മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, March 20, 2011

ക്രിസ്ത്യൻ ബ്രദേഴ്സ് - ഫയങ്കര പടം!

ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രം കണ്ടു.


ഒരു സിനിമ എന്നാൽ ഇങ്ങനെയിരിക്കണം എന്നു വാശിപിടിക്കാൻ ഒരു ശരാശരി പ്രേക്ഷകനു അവകാശമില്ല എന്ന വസ്തുത അംഗീകരിക്കുമ്പോൾത്തന്നെ, അവന്റെ സാമാന്യബോധത്തിനും പ്രായോഗികയുക്തിക്കും നിരക്കാത്തതു സ്ക്രീനിൽ കാണുമ്പോൾ തൊള്ള തുറന്നു കൂവാനുള്ള അധികാരം ഒരമ്മയ്ക്കും മാക്ട്യ്ക്കും ഫെഫ്ക്കയ്ക്കും പണയം വെച്ചിട്ടില്ല എന്ന പരമാർത്ഥം ഒന്നുകൂടി ഉരുവിട്ടുകൊണ്ട് കാര്യത്തിലേയ്ക്കു കടക്കാം.

മലയാള സിനിമാ ചരിത്രത്തിലെ മെഗാഹിറ്റുകളെ, അവയുടെ കലാമൂല്ല്യത്തിന്റെ അടിസ്ഥാനത്തിൽ ഒന്നു നിരത്തിവെച്ചാൽ ആ നിരയുടെ അവസാന കണ്ണികളിലൊന്നാവും ‘റ്റ്വെന്റി- റ്റ്വെന്റി’ എന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാൻ. പക്ഷേ, ആ ചലച്ചിത്രം നിർമ്മിച്ച ഒരു ചുറ്റുപാടിൽ, അത്രയധികം താരങ്ങളെ ഉൾക്കൊള്ളിക്കുമ്പോൾ അതങ്ങനെയൊക്കെയേ വരൂ എന്ന ന്യായം പറയാം. പക്ഷേ അതിനെ അനുകരിക്കാൻ ശ്രമിച്ചാലോ?

ക്രി.ബ്ര -യിൽ സംഭവിച്ചിരിക്കുന്നതു അതാണ്‌. കുറേയധികം താരങ്ങൾ. അതിൽ പകുതി നായക സ്ഥാനത്ത്‌, ബാക്കി വില്ലൻസ്‌. ഇട്ടാവട്ടമായ ഒരു കേരളത്തിൽ കിടന്നു വെടി-പട-ബോംബ്-ലാപ്ടോപ്പിൽ തെളിയുന്ന ട്രാക്കിങ്ങ് ( ജയിംസ് ബോണ്ടൊക്കെ ഇതു കണ്ട് പഠിക്കണം!).


പിന്നെ പ്രണയം & വെഞ്ഞാറമ്മൂട് - അതില്ലാതെ എന്തോന്നു സിനിമ!


ഇതിനു മുന്നിലും പിന്നിലും പുറകിലുമൊക്കെ പ്രവർത്തിച്ച ചിലരോടു പറയാനുള്ളതു ഇവിടെ പറയുന്നു.


ഉദയ്കൃഷ്ണ- സിബി.കെ. തോമസ് :

എത്രയും വേഗം പട്ടാളത്തിൽ ചേരണം. മതിലിനിപ്പുറത്തു നിന്നു ഇമ്മാതിരി കഥ- തിരക്കഥ-സംഭാഷണങ്ങൾ ഒക്കെയങ്ങു തട്ടിവിട്ടാ മതി. പാക്കിസ്താനല്ല, ചൈന പോലും നാടുവിടും.


ജോഷിയി ( ഇപ്പോ ഇങ്ങനെയാ എഴുതേണ്ടത്‌):

ക്രി.ബ്ര എന്നൊക്കെ പേരു കണ്ടപ്പോ ഒരു “ലേലം”, അല്ലെങ്കിൽ മിനിമം ഒരു “ വാഴുന്നോർ” ഒക്കെ പ്രതീക്ഷിച്ചത് എന്റെ തെറ്റ്‌. എന്നാലും ചോദിക്കുവാ, എന്താ സാർ പ്രശ്നം? ഒരു സീനിയർ സംവിധാകൻ ഒരിക്കലും വരുത്തരുതാത്ത തെറ്റുകളാണല്ലോ സീനുകളിൽ മുഴുവനും? അശ്രദ്ധയൊ അതോ ഇതൊക്കെ മതിയെന്നാണോ?

പക്ഷേ നന്ദിയുടെ ഒരു വാക്ക്‌ : ക്രിസ്ത്യാനി കുടുംബങ്ങൾ എന്നാൽ, സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളുൾപ്പെടെ എല്ലാവരും വെള്ളയും വെള്ളയും ധരിച്ചു വട്ടത്തിലിരുന്നു വാട്ടീസടിക്കുന്നവർ എന്ന പതിവു ക്ലീഷേ ഒഴിവാക്കിയതിനു.


ദിലീപ്- അനൂപ്- സുബൈർ :

ഒരു കുറ്റവും പറയാനില്ല. നഷ്ടം വരാത്ത കാലത്തോളം ചിത്രങ്ങൾ നിർമ്മിക്കുക.


ലാലേട്ടാ :

എന്തു പറയാൻ ! ഒന്നും പറയാനില്ല.


കൈതപ്രം :

പ്രമദവനവും വണ്ണാത്തിപ്പുഴയുമൊക്കെ വിരിഞ്ഞ ആ തൂലിക കളഞ്ഞു പോയോ ആവോ!




അരുൺ തോമാ എന്ന ഒരു സുഹൃത്ത് പറഞ്ഞതു പോലെ ക്രി.ബ്ര. എന്ന പേരു കൊണ്ട് ക്രിസ്ത്യാനികൾക്കു നാണക്കേടായി എന്നു ഞാൻ കരുതുന്നില്ല. പക്ഷേ ആ പേരിലുള്ള ഒരു നല്ല ബ്രാണ്ടിക്കു ഇതൊരു ചെറിയ ക്ഷീണമായിപ്പോയി.

That's all!