മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Saturday, April 19, 2008

സ്റ്റാര്‍ സിംഗര്‍ പട്ടം നജീമിനു തന്നെ...

ഒരു വര്‍ഷത്തോളം നീണ്ടു നിന്ന സംഗീത സപര്യയ്ക്കു പരിസമാപ്തി. ഇടക്കാലത്തു പ്രചാരം നേടിയ ഊഹാപോഹങ്ങള്‍ പറഞ്ഞതു പോലെ 40 ലക്ഷത്തിന്റെ ഫ്ളാറ്റ് നജീം അര്‍ഷാദിനു സ്വന്തം. ഒപ്പം ആയിരങ്ങളുടെ അഭിവാദനങ്ങളും. നജീം വിജയം അര്‍ഹിച്ചതു തന്നെ എന്നാണെന്റെയും എളിയ അഭിപ്രായം.

പക്ഷേ കൊട്ടിഘോഷിച്ചു നടത്തിയ മെഗാഫൈനല്‍ നിരാശപ്പെടുത്തിക്കളഞ്ഞു.

1. ബാലമുരളീകൃഷ്ണ ഒരു നാലു വരിയെങ്കിലും പാടുമെന്നു കരുതി.

2. പ്രക്ഷേപണ നിലവാരം താരതമ്യേന മോശം.

3. രഞ്ജിനിയുടെ അവതരണവും വേഷവും പരബോറു. [ ഒരു വിധം നന്നായി ഇംഗ്ളീഷു സംസാരിച്ചിരുന്നതായിരുന്നു, ഇപ്പോ അതും ഒരു വഴിക്കായി.]

4. നേരത്തേ റിക്കോര്‍ഡ് ചെയ്ത ഗാനങ്ങളുമായി 'പെര്‍ഫോം' ചെയ്തവരില്‍ നന്നായി 'അഭിനയിച്ചതു' ഒന്നോ രണ്ടോ പേരു.

കഴിഞ്ഞ ഒരു കൊല്ലത്തില്‍ ഞാനയച്ചതു രണ്ട് വോട്ടാണു. തുടങ്ങിയ കാലത്തു നജീമിനു ഒന്നും, പിന്നെ കഴിഞ്ഞ മാസം ഒരെണ്ണം തുഷാറിനും. ഇനി എന്റെ ഒരു വോട്ടിനെങ്ങാനുമാണു അവരു ജയിച്ചതെങ്കില്‍ ഒന്നു ഞെളിയാമാരുന്നു.

"ഹോ! അങ്ങനെ അതും കഴിഞ്ഞു " എന്നു പറഞ്ഞു ശ്വാസം വിടാന്‍ വരട്ടെ. വരുന്നൂ... സ്റ്റാര്‍ സിംഗര്‍ 2008!!

Monday, April 14, 2008

ന്യൂനപക്ഷത്തിന്റെ ഭൂരിപക്ഷം

നാക്കു ചൊറിഞ്ഞു തുടങ്ങിയിട്ടു നാളു കുറേയായി.മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ആഴ്ച തോറുമുള്ള ഇടയലേഖനങ്ങളും അവകാശപ്രഖ്യാപനങ്ങളും പ്രതിഷേധ റാലികളും പത്രസമ്മേളനങ്ങളുമെലാം നടത്തിക്കൊണ്ടു കേരളത്തിലെ ക്രിസ്തീയസഭകള്‍, അഥവാ സഭാനേതാക്കള്‍, അരങ്ങുതകര്‍ക്കുമ്പോള്‍, അന്തിച്ചു നില്‍ക്കുന്ന ഒരു അല്‍മായനു പ്രതികരിക്കാന്‍ ഒരു വേദിയില്ല എന്നതാണു സത്യം. വിശ്വാസ സംരക്ഷകരാകേണ്ടവര്‍ മറ്റെന്തിനൊക്കെയോ വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ അവരോടു ചേര്‍ന്നു നില്‍ക്കണോ അതോ മാറിനില്‍ക്കണോ എന്നറിയാത്തവരാണു വിശ്വാസികളില്‍ ഭൂരിഭാഗവും.


