മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, February 26, 2008

മുടിയനായ പുത്രന്റെ ഉപമ

അപ്പോള്‍ അവന്‍ പറഞ്ഞു. " ഒരുവനു രണ്ടു മക്കളുണ്ടായിരുന്നു. മൂത്തയാള്‍ നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു. എന്നാല്‍ രണ്ടാമനാകട്ടെ, അപ്പന്‍ പറയുന്നതു അനുസരിക്കാതെ ദിവസവും കോളെജില്‍ പോയിരുന്നു. ഒരിക്കല്‍ അവന്‍ അപ്പനോടു പറഞ്ഞു . "അപ്പാ, എനിക്കു തരാനുള്ള ഓഹരി തരിക". കിട്ടിയതെല്ലാം വിറ്റു പെറുക്കി, ബാക്കി വേണ്ടതു ബ്ളേഡിനെടുത്തു അവന്‍ സ്വാശ്രയ കോളെജില്‍ മെഡിസിനു ചേര്‍ന്നു. കോളെജിനു അംഗീകാരം നഷ്ടപെട്ടപ്പോള്‍ അവന്‍ തെണ്ടിത്തിരിഞ്ഞു പണ്ടാരം അടങ്ങി. അപ്പോള്‍ അവന്‍ തന്റെ വീടിനെപറ്റിയോര്‍ത്തു.

മൂത്ത മകന്‍ ഐ.പി.എല്‍. -ഇല്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന അപ്പന്‍, തന്റെ ഇളയ മകന്‍ ആടി തൂങ്ങി വരുന്നതു കണ്ടു, ഓടി ചെന്നു അവനെ സ്വീകരിച്ചു. അവന്‍ അപ്പനോടു പറഞ്ഞു " അപ്പാ, ഞാന്‍ അങ്ങേയ്ക്കും ശരത് പവാറിനുമെതിരായി തെറ്റു ചെയ്തു. ഐക്കണ്‍ പ്ളെയര്‍ എന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല. ഒരു രഞ്ജി താരമായി കരുതി എന്നെ സ്വീകരിച്ചാലും". അപ്പന്‍ വേലക്കാരെ വിളിച്ചു പറഞ്ഞു " ഇവനെ വേഗം പുതിയ ജേഴ്സി അണിയിക്കുവിന്‍. പുതിയ പാഡും ഗ്ളൌസും അണിയിക്കുവിന്‍"

കളി കഴിഞ്ഞു മടങ്ങി വന്ന മൂത്ത മകന്‍ ഇതെല്ലാം കണ്ടു അപ്പനോടു പറഞ്ഞു " അപ്പാ, കഴിഞ്ഞ് മൂന്നു സീസണായി ഞാന്‍ കളിച്ചു കാശു സമ്പാദിക്കുന്നു. എന്നിട്ടും ഒരു പുതിയ സോക്സ് പോലും അങ്ങെനിക്കു തന്നില്ലെല്ലോ. എന്നിട്ടു, കാശു മുഴുവന്‍ ധൂര്‍ത്തടിച്ചു വന്ന ഇവനെ അങ്ങു സല്‍ക്കരിക്കുന്നു". അപ്പോള്‍ അപ്പന്‍ പറഞ്ഞു " മകനേ, എന്നോടൊപ്പം നീയും സന്തോഷിക്കുവിന്‍. നിന്റെ അനുജന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു, അവന്‍ ഫിറ്റായിരുക്കുന്നു. അവന്‍ വിരമിച്ചതായിരുന്നു, അവന്‍ തിരിച്ചെത്തിയിരിക്കുന്നു".ബി.സി.സി. ഐയുടെയും , ലളിത് മോഡിയുടെയും , ഡി.എല്‍.എഫിന്റെയും നാമത്തില്‍ ആമ്മേന്‍.

Friday, February 15, 2008

ലാല്‍ സലാം!

കോട്ടയത്തെ ചെങ്കടലാക്കിയ സമ്മേളനം കഴിഞ്ഞു. എല്ലാം പ്രതീക്ഷിച്ചപോലെ തന്നെ. സമാപന സമ്മേളനത്തിലെ ചില്ലറ കല്ലുകടി ഒഴിച്ചാല്‍, തികച്ചും മാതൃകാപരമായ ഒന്നായിരുന്നു ഇന്നലെ കഴിഞ്ഞതു.

