മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, January 15, 2009

ന്യായമായ സംശയം

കുമരകം വടക്കുംകര പള്ളി വക എല്‍പി.സ്കൂളിന്റെ ആനിവേഴ്സറി ഉദ്ഘാടനം ചെയ്യാന്‍, കഴിഞ്ഞ കൊല്ലം അവരു ക്ഷണിച്ചത്‌ എന്റെ പിതാമഹനെയായിരുന്നു.

ജോലി കിട്ടിയതിന്റെ മാത്രം പേരില്‍ ലീവെടുത്തു കറങ്ങി നടന്ന എന്നോടു, പ്രസ്തുത സമ്മേളനത്തില്‍ ഉദ്ഘാടകന്റെ ഡ്രൈവറായി പങ്കെടുക്കണമെന്നു ഉദ്ഘാടകന്‍ തന്നെ ഉത്തരവിട്ടു.

വൈകുന്നേരം കൃത്യ സമയത്തു തന്നെ പുള്ളിയെ സ്ഥലത്തെത്തിച്ചു സദസ്സിന്റെ പിന്‍നിരയില്‍ ഞാനും സ്ഥാനം പിടിച്ചു.

ഉദ്ഘാടന പ്രസംഗത്തില്‍ അപ്പന്‍ പറഞ്ഞത്‌ ഒരു കഥയായിരുന്നു.

നിത്യ ശത്രുക്കളായിരുന്ന കുറുക്കന്റെയും മുയലിന്റെയും കഥ. ഓരോ തവണയും കുറുക്കനെ വെട്ടിച്ചു രക്ഷപെട്ടിരുന്ന മുയല്‍ ഒരിക്കല്‍ കുറുക്കന്റെ കയ്യില്‍ പെട്ടു.മരണം ഉറപ്പായ മുയല്‍ കുറുക്കനോടു അഞ്ചു മിനിറ്റ് സമയം ചോദിച്ചു. അവന്സാനമായി പ്രാര്‍ത്ഥിക്കാനായിരിക്കും എന്നു കരുതി സമയം അനുവദിച്ച കുറുക്കനെ അമ്പരിപ്പിച്ചുകൊണ്ട്‌ ആ മുയല്‍ ചുറ്റുവട്ടത്തെ മണ്ണു മുഴുവന്‍ ഇളക്കിമറിക്കാന്‍ തുടങ്ങി. അഞ്ചു മിനിറ്റു കൊണ്ട്‌ അവിടെമാകെ ഉഴുതുമറിച്ചിട്ടു മുയല്‍ കുറുക്കനോടു "ഇനി താന്‍ എന്നെ തട്ടിക്കോ" എന്നു പറഞ്ഞു.

കുറുക്കന്‍ ആശയക്കുഴപ്പത്തിലായി. മുയല്‍ കാണിച്ചു വെച്ചതിന്റെ ഗുട്ടന്‍സ്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒടുവില്‍ അവന്‍ മുയലിനോടു തന്നെ ചോദിച്ചു.

അപ്പോള്‍ മുയലിന്റെ ഉത്തരം ഇങ്ങനെ:

" താന്‍ എന്നെ ഇവിടെ വെച്ചു തന്നെ കൊല്ലും. നാളെ എന്റെ അവശിഷ്ടങ്ങള്‍ ഇവിടെകാണുന്ന എല്ലാവര്‍ക്കും മനസ്സിലാകും താനാണിതു ചെയ്തതെന്നും.പക്ഷേ ഞാന്‍ വെറുതേ അങ്ങു മരിച്ചില്ല എന്നും, താനുമായി ഒരു നീണ്ട മല്‍പ്പിടുത്തത്തിനു ശേഷമാണ്‌ ഞാന്‍ വീരമൃത്യു വരിച്ചതെന്നും ഈ പറമ്പു കാണുമ്പോ അവരു വിചാരിച്ചോളും".

മേല്‍പ്പറഞ്ഞ കഥ വളരെ രസകരമായി തന്നെ പറഞ്ഞവസാനിപ്പിച്ചിട്ടു്‌ , കുട്ടികളില്‍ ഇതേ ഉല്‍സാഹമാണ്‌ വേണ്ടതെന്നും തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യണമെന്നുമൊക്കെ അപ്പന്‍ ആ പിള്ളേരെ ഗുണദോഷിച്ചു.

കുറച്ചു ആശംസാപ്രസംഗങ്ങളും ചില്ലറ കലാപരിപ്പാടികളുമുണ്ടായിരുന്നു.

ചടങ്ങെല്ലാം കഴിഞ്ഞു കാറിലേയ്ക്കു കേറാന്‍ അപ്പന്‍ നടന്നടുക്കുമ്പോ പുറകേ ഒരു പയ്യന്സ്‌ ഓടി വന്നു. ഞാനും ഇതു കണ്ടുകൊണ്ടിരിക്കുകയാണ്‌.

അടുത്തെത്തി ഒന്നു ശങ്കിച്ചിട്ടു അവനൊരു ചോദ്യം.

" എന്നിട്ടു കുറുക്കന്‍ മുയലിനെ കൊന്നോ സാറേ?.."....

അപ്പനു പെട്ടന്നു കാര്യം പിടികിട്ടിയില്ല.

അവന്റെ മുഖത്തെ പരിഭ്രമമൊക്കെ കണ്ടപ്പോ എനിക്കങ്ങു പാവം തോന്നി. ഞാന്‍ ചാടിക്കയറി " ഇല്ലടാ, ആ ഉത്തരം കേട്ടപ്പോ കുറുക്കന്‍ മുയലിനെ വെറുതേ വിട്ടു. പിന്നെ അവരു സുഖമായിട്ടു ജീവിച്ചു.." എന്നു പറഞ്ഞു.

അവന്റെ മുഖം നിന്നനിപ്പില്‍ അങ്ങു തെളിഞ്ഞു.

മനോഹരമായ ഒരു ചിരി കൂടി സമ്മാനിച്ചിട്ടു്‌ അവന്‍ അകത്തേക്കോടി.

(തുടരില്ല)

Sunday, January 4, 2009

ഒരു പടം.."ആകാശച്ചെരുവില്‍ ആരോ..പുലരിക്കിണ്ണം തട്ടിമറിച്ചു.."

കെമ്മനഗുണ്ടിക്കു പോകുന്ന വഴി ക്യാമറാ കറക്കിയടിച്ചപ്പോ ഇങ്ങനെ ചിലതൊക്കെ പതിഞ്ഞു.