മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Wednesday, April 2, 2008

മലയാളം ചാനല്‍സ് അവലോകനംസ്: എന്റെ വകാസ്

വീട്ടില്‍ ആദ്യമായി കേബിള്‍ ടിവി എടുക്കുന്നതു ഞാന്‍ കോളെജില്‍ അവസാനവര്‍ഷം പഠിക്കണ കാലത്താണ്. അതുകൊണ്ടുതന്നെ കാര്യമായ ടിവി കാണല്‍ നടന്നിട്ടുള്ളതു പഠനം കഴിഞ്ഞു വീട്ടില്‍ ചുമ്മാ ഇരുന്ന 2-3 മാസം മാത്രം. എന്നാല്‍ ഇക്കഴിഞ്ഞ മാസം മുതല്‍ കമ്പനി ഗസ്റ്റ് ഹൌസില്‍ താമസിക്കുന്നതുകൊണ്ട് ട്.വി കാണല്‍ സ്ഥിരമായിരിക്കുന്നു. അങ്ങനെ അടുപ്പിച്ച് കുറേ നേരം കണ്ടുകൊണ്ടിരുക്കുമ്പോള്‍ തോന്നാറുള്ള ചില ചിന്തകളാണു ഈ ബ്ളോഗിനാധാരം. എല്ലാര്‍ക്കും ഇങ്ങനെയൊക്കെ തന്നെയാണോ എന്നു തോന്നാറുള്ളതു ഒന്നറിയാമല്ലോ. അല്ലാതെ ഇതില്‍ കാര്യമായി വേറെയൊന്നുംതന്നെയില്ല. അതുകൊണ്ട് തുടര്‍ന്നു വായിക്കണോ എന്നതു താങ്കളുടെ മനോധര്‍മ്മം. താല്‍പര്യമില്ലെങ്കില്‍ 'കിടിലം നിരീക്ഷണങ്ങള്‍' എന്നൊരു കമിന്റിട്ടിട്ടു വേഗം സ്ഥലം കാലിയാക്കിയാട്ടെ. വേറെയാളു വെയിറ്റ് ചെയ്യുന്നു...



ഇന്ത്യാവിഷന്‍ Vs ഏഷ്യാനെറ്റ് ന്യൂസ്


നിലവാരത്തിലും അവതരണത്തിലും വലിയ വ്യത്യാസം അനുഭവപ്പെട്ടു. ഏഷ്യാനെറ്റിലെ പാരായണക്കാര്‍ കൂടുതല്‍ രാഷ്ട്രീയപ്രബുദ്ധതയും 'അഗ്രസ്സീവ്നെസ്സും' പ്രദര്‍ശിപ്പിക്കുന്നു. വരികള്‍ക്കു നല്ല ഭംഗിയും മൂര്‍ച്ചയും. ഇന്ത്യാവിഷനില്‍ എല്ലാവരും 'നികേഷ് കുമാറിനു' പഠിക്കുന്നതുപോലെ തോന്നി. ചോദ്യങ്ങള്‍ക്കൊന്നും പഴയ മൂര്‍ച്ചയില്ല.


ഐഡിയ സ്റ്റാര്‍ സിംഗര്‍ Vs ഗന്ധര്‍വ്വസംഗീതം Vs വോഡഫോണ്‍ തകധിമി Vs സൂപ്പര്‍ സിംഗര്‍


ആദ്യം തന്നെയൊരു കാര്യം. എന്തിനാ ഇതിനെയെല്ലാം റിയാലിറ്റി ഷോ എന്നു വിളിക്കുന്നതു എന്നു മനസ്സിലാകുന്നില്ല.പാട്ടു പാടി സമ്മാനം മേടിക്കുന്ന മല്‍സരങ്ങള്‍ ചാനലുകളില്‍ വരാന്‍ തുടങ്ങിയിട്ടു കാലം കുറേയായതല്ലേ. മെസേജയപ്പും കൊല്ലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന എടപാടുമൊക്കെ വന്നെങ്കിലും സംഗതി പഴയ മേരീ ആവാസ് സുനോ തന്നെയല്ലേ. ആ എന്നതേലും ആട്ടെ.

സ്റ്റാര്‍ സിംഗറും ഗന്ധര്‍വ്വസംഗീതവും കൂടി താരതമ്യം ചെയ്താല്‍ അജ-ദശഗജാന്തര വ്യത്യാസം എന്നു പറയേണ്ടി വരും.

നാടകീയത ആവശ്യത്തിലും കൂടുതല്‍ ഉണ്ടെന്നിരിക്കിലും , സ്റ്റാര്‍ സിംഗര്‍ സംഗീതപരമായി നല്ല നിലവാരമുള്ള പരിപാടിയാണു. പാടുന്നവരെല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. എം.ജി.ശ്രീകുമാറും ശരത്തും നടത്താറുള്ള വിലയിരുത്തലുകള്‍, സംഗീതത്തിലുള്ള അവരുടെ കഴിവു തന്നെയാണു തെളിയിക്കുന്നതു. അവര്‍ മലയാളത്തില്‍ പറയുന്നതു ഇംഗ്ളീഷിലും തമിഴിലുമായി പരിഭാഷപ്പെടുത്താന്‍ ദീദിയുമുണ്ട്. പാല്‍പ്പായസത്തിനിടെ കറിനാരങ്ങാ അച്ചാര്‍പോലെ രഞ്ജിനിയും. ആകെപ്പാടെ അടിപൊളി ജഗപൊക!