വിഭാഗീയത നിലനില്‍ക്കുമ്പോള്‍ പോലും , ജനാധിപത്യപരമായി അതിനെ നേരിടുന്ന പ്രവര്‍ത്തന പാരമ്പര്യമാണു മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ വിഭിന്നമാക്കുന്നതു. വര്‍ഗ്ഗ-ബഹുജന പോഷക സംഘടനകള്‍ക്കു നല്‍കിയ പങ്കാളിത്തവും , മറ്റുള്ളവര്‍ നോക്കി പഠിക്കേണ്ടതാണു.

സമ്മേളനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ ആവേശം കാണിച്ച ചെന്നിത്തലയ്ക്കും ചാണ്ടിയ്ക്കും, ഇതിന്റെ പകുതി അച്ചടക്കത്തോടെ ഒരു ബ്ളോക്കു സമ്മേളനവും തിരഞ്ഞെടുപ്പും സംഘടിപ്പിക്കാന്‍ സാധിക്കുമോ?

മാറ്റി വരയ്ക്കപെട്ട നിയന്ത്രരേഖകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഭരണം എങ്ങനെയിരിക്കും എന്നതാണു ഇനി കേരളം ഉറ്റു നോക്കുന്നതു.

അനുബന്ധം:

പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന വേദിയില്‍ ആവേശം അണപൊട്ടിയൊഴുകിയപ്പോള്‍, പാര്‍ട്ടി സെക്രട്ടറിക്കു അതു അരുതാത്തതായി തോന്നിയിരിക്കണം. എന്നാലും, കോട്ടയത്തു നിന്നു നടത്താവുന്ന ഒരു പ്രസ്താവനയാണോ അദ്ദേഹം നടത്തിയതു?

"ഉള്ളിലുള്ള മദ്യത്തിന്റെ മിടുക്കു കാണിക്കണ്ട വേദി ഇതല്ല" പോലും. കണ്ണൂര്കാരന്‍ സഖാവ് ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങള്‍ കോട്ടയംകാരു ജീവിക്കുന്നതു തന്നെ ഈ മിടുക്കു കാണിക്കാന്‍വേണ്ടിയാകുന്നു, അഥവാ, ഈ ജീവിതം ഞങ്ങള്‍ക്കു അതിനുള്ള വേദിയാകുന്നു.

ലാല്‍ സലാം!

വാലന്റൈന്‍സ് ദിന സ്പെഷ്യല്‍!

ഇന്നലെ പതിവു പോലെ, അതി രാവിലെ എണീറ്റ് കുളിച്ചു പള്ളിയില്‍ പോയി വന്നിട്ട് ചായ കുടിച്ചുകൊണ്ട് മനോരമ വായിക്കുന്നതിന്റെ ഒരു സുഖം ഒക്കെ ആലോചിച്ചുകൊണ്ടു, ഞാന്‍ പുതപ്പിനടിയില്‍ തന്നെ കിടപ്പായിരുന്നു. "ബുഹഹഹ". ഫോണില്‍ ഒരു മെസ്സേജ് വന്നതാണു കേട്ടോ. ഓ... വാലന്റൈന്‍സ് ദിനമാണല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു പ്രതീക്ഷകളോടെ തുറന്നപ്പോ " കാശു ഇന്നു കൊണ്ട് അടച്ചില്ലെങ്കില്‍ അമ്മച്ചിയാണേ നിന്റെ എടപാടു തീര്‍ക്കു"മെന്ന വോഡഫോണിന്റെ ഭീഷണിയായിരുന്നു. നല്ലൊരു ദിവസത്തിനു വളരെ നല്ല തുടക്കം!


വീണ്ടും പുതപ്പിനടിയിലേയ്ക്കു ചുരുങ്ങിയെങ്കിലും പിന്നെ ഉറക്കം വന്നില്ല. പതിവില്ലാത്ത വിധം ചില ഓര്‍മ്മകളും മുഖങ്ങളും.

