മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, September 30, 2010

പ്രാഞ്ച്യേട്ടൻ - ഹ ഹ ഹ!

പ്രാഞ്ച്യേട്ടൻ ഒന്നു കണ്ടിരിക്കേണ്ട പടമാണ്‌. മാനസിക വിനോദം എന്നത് ഒരു കലാരൂപം എന്ന നിലയിൽ സിനിമയുടെ ഒരു പ്രധാന ഘടകമാണെന്നിരിക്കേ, ആ പ്രമാണത്തോട്‌ ഏറ്റവും നീതി പുലർത്താൻ ഈ പടത്തിനു കഴിഞ്ഞിട്ടുണ്ട്. രഞ്ജിത്ത് എന്ന സംവിധായകൻ , രഞ്ജിത്ത് എന്ന കഥാകൃത്തിനും തിരക്കഥാകൃത്തിനും ഉപരിയായി വളർനുവരുന്ന കാഴ്ച , മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും പ്രതീക്ഷ നല്കുന്നു

.“...സിനിമ കളറാണെങ്കിലും, കഥേക്കെ സിമ്പ്ലാണ്‌ട്ടാ. ‘മ്മടെ തൃശ്ശൂരെ ഒരു പ്രാഞ്ച്യേട്ടൻ . പോസ്റ്റർമ്മേ പ്രാഞ്ചിയേട്ടൻ എന്നൊക്കെ ചുള്ളന്മാരു പെടച്ചു വെച്ചിട്ട്‌ണ്ട്ങ്കിലും, സംഗതി ’മ്മടെ പ്രാഞ്ച്യേട്ടൻ തന്നെ.

പ്രാഞ്ച്യേട്ടൻ ഒരൂസം , പുണ്ണ്യാളനു കത്തിക്കാൻ രണ്ടു തിരീം കൊണ്ടങ്ങ്ട് ചെല്ലുമ്പോ, ദോ നിക്കണ്‌ ഗഡി! ഹയ്‌, ‘മ്മടെ പുണ്ണ്യാള്‌നേ, പ്രാൻസീസ് പുണ്ണ്യാളൻ!

നേരോട്ട് വെളുത്തുട്ടൂല്യ... അങ്ങനെ അവരു രണ്ടൂടെ ഒന്നും പറഞ്ഞു രണ്ടും പറഞ്ഞു ഒരൂട്ട് സിനിമ.. അത്രന്നെ! പക്ഷെ സംഗതി മെട മെടഞ്ഞ്ട്ടിണ്ട്ട്ടാ! എന്തുട്ടാ കൊട്ടകേല്‌ ചിരി! ”

ചുമ്മാ ഒരു രസത്തിനു, തൃശ്ശൂരുകാരു ഒന്നങ്ങോട്ടു ക്ഷമി! :-)

അപ്പോ അത്രയൊക്കെ തന്നെ. ചെറമ്മൽ ഈനാശു ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടന്റെ വീവിതത്തിലൂടെ ഒരോട്ടപ്രദക്ഷിണം. നർമ്മത്തിൽ കലർന്ന ഒരു ജീവിത സന്ദേശം. ആകെ മൊത്തം ഒരു ‘ഫീൽ ഗുഡ്’ സിനിമ

.‘ എന്റെ കാശ് പോയല്ലോ പുണ്ണ്യാളാ..’ എന്നു തോന്നില്ല. അതു ഗ്യാരന്റി.

എന്നാലും എന്നതേലും രണ്ട് കുറ്റം പറയാതെ എങ്ങനാ അവസാനിപ്പികുക?