ഗന്ധര്‍വ്വസംഗീതം! ഹാ കഷ്ടം !നന്നായി തെളിയുന്ന നാലു ട്യൂബ് പോലുമില്ല. പാടുന്നവരോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടെ, അവരില്‍ പലരേക്കാളും നന്നായി ഞാന്‍ പാടും!!എന്നാല്‍ ജോണ്‍സണ്‍ സാറൊക്കെ പറയുന്ന കമന്റുകളോ? എന്റമ്മോ! യേശുദാസിനും, ചിത്രയ്ക്കുമൊക്കെ പാട്ടു പറഞ്ഞു കൊടുത്തിട്ടുള്ള പുള്ളിക്കാരന്‍, ആ മധുരഗാനങ്ങളില്‍ പലതും വേദിയിലിട്ടു വലിച്ചിഴക്കുന്നതുകണ്ടിട്ടും പുരികം പോലുമൊന്നു ചുളിക്കാതെ ഗിറ്റാര്‍ വായിച്ചിരിക്കാറാണു പതിവു. ഇന്നലെ ഒരു പാട്ടിനു കാവാലം ശ്രീകുമാര്‍ ആസ്വദിച്ചു തല കുലുക്കുന്നതുകണ്ടിട്ടു ചിരി വന്നു. എന്നതായാലും ഒരു സാധാരണക്കരന്‍കൂടി കാറുകാരനാകുമല്ലോ എന്നതാശ്വാസം.

പിന്നെ തകധിമി. എനിക്കൊന്നും പറയാനില്ലേ! ഇതു സ്ഥിരമായി കാണുന്ന ആരെങ്കിലും ഇതു വായിക്കാന്‍ ഇടവന്നാല്‍ ഒന്നു പറയണേ. ചില കാര്യങ്ങള്‍ ചോദിക്കാനാണ്.

അമൃതയിലെ സൂപ്പര്‍ സിംഗറിന്റെ അവസ്ഥയും ദുരവസ്ഥ തന്നെ. സംഗീതും ജോബും പാടിത്തകര്‍ത്ത വേദിയില്‍ ആ പഴയ സംഗീതമില്ല. പിന്നെ സാക്ഷാല്‍ ജയചന്ദ്രന്റെ കോണ്‍ട്രിബൂഷന്‍ കൂടിയാകുമ്പോ..ഓര്‍മ്മയില്ലേ ഐഡിയ സ്റ്റാര്‍ സിംഗര്‍ 2006??

ഈയിടെയായി ഞാന്‍ കാത്തിരുന്നു കാണുന്ന ഒരു പരിപാടി കൈരളിയിലെ അക്കരക്കാഴ്ചകളാണു. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കു. അമേരിക്കന്‍ അച്ചായന്‍മാരുടെ ജീവിത പരിശ്ചേദം. കഥാനായകന്‍ കോട്ടയം മീനച്ചില്‍ താലൂക്കുകാരനാണെന്നു വളരെ വ്യക്തം. ഭാര്യയുടെ സംസാരം കേട്ടിട്ടു കോട്ടയത്തിനു തെക്കോട്ടാണെന്നു തോന്നുന്നു. പിന്നെ ഗ്രിഗറിയും. അരമണിക്കൂര്‍ മടുപ്പില്ലാതെ കാണാനും, ഇടയ്ക്കിടെ നന്നായി ചിരിക്കാനും പറ്റും. ഇതു വരെ കാണാത്തവര്‍ ഒന്നു കണ്ടു നോക്കൂ.

ഇപ്പൊ ഇത്രയേ ഉള്ളൂ. ബാക്കി പിറകേ. എന്നാ പോരായോ?

5 comments:

The Common Man | പ്രാരബ്ധം said...

മലയാളം ചാനല്‍സ് അവലോകനംസ്: എന്റെ വകാസ്

ശ്രീ said...

റിയാലിറ്റി ഷോകളില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണാറുണ്ട്. വേറെ ഒന്നും കാണാറില്ല. എന്തായാലും ഇതു പോലുള്ള അവലോകനങ്ങള്‍ ഇനിയും പോരട്ടേ... എന്നിട്ട് പറ്റിയാല്‍ കാണാം.
;)

അച്ചായത്തി said...

Heyy..

Innu akkarakazhchakal kando???

jj said...

lol... avalokanams kalakki. palpayasathinide karinaaranga achar..athenikku ishtapettu... pinne abbadha veshal innu ISS kandu... puthiya avatharaka, grandfinale kku munpe ellarem postmortem cheyyum enna thonanne...

inium varatte avalokanankal...
kore ondalo kaananum kelkkanum

Nishedhi said...

ചാനല്‍ അവലോകനം നന്നായി. തുടര്‍ന്നും ചെയ്യുക. ആശംസകള്‍!