എല്‍.പി. സ്കൂള്‍ നാളുകളില്‍ അടുത്ത കൂട്ടുകാരിയായിരുന്ന ഗീതു മറിയം. "അപ്പൂന്റെ ഗേള്‍ ഫ്രണ്ടാ" എന്നു പറഞ്ഞു അമ്മ കളിയാക്കുമ്പോ, അര്‍ത്ഥം അത്ര പിടികിട്ടാറില്ലായിരുന്നു. എന്നാലും , ഏതോ ഒരു ക്ളാസ്സില്‍ വെച്ചു ലവള്‍ ഇസ്കൂള്‍ മാറി പോയപ്പോ ഞാന്‍ കരഞ്ഞെന്നാണു ചരിത്ര പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നതു. ഇപ്പൊ എവിടെയാണെന്നു ഒരു പിടിയുമില്ല. ഒളശ്ശക്കാരിയായിരുന്നു, അപ്പന്‍ ഗള്‍ഫിലായിരുന്നു എന്നൊക്കെ മാത്രം ഓര്‍മ്മയുണ്ട്. പേരു ഒര്‍ജിനലാണു കേട്ടോ. അവളോ, അവളെ അറിയുന്നവരോ അഥവാ ഈ വഴിയെങ്ങാനും വന്നാലോ.

പിന്നെ ഞാന്‍ ആ സ്കൂളില്‍ നിന്നും മാറി നമ്മുടെ സ്വന്തം ദേവീ വിലാസത്തില്‍ ചേക്കേറിയ സമയത്തു സ്ഥിരമായി ക്ഷേമമന്വേഷിച്ചിരുന്ന കൊച്ച്‌. എഴുതിയ എഴുത്തുകളൊക്കെ അമ്മയുടെ കയ്യിലെത്തുകയും അമ്മ തന്നെ വായിച്ചു വിശദ വിവരങ്ങള്‍ എന്നെ ധരിപ്പിക്കുകയും ചെയ്തു പോന്നു.

ദേവീ വിലാസത്തില്‍ വന്നതില്‍പിന്നെയാണു ഈ കാര്യത്തിലുള്ള എന്റെ നാണം കുറച്ചെങ്കിലും മാറിയതു. സൈലേഷിന്റെ കൂടെ നടന്നു തുടങ്ങിയതില്‍ പിന്നെ പഞ്ചാരയടിയും പ്രേമലേഖനമെഴുത്തുമൊക്കെ സ്ഥിരം കാണാന്‍ തുടങ്ങി.എങ്കിലും ആദ്യമായി ഒരെണ്ണം എഴുതിയതു ഒമ്പതാം ക്ളാസില്‍. അയല്‍വക്കംകാരിയോടു പ്രേമം തോന്നാന്‍ എടുത്തതു കഷ്ടിച്ചു 4 ദിവസം. അതും വലിയ പരീക്ഷക്കിടയ്ക്കു. വായിച്ചു പഠിക്കാന്‍ എന്നു പറഞ്ഞു പുരപ്പുറത്തു കേറി, അവിടെയിരുന്നു ആദ്യത്തെ ലൌ-ലെറ്റര്‍ റെഡിയാക്കി. "ആദ്യാനുരാഗ പരവശനായി ഞാന്‍ ആത്മ രക്തം കൊണ്ടെഴുതിയ വാക്കുകള്‍" വരച്ചു വെച്ചതു, എഴുതി പഠിക്കാന്‍ എടുത്ത, അപ്പന്റെ പഴയ ലെറ്റര്‍പാഡിലാരുന്നു എന്ന കാര്യമൊക്കെ ആ നേരത്തു ആരു ശ്രദ്ധിക്കാന്‍! പരീക്ഷ കഴിഞ്ഞ ദിവസം കത്തു കൈ മാറി. അന്നു തന്നെ അപ്പന്റെ വീട്ടിലേയ്ക്കു നാടു വിട്ടു. പ്രതീക്ഷിച്ച ഇഷ്ട/അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. അതങ്ങനെ തീര്‍ന്നു.

ജോണിയുടെ കയ്യില്‍ എനിക്കെഴുത്തു കൊടുത്തു വിട്ട ഒരു ജൂണിയറുണ്ടായിരുന്നു. എന്റെയല്ലേ അനിയന്‍ ! ആദ്യം അവന്‍ വായിച്ചിട്ടേ എന്റെ കയ്യില്‍ തന്നുള്ളൂ.

പത്താം ക്ളാസ്സിന്റെ സോഷ്യലിന്റെ സമയത്തു " ഒരു കാര്യം പറയാനുണ്ടു" എന്നു പറഞ്ഞു മാറ്റി നിറുത്തി അനുരാഗമറിയിച്ച സഹപാഠിയെ മറക്കാറായിട്ടില്ല. കല്യാണമൊക്കെ കഴിഞ്ഞിട്ടുണ്ടാവും.