സിനിമയുടെ ആദ്യ സീനുകളിലൊന്നിൽ ‘ ഞാൻ നല്ല ഒന്നാം നമ്പരു കൃസ്ത്യാനിയാ’ എന്നു പറഞ്ഞോണ്ട് പ്രാഞ്ച്യേട്ടൻ പോയി അൾത്താരയുടെ പടിയിൽ ഇരിക്കുന്ന ഒരു രംഗം കണ്ടു. ഒന്നാം നമ്പരു കൃസ്ത്യാനികൾ അങ്ങനെ സക്രാരിക്ക് പുറം തിരിഞ്ഞിരിക്കില്ല. സംവിധായകൻ, നോട്ട് ദി പോയിന്റ്!

പിന്നെ പ്രാഞ്ചിയുടെ ട്രെയ്‌ലറുകൾ തീരെ ഇഷ്ടായില്ല. ഒരു തട്ടുപൊളിപ്പൻ കോമഡി പടം എന്ന ഒരു ഫീലാണ്‌ കിട്ടിയത്‌. പക്ഷെ സിനിമ അല്പ്പം കൂടി ഗൗരവമുള്ളതായാണു അനുഭപ്പെട്ടതു. ഹോളിവുഡിലൊക്കെ ഉള്ളതു പോലെ , നല്ല രീതിയിൽ ഒരു ട്രെയ്‌ലറൊക്കെ നമ്മുടെ ആൾക്കാർക്കും പിടിച്ചൂടെ?

അപ്പോ കാണണട്ടാ... ഗോൾഡ് ഈസ് ഓൾഡ്... ഓൾഡ് ഇസ് ഗോൾഡ്!!!

പി.എസ്. : ഒന്നുംകൂടെ പറയുന്നു, ഇതു മറ്റൊരു രാജമാണിക്യമല്ല!

Sunday, September 26, 2010

എൽസമ്മയ്ക്കൊരു സപ്രിട്ടിക്കറ്റ്!

സിനിമകൾ പ്രേക്ഷകരെ ആകർഷിക്കുന്നത് പല വിധത്തിലാണ്‌ . കഥയുടെ പുതുമ, അഭിനയ പാടവം, തിരക്കഥയുടെ കെട്ടുറപ്പ്‌, ഗാനങ്ങൾ - അങ്ങനെ പല പല ഘടകങ്ങൾ ഇതിനു കാരണമാകാം. പക്ഷേ മേല്പ്പറഞ്ഞതു ഒന്നുമില്ലാതെ , സാധാരണ ജീവിതം സാധാരണമായി അവതരിപ്പിച് കൈയ്യടി വാങ്ങിയ ഒട്ടനവധി ചിത്രങ്ങൾ മലയാളത്തിലുണ്ടായി്. (ഉദാ : ടി.പി. ബാലഗോപാലൻ എം.എ.), ലാൽ ജോസിന്റെ പുതിയ ചിത്രമായ ‘എൽസമ്മ എന്ന ആൺകുട്ടി’-യെ ആ ഗണത്തിൽ പെടുത്താം.


റബ്ബർപ്പാൽ മണക്കുന്ന ഒരു മലയോരഗ്രാമത്തിലുള്ള ഒരു പിടി മനുഷ്യരുടെ അനുദിനജീവിതത്തിലേയ്ക്കുള്ള ഒരെത്തിനോട്ടം , അപ്രതീക്ഷിതങ്ങളായ സംഭവവികാസങ്ങളോ കഥാപാത്രങ്ങളോ ഇല്ലാതെ രണ്ടര മണിക്കൂർ നീളുന്ന ഒരെത്തിനോട്ടം. സഹകരണത്തിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങൾ , അവരുടെ ജീവിതത്തിലെ സ്ഥിരമായി ഇടപെടുന്ന ചിലർ, പുതിയ ചില മുഖങ്ങൾ രംഗപ്രവേശം ചെയ്യുമ്പോൾ ഈ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ , ശുഭപര്യവസാനം - ഇത്രേയുള്ളൂ ഈ ചിത്രം.