ഭാരത്തിന്റെ തനതായ ആതിഥേയഭാവമാണു ക്രിസ്തുമതത്തിന്റെ ആദ്യകാലപ്രചാരമണ്ഠലമായി ഇതു മാറുവാനുള്ള പ്രഥാനകാരണം.ലോകത്തിന്റെ പല ഭാഗങ്ങളിലും സുവിശേഷപ്രഘോഷകര്‍ നേരിട്ട എതിര്‍പ്പുകള്‍ ഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഉണ്ടായിട്ടില്ല. എ.ഡി.52-ല്‍ കൊടുങ്ങല്ലൂരിലെത്തിയ തോമാശ്ളീഹാ കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചു, 7 പള്ളികളും സ്ഥാപിച്ചിട്ടാണു തമിഴ് നാട്ടില്‍ പോയി രക്തസാക്ഷിയായതു. എ.ഡി-345-ല്‍ കപ്പലിറങ്ങിയ കീനായി തോമായ്ക്കും സംഘത്തിനും രാജകുടുംബങ്ങള്‍ക്കു ചേര്‍ന്ന വരവേല്‍പ്പാണു കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ നല്‍കിയതു. കച്ചവടവും കൃഷിയുമൊക്കെയായിട്ടു പലയിടത്തേയ്ക്കും കുടിയേറിയപ്പോഴും അവിടേയെല്ലാം പള്ളികളും അനുബന്ധസ്ഥാപനങ്ങളും നിര്‍മ്മിക്കാനും യാതൊരു വിധതടസങ്ങളുമുണ്ടായിട്ടില്ല. ഭരണഘടന രൂപപ്പെടുത്തിയപ്പോള്‍ ജനസംഖ്യ കൊണ്ടു ന്യൂനപക്ഷമായ മതവിഭാഗങ്ങളുടെ വികാരങ്ങള്‍ ഭൂരിപക്ഷത്തിന്റെയിടയില്‍ അമര്‍ന്നുപോകരുതു എന്നു മുന്നില്‍ക്കണ്ടാണു ഭരണഘടനാ ശില്‍പ്പികള്‍ ന്യൂനപക്ഷാവകാശങ്ങള്‍ നിര്‍വചിച്ചതു.

എന്നാല്‍ ഈ ന്യാനപക്ഷ അവകാശങ്ങളുടെ സമകലീന ഉപയോഗം ,ഇതുവരെ ഈ നാട്ടില്‍ നിലനിന്നിരുന്ന സമുദായികസന്തുലിതാവസ്ഥയ്ക്കു കോട്ടം വരുത്തുമാറുള്ള രീതിയിലാണു. ആത്മീയവും ആദ്ധ്യാത്മികവുമായ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും പകരം, ഭൌതികമായ വളര്‍ച്ചയിലാണു സഭകള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു എന്നു പറയേണ്ടി വരും.

എന്താണു സഭയുടെ ദൌത്യം?'നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന യേശുദേവന്റെ ആഹ്വാനം ഉള്‍ക്കൊണ്ടവരായിരിക്കണമല്ലോ സഭാനേതാക്കള്‍. അപ്പോള്‍ സഭയുടെ പ്രഥമവും പ്രധാനവുമായ കടമ വിശ്വാസപ്രഘോഷണം തന്നെ.ഇതുവരെ അനുഭവിച്ചു പോന്ന ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിനുള്ളില്‍ നിന്നുകൊണ്ടു, ഈ ഒരു ദൌത്യത്തോടു എത്ര മാത്രം നീതി പുലര്‍ത്തിയിട്ടുണ്ടു എന്നൊരു ആത്മവിമര്‍ശനം നടത്തേണ്ട കാലമായില്ലെ? വിദ്യാഭ്യാസ നിലവാരവും ആരോഗ്യനിലവാരവും വളരെ താഴെയായിരുന്ന ഒരു കാലത്തു , ഈ മേഖലകളില്‍ സഭ നല്‍കിയ സേവനങ്ങള്‍ ശ്ളാഘനീയം തന്നെ. പക്ഷേ കാലം ഇത്ര കഴിഞ്ഞിട്ടും, സ്കൂള്‍ നടത്തിപ്പും ഹോസ്പ്പിറ്റല്‍ നടത്തിപ്പും മാത്രം അജണ്ടയിലുള്ള സന്യസ്തസമൂഹങ്ങളുടെ പ്രസക്തിയെന്താണു? ഇതൊക്കെയുണ്ടായിട്ടും ഭാരതത്തിലെ ക്രിസ്ത്യാനികല്‍ ഇന്നും 4-5 ശതമാനത്തില്‍ എന്തുകൊണ്ടു ഒതുങ്ങി നില്‍ക്കുന്നു??