തകഴി ശിവശങ്കര പിള്ള വഴി "പ്രൊപ്പോസു" ചെയ്ത ഒരു പാര്‍ട്ടിയെ ഓര്‍മ്മയുണ്ട്‌. വിശദീകരണമൊന്നും ഇല്ല. ദീര്‍ഘ സുമംഗലീ ഭവ!

കുറേയൊക്കെ അറിയാതെ പോയി... അറിഞ്ഞതില്‍ ചിലതു പറയാതെയും പോയി... അറിഞ്ഞും പറഞ്ഞുമൊക്കെ വന്നതെല്ലാം പല വഴിക്കു പോയി.

ഒന്നെനിക്കറിയാം .അടുത്ത കൊല്ലം ഞാന്‍ ഇതു പോലെയൊന്നുകൂടിയെഴുതും. അതായിരിക്കും ഈ കഥാസമാഹാരത്തിലെ അവസാനത്തെ കഥ.

ആ കഥ പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ടു ഇനി വരുന്ന വാലന്റൈന്‍സ് ദിനങ്ങള്‍ കടന്നു പോകും.

പ്രണയം ഒരു വികാരം എന്നതിലുപരി ഒരു വ്യവഹാരമായി കൊണ്ടുനടക്കുന്ന ആയിരങ്ങള്‍ക്കും, പഴയ വേണു നാഗവള്ളി തരംഗത്തില്‍ ഇന്നും ജീവിക്കുന്ന ബാക്കിയുള്ളവര്‍ക്കും ആശംസകള്‍!

Tuesday, February 12, 2008

ഒന്നു വീട്ടില്‍ പോയി വന്നു

ഒന്നു വീട്ടില്‍ പോയി വന്നു.

വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി. തറവാട് പൊളിച്ചടുക്കി വെച്ചിരിക്കുന്നതു കണ്ടുകൊണ്ടാണു കേറി ചെന്നതു. അതു കൊണ്ട് പുതിയ വീടിനു നല്ല സൈറ്റായി. എന്നാലും , ഒരു പാട് ഓര്‍മ്മകള്‍ ബാക്കിവെച്ചിരുന്ന ആ പഴയ കെട്ടിടം ഇനിയില്ല എന്നു കണ്ടപ്പോള്‍ ഒരു സങ്കടം. ആ പോട്ട്..

കോട്ടയത്തെത്തിയപ്പോളാണു, പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഒരു ചൂടറിഞ്ഞതു്‌. കോട്ടയം പട്ടണം ചുവന്നിരിക്കുന്നു. പേപ്പറും, തുണിയും, മുളയും, ഓലയും കൊണ്ടുള്ള അലങ്കാരങ്ങള്‍. പ്ളാസ്റ്റിക്ക് തോരണവും, ഫ്ളെക്ക്സുകളും ഒഴിവാക്കാന്‍ കാണിച്ച ആ വലിയ മനസ്സിനു നന്ദി പറഞ്ഞേ പറ്റൂ.

അല്പ്പം സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ക്കു ശേഷം, ഡെന്നീസിന്റെ കൂടെ 'കഥ പറയുമ്പോള്‍' കാണാന്‍ കയറി. നിരാശപ്പെടുത്തി. അവാര്‍ഡുകള്‍ നീതി പുലര്‍ത്തിയില്ല എന്നു മാത്രം പറയാം.

ഉച്ചകഴിഞ്ഞു , പഴയ തട്ടകമായ ദേവീ വിലാസം ഹൈ സ്കൂളില്‍ പോയി. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഗുരുക്കന്‍മാര്‍. വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും നേരമങ്ങു പോയി. 4 മണിയുടെ ബെല്ലടിച്ചപ്പോള്‍ ഓടിയിറങ്ങിയ കുട്ടികളില്‍ ചിലരൊക്കെ എന്നെയും ശ്രദ്ധിച്ചെന്നു തോന്നുന്നു. പറയാതെ പറഞ്ഞതു ഇത്ര മാത്രം : " പുതിയ തലമുറയുടെ കാവല്‍ക്കാരേ, അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ കൌതുകവസ്തുക്കള്‍ തേടി നടക്കുന്ന ഒരു പരദേശിയാണു ഞാന്‍" . [കടപ്പാടു: എസ്.കെ.പൊറ്റക്കാടു]