പിന്നെയെന്തുകൊണ്ടു ഈ ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നൂ ? ഉത്തരമൊന്നു മാത്രം - മലയാളിയുടെ സ്വകാര്യജീവിതത്തിൽ നിന്നും, പൊതു സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കത എന്ന നന്മ, ഈ ചിത്രത്തിലുടനീളം കാണാം. ജുറാസിക് പാർക് എന്ന സിനിമ ഇറങ്ങിയപ്പോ , പണ്ടെന്നോ ഇല്ലാതായ ഒന്നിനെ കാണാനല്ലേ നമ്മൾ ഇടിച്ചുകേറിയത്‌? അതേ മനോഭാവം എന്നു കരുതാം. നമ്മുടെയൊക്കെ ഉള്ളിലെവിടിയോ ഇപ്പോഴും ഉണ്ടെന്നു നാം കരുതുന്ന ആ നാട്ടിൻപുറത്തിന്റെ നന്മ- അതൊന്നു കാണാം എന്ന മിനിമം ആഗ്രഹം.


ആൻ അഗസ്റ്റിൻ എന്ന പുതുമുഖ നടി കുറച്ചധികം നാൾ ഈ രംഗത്തുകാണും എന്നു കരുതാം. അസാമാന്യ പ്രകടനം എന്നൊന്നും വിശേഷിപ്പിക്കുന്നില്ലെങ്കിലും , വളരെ ചെറിയ പ്രായത്തിൽ, തന്റെ ആദ്യ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ തന്നെ ഭംഗിയായി അവതരിപ്പിച്ച ആൻ അഗസ്റ്റിനു അഭിനന്ദനങ്ങൾ. ആനിന്റെ പ്രായത്തിനും കഥാപാത്രത്തിനും ചേർന്ന രീതിയിൽ ശബ്ദം നല്കിയ വിമ്മി മറിയവും അഭിനന്ദനം അർഹിക്കുന്നു.


കുഞ്ചാക്കോ ബോബന്റെ പ്രകടനവും അതിഗംഭീരമായിട്ടുണ്ട്‌. മുൻ ചിത്രങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ശരീരഭാഷയ്ക്കുണ്ടായിരുന്ന ഒരു fatigue ( ഇതിന്റെ മലയാളം എന്നതാ?) ഈ പടത്തിലില്ല. മറ്റുള്ളവരും പൊതുവേ നല്ല പ്രകടനമാണ്‌ കാഴ്ച വച്ചിരിക്കുന്നത്‌. മുകേഷിനു ശേഷം, മലയാളത്തിലെ നല്ല ഒരു പൂവാലനായി ഇന്ദ്രജിത്ത് മാറിക്കഴിഞ്ഞു. നേടുമുടി, ലളിത, ജഗതി - ഇവരെയൊന്നും വെല്ലുവിളിക്കാൻ ഇവരുടെ കഥാപാത്രങ്ങൾക്കു കഴിഞ്ഞിട്ടില്ല.


വിജയരാഘവൻ എന്ന ഒരു നല്ല നടൻ , കഴിഞ്ഞ കുറച്ചു നാളുകളായി ഒരേതരം കഥാപാത്രങ്ങളിൽ ഒതുക്കപ്പെടുന്നതു വേദനാജനകമാണെങ്കിലും , ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന മറ്റു നടന്മാർ അധികം- ഇല്ല എന്നതാണ്‌ വാസ്തവം.


ലാൽ ജോസിന്റെ മറ്റു ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി , ഗാനരംഗങ്ങൾ അല്പ്പം മങ്ങിപ്പോയി എന്നതു ഒരു പോരായ്മയാണ്‌.


ആകെമൊത്തം ടോട്ടൽ , പടം കൊള്ളാം. കുടുംബത്തോടൊപ്പം ഒരു രണ്ടരമണിക്കൂർ ചിലവഴിച്ച് , ഒരു നഷ്ടബോധവും തോന്നാതെ ഇറങ്ങിപ്പോരാം. അതു പോരേ?