സ്വാശ്രയകോളെജു പ്രശ്നത്തിലെ ശരിയും തെറ്റും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത വിധം ഇഴകിചേര്‍ന്നു കിടക്കുന്നു.നിയമപരമായ മുന്‍തൂക്കം മാനേജുമെന്റുകള്‍ക്കു തന്നെ.പക്ഷേ, ലാഭത്തിനു വേണ്ടി മാത്രം കോളെജു തുടങ്ങിയ മുതലാളിമാരോടു ചേര്‍ന്നു ളോഹയിട്ടവരും സമരത്തിനിറങ്ങിയപ്പോള്‍ ഇടിഞ്ഞുതുടങ്ങിയതു ഈ നാട്ടിലെ ശരാശരി ക്രിസ്ത്യാനിയുടെ അന്തസ്സാണു. പുഷപഗിരി കോളെജില്‍ നടന്ന അക്രമസംഭവങ്ങള്‍ അപലപനീയം തന്നെ. എന്നാല്‍ അതിനു കാരണമായ കാര്യങ്ങളോ?

വിദ്യാഭ്യാസ പരിഷ്ക്കരണ നടപടികളോട് സഭയ്ക്കുള്ള എതിര്‍പ്പിന്റെ കാതലായ കാരണം ഇതു വരെ വ്യക്തമല്ല.കുട്ടികളെ യുക്തിപരമായ ചിന്തയ്ക്കും കാര്യകാരണസഹിതമായ അവലോകനത്തിനും പ്രാപ്തരാക്കണമെന്നു പറഞ്ഞാല്‍ നിരീശ്വരവാദം പ്രചരിപ്പിക്കലാണെന്നാരു പറഞ്ഞു? ഇതിലെവിടെയാണു വിശ്വാസത്തെ നിഷേധിക്കുന്നതു? അതോ വിശ്വാസികള്‍ യുക്തിപരമായി ചിന്തിക്കാന്‍ കഴിവില്ലാത്തവരായിരിക്കണം എന്നാണോ? എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില്‍ സര്‍ക്കാരും പങ്കാളിയാകുന്നതില്‍ എന്തിനാണു മെത്രാന്‍മാര്‍ കുപിതരാകുന്നതു? സ്വന്തം സമുദായത്തില്‍ നിന്നു നിയമിക്കാന്‍ പാടില്ല എന്നതല്ല നിര്‍ദ്ദേശം, നിയമിക്കപ്പെടുന്നവര്‍ യോഗ്യതയുള്ളവരാണെന്നു സര്‍ക്കാരിനു കൂടി ബോദ്ധ്യപ്പെടണം എന്നു മാത്രം.ശമ്പളം കൊടുക്കുന്നു സര്‍ക്കാരിനു അതായിക്കൂടെ? സ്വന്തം സമുദായത്തിന്റെ സ്ഥാപനങ്ങളില്‍ പോലും കോഴ കൊടുക്കാതെ ജോലി കിട്ടില്ല എന്നതാണു ഇന്നത്തെ സ്ഥിതി. ഇതിനൊരു കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരു നില്‍ക്കുന്നവര്‍ ഏതു വകയിലാണു സമുദായംഗങ്ങളുടെ പ്രതിനിധികളാകുന്നതു?

തികച്ചും ഭൌതികമായ ചില നിയന്ത്രണങ്ങളുടെ പേരിലാണു ഈ ന്യൂനപക്ഷപീഡനചരിതം പടച്ചു വിടുന്നതെന്നേ ഞാന്‍ പറയൂ. അതിന്റെ ഭാഗമായി എടുത്ത പല നിടപാടുകളും നടത്തിയ പരാമര്‍ശ്ശങ്ങളും ക്രിസ്ത്യാനികളുടെ മൊത്തം നാണക്കേടിനു കാരണവുമായി. മത്തായി ചാക്കോ വിവാദത്തില്‍ സഭാപിതാവിനു പറഞ്ഞതു തിരുത്തിപറയേണ്ടി വന്നു. ' രണ്ടാം വിമോചനസമരം 'എന്ന ആശയം പുറത്തുവന്നതും ഒരു പുരോഹിതശ്രേഷ്ഠന്റെ നാവില്‍ നിന്നു തന്നെ. കേരളത്തിലെ കത്തോലിക്കരും നായന്‍മാരും ചില്ലറ കോണ്‍ഗ്രസ്സുകാരും കൂടി മുദ്രാവാക്യം വിളിച്ചതുകൊണ്ടാണു അന്നു സര്‍ക്കാര്‍ വീണതെന്നു കരുതുന്നവര്‍ കുറച്ചധികമെണ്ടെന്നു തോന്നുന്നു. രാജ്യത്തു ആദ്യമായി ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നിലവില്‍വന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു കോണ്‍ഗ്രസ്സിനു , അതിനെ പുറത്താക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തു അതു നടന്നു. അതോര്‍ത്തുകൊണ്ടു ' തോമാ..ചാക്കോ.. സണ്ണീ...ഇറങ്ങെടാ' എന്നു പറഞ്ഞു വഴിയില്‍ ഇറങ്ങിയാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. അല്ലെങ്കില്‍തന്നെ ആരാ കൂടെയിറങ്ങാന്‍ പോണതു?