പാടത്തു പണി നടക്കുന്നതുകൊണ്ടു ശനിയാഴ്ച രാവിലെ അവിടം വരെയൊന്നു പോയി. തറവാടു പൊളിച്ചപ്പോള്‍ ബാക്കി വന്ന കല്ലും മണ്ണുമൊക്കെ വാരിക്കളയാനും അല്പ്പ നേരം. വിദേശത്തു നിന്നു വന്ന ഒരു സഹോദരിയെകാണാന്‍ അപ്പന്റേം അമ്മേടേം കൂടെ പോയി വന്നപ്പോള്‍ നേരം വൈകി. പബ്ളിക്കു ലൈബ്രറി അടച്ചു പോയി.

അമ്മയുടെ വളരെ കാലത്തെ ആവശ്യമായിരുന്ന പുതിയ ഫ്രിഡ്ജ് മേടിച്ചു.

ഞായറാഴ്ച് ഇടവക പള്ളിയില്‍ പോകുന്നതു തന്നെ ഒരു സുഖമുള്ള ഇടപാടാണു. സ്വന്തക്കാരെയും പരിചയക്കാരെയുമൊക്കെ കണ്ടു , നുണയും വെടിയുമൊക്കെ പറഞ്ഞു വീട്ടില്‍ വന്നപ്പോള്‍ നേരം വൈകി.

അലക്കിയ തുണിയെല്ലം കൂടി ബാഗില്‍ കുത്തി നിറച്ചു, അല്പ്പം ചോറുമുണ്ടിട്ട്‌, അടുത്ത ബസു പിടിച്ചു.

കഥ തീര്‍ന്നു. ഇനി കിടന്നുറങ്ങിക്കോ.

അനുബന്ധം:

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്നതാണു പാരമ്പര്യം. ഒരു സോഫ്റ്റ്വെയറു ജോലിയും കൊടുത്തു കിടത്തി നോക്കു, അവിടെ കിടന്നോളും. ഇങ്ങനെ ഇടയ്ക്കിടെ ഒന്നു പോയിവരുമെന്നേ ഉള്ളൂ.

Wednesday, February 6, 2008

ബ്ളോഗ്-സലാം!..[പനച്ചൂരാനേ... എന്നോടു ക്ഷമി!]

[ഹമ്മിങ്ങ്‌].....

ഗൂഗിളിന്റെ ഫ്രെയിമിലുള്ള ബ്ളോഗ്-സ്പോട്ട് പൂമരം...
കൈരളീകരിച്ച നൂറു ബ്ളോഗുമായി വിളങ്ങവേ...
നോക്കുവിന്‍ ബ്ളോ[സ]ഖാക്കളേ... നമ്മള്‍ വന്ന റൌട്ടറില്‍...
ആയിരങ്ങള്‍ ഐ. പി. കൊണ്ടെഴുതിവെച്ച വാക്കുകള്‍...

വരമൊഴീ......[ഹമ്മിങ്ങ്‌]
ഇളമൊഴീ......[ഹമ്മിങ്ങ്‌]

മൂര്‍ച്ചയുള്ള വാക്കു തന്നെയല്ല ബ്ളോഗിനാശ്രയം...
ചേര്‍ച്ചയുള്ള നല്ല ഫോണ്ടു തന്നെയാണതോര്‍ക്കണം...
ഫോണ്ടു കയ്യിലില്ലയെങ്കിലിവിടെ ക്ളിക്കു ചെയ്യണം...
ബ്രൌസറിന്റെയുള്ളിലുള്ള സെറ്റിങ്ങ്സൊന്നു മാറ്റണം...

കണ്ടവന്റെ ബ്ളോഗു കട്ടു പോസ്റ്റിയ രചനകള്‍...
അന്തംവിട്ടു വായിക്കുന്ന പാവങ്ങള്‍ ചരിത്രമായി...
സ്വന്തമായ ചിന്തകള്‍ മടിച്ചിടാതെ പോസ്റ്റുവിന്‍...
കയ്യടിച്ചു ക്ളാപ്പടിച്ചു കമന്റുകള്‍ നിറഞ്ഞിടും...

