചാം കൊടുക്കീ..കുടിച്ചാം കൊടുക്കീ..ഗുളുഗോസ്സിന്‍ ബെള്ളം..ഗുളുഗോസ്സിന്‍ ബെള്ളം...

എന്താണെന്നറിയില്ല... എന്തുകൊണ്ടെന്നറിയില്ല.. ആവി ബന്നില്ല.. പുട്ടിന്നാവി ബന്നില്ലാ.....

എന്നോടു കളിക്കേണ്ട ഉണക്കപ്പുട്ടേ.. മൈസൂര്‌ പഴം കൂട്ടി അടിക്കും നിന്നേ..

ഇങ്ങള്‌ പുട്ടാണെങ്കീ... ഞമ്മള്‌ പുട്ടുംകുറ്റ്യാണേ..

ഇങ്ങള്‌ ചില്ലാണെങ്കീ... ഞമ്മള്‌ കുപ്പിചില്ലാണേ...

അയയുമ്മേ കെടക്കണ തോര്‍ത്തിങ്ങോട്ടെടുക്കീ.. ഞെക്കുമ്പോ തെളിയണ ബെളക്കിങ്ങോറ്റെടുക്കീ...


---------------------------

ഇതൊരു പുതിയ രചനയാണെന്നു തോന്നുന്നില്ല. വടക്കന്‍ കേരളത്തിലെവിടെയോ പ്രചാരത്തിലിരുന്ന ഒരു പാട്ടായിരിക്കണം, ഇപ്പോ കാസറ്റായി ഇറങ്ങിയതു. ഇതുപോലെയുള്ള പാട്ടുകള്‍ എല്ലാ നാട്ടിലും ഉണ്ടാവില്ലേ?

കുമരകത്ത് ഇങ്ങനെത്തെ ഒരു പാടു പാട്ടുകള്‍ ഉണ്ടു. അധികവും വള്ളംകളി പാട്ടുകള്‍. അവയുടെ വരികളൊക്കെ ഒന്നു തപ്പിയെടുക്കണം.

ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും അങ്ങനെ ഒരു പാട്ടിന്റെ വരികള്‍ അറിയാമെങ്കില്‍ പറയുമല്ലോ?

Tuesday, July 1, 2008

കുമരകം ടൌണ്‍ ബോട്ട്‌ ക്ളബ്ബ് ഒരുങ്ങുന്നു...

വള്ളം കളി പ്രേമികളുടെ ശ്രദ്ധയ്ക്ക്‌...

കഴിഞ്ഞ നാലു കൊല്ലങ്ങളിലെ അഭിമാനകരമായ വിജയങ്ങള്‍ക്കു ശേഷം , ഇക്കൊല്ലത്തെ കിരീടം ലക്ഷ്യമിട്ടുകൊണ്ടു കുമരകം ടൌണ്‍ ബോട്ട്‌ ക്ളബ്ബ്, പുന്നമടയിലേയ്ക്ക്‌ വരാന്‍ ഒരുങ്ങുന്നു. യു.ബി.സി. കൈനകരിക്ക് മാത്രം അവകാശപ്പെടാനാവുന്ന "തുടര്‍ച്ചയായ അഞ്ച് കിരീടങ്ങള്‍" എന്ന നേട്ടം നേടിയെടുക്കും എന്ന ഉറച്ച തീരുമാനത്തോടെ.

ചമ്പക്കുളം വള്ളംകളിയില്‍ വെന്നിക്കൊടി പാറിച്ചുകൊണ്ട്, കളി തുടങ്ങിക്കഴിഞ്ഞു. പായിപ്പാടു ചുണ്ടനില്‍ കഴിഞ്ഞ കൊല്ലം ഹാട്രിക്ക് തികച്ചെങ്കിലും, ഇത്തവണ ചുണ്ടന്‍മാരില്‍ ഏറ്റവും പുതിയ പട്ടാറ ചുണ്ടനിലാണ്‌ മല്‍സരത്തിനിറങ്ങിയതു.

കാത്തിരിക്കാം...! ആഗസ്റ്റ് 9-നായ്‌!