സഭകള്‍ക്കുള്ളില്‍ തന്നെ ഒരുപാടു പ്രശ്നങ്ങളുണ്ടു. കുര്‍ബ്ബാന എങ്ങോട്ടു തിരിഞ്ഞുനിന്നു ചൊല്ലണം, ഏതു ഫാഷന്‍ കുരിശു വേണം, ഏതൊക്കെ രൂപതകള്‍ വിഭജിക്കണം, അന്ത്യോഖ്യാ - ദേവലോകം പ്രശ്നം , അങ്ങനെ എത്രയെത്ര. സഭാനേതാക്കളോടു എന്റെ അപേക്ഷ ഇതാണു. നിങ്ങള്‍ ഈ പ്രശ്നങ്ങളൊക്കെ ആദ്യം തീര്‍ക്കൂ. ഞങ്ങള്‍ പാവം വിശ്വാസികളുടെ ചില്ലറ ആത്മീയപ്രശ്നങ്ങള്‍ വിട്ടേര്, അതൊക്കെ അങ്ങനെ കിടക്കും. നിങ്ങളുടെ ഇടയിലുള്ള കേസുകളൊക്കെ ഒന്നു രമ്യതയിലായിട്ടു എല്ലാവരും മിച്ചമുണ്ടെങ്കില്‍ , പിന്നെ നമുക്കു ബൈബിളും കൊണ്ടിറങ്ങി നമ്മുടെ പ്രധാന കടമ നിര്‍വ്വഹിക്കാം. ഇതെല്ലാം കഴിഞ്ഞു സമയം ഉണ്ടാകുന്ന കാലത്താലോചിക്കാം പുതിയ കോളെജുകളുടെ കാര്യം.


ഇനി, ഇതിന്റെ മറുപുറവും ഒന്നു പരാമര്‍ശ്ശിക്കാതെ വയ്യ.

1. തെറ്റെന്നു തോന്നുന്ന കാര്യങ്ങളെ സര്‍ക്കാര്‍ നിയമപരമായും രാഷ്ട്രീയപരമായും വേണം നേരിടാന്‍. തിരുവല്ലയില്‍ നടന്നതു പോലെയുള്ള അക്രമങ്ങള്‍ സര്‍ക്കരിനു ലഭിക്കുമായിരുന്ന ഒരു വലിയ രാഷ്ട്രീയ മുന്‍തൂക്കം നഷ്ടപ്പെടുത്തി.

2. നിയന്ത്രിച്ചു നിയന്ത്രിച്ചു എല്ലാവരേയും അങ്ങു നിരീശ്വരവാദികളാക്കാം എന്നഥവാ ആരേലും പ്ളാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതു വെറുതേ. വിശ്വാസത്തെ ബാധിക്കുന്ന പരിഷ്ക്കരണങ്ങളുണ്ടായാല്‍ അതിനെതിരേ പ്രതികരിക്കാന്‍ സഭാനേതാക്കള്‍ക്കൊപ്പം വിശ്വാസികളെല്ലാം ഉണ്ടാകും.


[ വായിക്കാന്‍ മനസ്സു കാണിച്ചതിനു നന്ദി. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇപ്പൊ ജീവിക്കുന്നതും ഒരു സത്യക്രിസ്ത്യാനി ആയിട്ടാണു. അഭിപ്രായം പറയുമ്പോള്‍ അതു കണക്കിലെടുക്കരുതെന്നപേക്ഷ!]