കമന്റുകള്‍ തുറന്നു വരും വീറു കൊണ്ട വാക്കുകള്‍
ചോദ്യമായി പോപ്പപ്പു ചെയ്തു സിസ്റ്റം ഹാങ്ങു ചെയ്തുവോ?
നല്ല ബ്ളോഗുകള്‍ക്കു ജന്‍മമേകിയ പ്രൊഫൈലുകള്‍
"മാറി നില്ലു മര്‍ക്കടാ"ന്നു ചൊല്ലി മാറ്റി വിട്ടുവോ?

ഡി.സി.ബുക്സിലേയ്ക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
മൊഴി പിഴച്ചു പോയിടാതെ മെല്ലെ ടൈപ്പു ചെയ്യുവിന്‍
ഹിറ്റു നേറ്റുവാന്‍ കരുത്തു നേടണം- നിരാശയില്‍
വീണിടാതെ ഹിറ്റിനായി പൊരുതുവാന്‍ കൊതിക്കണം...

ഇനി ഒരു നാലു വരി ഞാനിതു വായിക്കുന്നവര്‍ക്കു പൂരിപ്പിക്കാനായി ബാക്കി വെച്ചിരിക്കുന്നു.......

ആശീര്‍വദിച്ചാലും.... അനുഗ്രഹിച്ചാലും...

Monday, February 4, 2008

നോയമ്പ് കാലം

പതിവു തെറ്റിക്കാതെ ഇത്തവണയും നോയമ്പ് ദേ ഇങ്ങെത്തിക്കഴിഞ്ഞു. എന്നാല്‍ പതിവിനു വിപരീതമായി നോയമ്പെടുത്തേക്കാമെന്നു ഞാനും തീരുമാനിച്ചുകഴിഞ്ഞു. അടി-പിടി-വലി-കുടി-തെറ്റ്-തെറി, ഇവയ്ക്കെല്ലാം ഒരമ്പതു ദിവസത്തേയ്ക്കു സുല്ല്!

കഠിന നോയമ്പെടുത്താല്‍ അനുഗ്രഹപ്പെരുമഴ ഇങ്ങു പോരുമെന്നോര്‍ത്തല്ല കേട്ടോ. എന്നേക്കാള്‍ മര്യാദക്കാരനായിരുന്ന ആശാരിപ്പറമ്പില്‍ ജോസഫിന്റെ മകന്‍ ഈശോ [ ഹ! നമ്മുടെ യേശുക്രിസ്തു തന്നേന്നേ!] വലിയ കാര്യത്തില്‍ നോയമ്പെടുത്തു ചെന്നപ്പൊ കിട്ടിയതു മുള്‍ക്കിരീടവും മരക്കുരിശ്ശും. അതുകൊണ്ടു, അങ്ങനെ വലിയ പ്രതീക്ഷകളൊന്നുമില്ല. പിന്നെ, നാടിന്റെ പൊതുകടം പോലെ അനുദിനം വളര്‍ന്നുവരുന്ന എന്റെ വയറിനു ഇതുകൊണ്ടൊരു ക്ഷീണമുണ്ടായാല്‍ അതെങ്കിലുമായി. " ഞങ്ങള്‍ കോട്ടയംകാര്‍ക്കു കുടവയര്‍ ഒരലങ്കാരമാടോ" എന്ന നമ്പര്‍ പഴയ പോലെ അങ്ങെറിക്കുന്നില്ല.

ഞായറാഴ്ചത്തെ പേത്രത്താ ആഘോഷമൊക്കെ പൊടിപൊടിച്ചു. [പേത്രത്താ= നോയമ്പിനു തൊട്ടു തലേദിവസം. പന്നിയും, പൈന്റും നിര്‍ബന്ധം.]. ഇന്നലെ പള്ളിയില്‍ പോയി നെറ്റിയില്‍ ചാരം പൂശി. ദേ, ഈ നേരം വരെ ഓ.ക്കെ. ഇനി 48 ദിനരാത്രങ്ങള്‍ കൂടി.

അനുബന്ധം:
ഇന്നലെ പ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞ ഒരു വാചകം ഇങ്ങനെ : " നമ്മുടെ ഉണ്മയുടെ ഉള്ള്‌ ഉള്‍ക്കൊള്ളുന്നതു ദൈവത്തിന്റെ പ്രതിഛായയാണു...". ഇന്നീ നേരം വരെ എനിക്കതിന്റെ അര്‍ത്ഥം പിടികിട്ടിയിട്ടില്ല. സഹായിക്കാനപേക്ഷ.