Wednesday, April 2, 2008

മലയാളം ചാനല്‍സ് അവലോകനംസ്: എന്റെ വകാസ്

വീട്ടില്‍ ആദ്യമായി കേബിള്‍ ടിവി എടുക്കുന്നതു ഞാന്‍ കോളെജില്‍ അവസാനവര്‍ഷം പഠിക്കണ കാലത്താണ്. അതുകൊണ്ടുതന്നെ കാര്യമായ ടിവി കാണല്‍ നടന്നിട്ടുള്ളതു പഠനം കഴിഞ്ഞു വീട്ടില്‍ ചുമ്മാ ഇരുന്ന 2-3 മാസം മാത്രം. എന്നാല്‍ ഇക്കഴിഞ്ഞ മാസം മുതല്‍ കമ്പനി ഗസ്റ്റ് ഹൌസില്‍ താമസിക്കുന്നതുകൊണ്ട് ട്.വി കാണല്‍ സ്ഥിരമായിരിക്കുന്നു. അങ്ങനെ അടുപ്പിച്ച് കുറേ നേരം കണ്ടുകൊണ്ടിരുക്കുമ്പോള്‍ തോന്നാറുള്ള ചില ചിന്തകളാണു ഈ ബ്ളോഗിനാധാരം. എല്ലാര്‍ക്കും ഇങ്ങനെയൊക്കെ തന്നെയാണോ എന്നു തോന്നാറുള്ളതു ഒന്നറിയാമല്ലോ. അല്ലാതെ ഇതില്‍ കാര്യമായി വേറെയൊന്നുംതന്നെയില്ല. അതുകൊണ്ട് തുടര്‍ന്നു വായിക്കണോ എന്നതു താങ്കളുടെ മനോധര്‍മ്മം. താല്‍പര്യമില്ലെങ്കില്‍ 'കിടിലം നിരീക്ഷണങ്ങള്‍' എന്നൊരു കമിന്റിട്ടിട്ടു വേഗം സ്ഥലം കാലിയാക്കിയാട്ടെ. വേറെയാളു വെയിറ്റ് ചെയ്യുന്നു...ഇന്ത്യാവിഷന്‍ Vs ഏഷ്യാനെറ്റ് ന്യൂസ്


നിലവാരത്തിലും അവതരണത്തിലും വലിയ വ്യത്യാസം അനുഭവപ്പെട്ടു. ഏഷ്യാനെറ്റിലെ പാരായണക്കാര്‍ കൂടുതല്‍ രാഷ്ട്രീയപ്രബുദ്ധതയും 'അഗ്രസ്സീവ്നെസ്സും' പ്രദര്‍ശിപ്പിക്കുന്നു. വരികള്‍ക്കു നല്ല ഭംഗിയും മൂര്‍ച്ചയും. ഇന്ത്യാവിഷനില്‍ എല്ലാവരും 'നികേഷ് കുമാറിനു' പഠിക്കുന്നതുപോലെ തോന്നി. ചോദ്യങ്ങള്‍ക്കൊന്നും പഴയ മൂര്‍ച്ചയില്ല.


ഐഡിയ സ്റ്റാര്‍ സിംഗര്‍ Vs ഗന്ധര്‍വ്വസംഗീതം Vs വോഡഫോണ്‍ തകധിമി Vs സൂപ്പര്‍ സിംഗര്‍


ആദ്യം തന്നെയൊരു കാര്യം. എന്തിനാ ഇതിനെയെല്ലാം റിയാലിറ്റി ഷോ എന്നു വിളിക്കുന്നതു എന്നു മനസ്സിലാകുന്നില്ല.പാട്ടു പാടി സമ്മാനം മേടിക്കുന്ന മല്‍സരങ്ങള്‍ ചാനലുകളില്‍ വരാന്‍ തുടങ്ങിയിട്ടു കാലം കുറേയായതല്ലേ. മെസേജയപ്പും കൊല്ലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന എടപാടുമൊക്കെ വന്നെങ്കിലും സംഗതി പഴയ മേരീ ആവാസ് സുനോ തന്നെയല്ലേ. ആ എന്നതേലും ആട്ടെ.

സ്റ്റാര്‍ സിംഗറും ഗന്ധര്‍വ്വസംഗീതവും കൂടി താരതമ്യം ചെയ്താല്‍ അജ-ദശഗജാന്തര വ്യത്യാസം എന്നു പറയേണ്ടി വരും.

നാടകീയത ആവശ്യത്തിലും കൂടുതല്‍ ഉണ്ടെന്നിരിക്കിലും , സ്റ്റാര്‍ സിംഗര്‍ സംഗീതപരമായി നല്ല നിലവാരമുള്ള പരിപാടിയാണു. പാടുന്നവരെല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. എം.ജി.ശ്രീകുമാറും ശരത്തും നടത്താറുള്ള വിലയിരുത്തലുകള്‍, സംഗീതത്തിലുള്ള അവരുടെ കഴിവു തന്നെയാണു തെളിയിക്കുന്നതു. അവര്‍ മലയാളത്തില്‍ പറയുന്നതു ഇംഗ്ളീഷിലും തമിഴിലുമായി പരിഭാഷപ്പെടുത്താന്‍ ദീദിയുമുണ്ട്. പാല്‍പ്പായസത്തിനിടെ കറിനാരങ്ങാ അച്ചാര്‍പോലെ രഞ്ജിനിയും. ആകെപ്പാടെ അടിപൊളി ജഗപൊക!

ഗന്ധര്‍വ്വസംഗീതം! ഹാ കഷ്ടം !നന്നായി തെളിയുന്ന നാലു ട്യൂബ് പോലുമില്ല. പാടുന്നവരോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടെ, അവരില്‍ പലരേക്കാളും നന്നായി ഞാന്‍ പാടും!!എന്നാല്‍ ജോണ്‍സണ്‍ സാറൊക്കെ പറയുന്ന കമന്റുകളോ? എന്റമ്മോ! യേശുദാസിനും, ചിത്രയ്ക്കുമൊക്കെ പാട്ടു പറഞ്ഞു കൊടുത്തിട്ടുള്ള പുള്ളിക്കാരന്‍, ആ മധുരഗാനങ്ങളില്‍ പലതും വേദിയിലിട്ടു വലിച്ചിഴക്കുന്നതുകണ്ടിട്ടും പുരികം പോലുമൊന്നു ചുളിക്കാതെ ഗിറ്റാര്‍ വായിച്ചിരിക്കാറാണു പതിവു. ഇന്നലെ ഒരു പാട്ടിനു കാവാലം ശ്രീകുമാര്‍ ആസ്വദിച്ചു തല കുലുക്കുന്നതുകണ്ടിട്ടു ചിരി വന്നു. എന്നതായാലും ഒരു സാധാരണക്കരന്‍കൂടി കാറുകാരനാകുമല്ലോ എന്നതാശ്വാസം.

പിന്നെ തകധിമി. എനിക്കൊന്നും പറയാനില്ലേ! ഇതു സ്ഥിരമായി കാണുന്ന ആരെങ്കിലും ഇതു വായിക്കാന്‍ ഇടവന്നാല്‍ ഒന്നു പറയണേ. ചില കാര്യങ്ങള്‍ ചോദിക്കാനാണ്.

അമൃതയിലെ സൂപ്പര്‍ സിംഗറിന്റെ അവസ്ഥയും ദുരവസ്ഥ തന്നെ. സംഗീതും ജോബും പാടിത്തകര്‍ത്ത വേദിയില്‍ ആ പഴയ സംഗീതമില്ല. പിന്നെ സാക്ഷാല്‍ ജയചന്ദ്രന്റെ കോണ്‍ട്രിബൂഷന്‍ കൂടിയാകുമ്പോ..ഓര്‍മ്മയില്ലേ ഐഡിയ സ്റ്റാര്‍ സിംഗര്‍ 2006??

ഈയിടെയായി ഞാന്‍ കാത്തിരുന്നു കാണുന്ന ഒരു പരിപാടി കൈരളിയിലെ അക്കരക്കാഴ്ചകളാണു. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കു. അമേരിക്കന്‍ അച്ചായന്‍മാരുടെ ജീവിത പരിശ്ചേദം. കഥാനായകന്‍ കോട്ടയം മീനച്ചില്‍ താലൂക്കുകാരനാണെന്നു വളരെ വ്യക്തം. ഭാര്യയുടെ സംസാരം കേട്ടിട്ടു കോട്ടയത്തിനു തെക്കോട്ടാണെന്നു തോന്നുന്നു. പിന്നെ ഗ്രിഗറിയും. അരമണിക്കൂര്‍ മടുപ്പില്ലാതെ കാണാനും, ഇടയ്ക്കിടെ നന്നായി ചിരിക്കാനും പറ്റും. ഇതു വരെ കാണാത്തവര്‍ ഒന്നു കണ്ടു നോക്കൂ.

ഇപ്പൊ ഇത്രയേ ഉള്ളൂ. ബാക്കി പിറകേ. എന്നാ പോരായോ?