മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, November 27, 2007

കൂട്ട കുമ്പസാരം

തലയില്‍ ആനാംവെള്ളം വീണു കത്തോലിക്കനായി കഴിഞ്ഞാല്‍പിന്നെ ഞങ്ങള്‍ക്കുള്ള ഒരു പ്രധാന ചടങ്ങാണു ആദ്യകുര്‍ബ്ബാന സ്വീകരണം. വി: കുര്‍ബ്ബാനയ്ക്കിടെ, അച്ചന്‍ തരുന്ന തിരുശരീര രക്തങ്ങള്‍ ആദ്യമായി കൈക്കൊള്ളുന്ന മഹനീയ ദിനം. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി പോലെ എല്ലാവരും ഇതൊരാഘോഷമാക്കാറുണ്ടു.ഇതിനു മുമ്പായി ഒരു നീണ്ട കോച്ചിങ്ങു ക്ളാസ്സില്‍ സംബന്ധിക്കണം എന്നാണു അതിന്റെയൊരു രീതി. ബഹുമാനപ്പെട്ട കന്യാസ്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ സംരംഭത്തിലാണു, നമ്മളെ നല്ല എണ്ണം പറഞ്ഞ കത്തോലിക്കരാക്കിയെടുക്കുന്നത്. കാണാതെ പഠിക്കാനുള്ള കുറേ പ്രാര്‍ത്ഥനകളൊഴിച്ചാല്‍ സംഗതി ബഹു രസവുമാണു.’94-ലാണു ഞാന്‍ ആദ്യ കുര്‍ബാന സ്വീകരിച്ചതു. പ്രായം കൊണ്ടു നല്ല സീനിയറായിരുന്ന സി: ലിസാ ആയിരുന്നു ഞങ്ങളെ ഒരുക്കാന്‍ നിയോഗിക്കപ്പെട്ടതു. എന്നും രാവിലെ പള്ളി പിരിഞ്ഞാല്‍ , പള്ളി വക എല്‍.പി.സ്കൂളില്‍ പരിശീലനം. അര മണിക്കൂര്‍ ക്ളാസ്സ്, ഒരു മണിക്കൂര്‍ കളി, വീണ്ടും അര മണിക്കൂര്‍ ക്ളാസ്സ് എന്നതാണു അജണ്ട. ആദ്യത്തെ സെക്ഷന്‍ ഒന്നു തള്ളി നീക്കി കിട്ടിയാല്‍ പിന്നെ കബഡി കളിയാണു. എല്ലം തരപ്പടിക്കാരായതുകൊണ്ടു വലിയ ഭീഷണിയൊന്നും ഇല്ലാതെ കളിക്കാമല്ലോ എന്നുള്ളതു കൊണ്ടു മാത്രം ഞാനും ഇറങ്ങി അര്‍മാദിക്കാറുമുണ്ടായിരുന്നു.


ആദ്യകുര്‍ബ്ബാന സ്വീകരിയ്ക്കുന്നവനു ധാരാളം സമ്മാനങ്ങള്‍ കിട്ടാന്‍ വകുപ്പുണ്ടു. മെയ് 14 അടുക്കുന്തോറും ഞാനും പ്ളാനിട്ടു കളിക്കാന്‍ തുടങ്ങി. വളരെ അടുത്ത സ്വന്തക്കാരാരെങ്കിലും തിണ്ണയില്‍ ഇരിക്കുമ്പോള്‍ ഞാനുറക്കെ അമ്മയോടു ചോദിക്കും : “ അമ്മേ, ഒരു ഷട്ടില്‍ ബാറ്റ് മേടിച്ചു തരാന്‍ പറഞ്ഞിട്ടു നാളെത്രയായി?..”. പുറത്തിരിയ്ക്കുന്നയാള്‍ക്കു അതൊരു സൂചനയാണു. അങ്ങനെ കുറേ സമ്മാനങ്ങള്‍ ഞാന്‍ മാനിപ്പുലേറ്റ് ചെയ്തു.


ഒരുക്കങ്ങള്‍ അവസാനയാഴ്ചയിലേയ്ക്കു കടന്നു. പ്രാര്‍ത്ഥനകളെല്ലാം പഠിച്ചുകഴിഞ്ഞുവെന്നു ഞങ്ങള്‍ സിസ്റ്ററിനെ വിശ്വസിപ്പിച്ചു. ഇനി മിച്ചമുള്ളതു പാപം, കുമ്പസാരം എന്നീ ടോപ്പിക്കുകളും, കുമ്പസാരം [പ്രാക്ടിക്കല്]ഉമാണു. പത്തു കല്‍പ്പനകള്‍ ഓരോന്നായി ലിസാമ്മ വിശദീകരിച്ചു തരുമ്പോല്‍ നമ്മള്‍ മനസ്സില്‍ കണ്ടു പിടിക്കണം ഏതൊക്കെയാണു നമുക്കു ബാധകമെന്നു. ഇതാണു മോഡസ് ഓപ്പറാണ്ടി. പിന്നെ, ഞങ്ങള്‍ മറന്നു പോയെങ്കിലോ എന്നോര്‍ത്തു അതൊരു പേപ്പറിലെഴുതിവെച്ചോ എന്നും സിസ്റ്റര്‍ പറഞ്ഞു. ക്രോസ്സു വിസ്താരം തുടങ്ങി.


“ നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടായിരിക്കരുതു”…ക്ളാസ്സില്‍ പരിപൂര്‍ണ്ണ നിശബ്ദത.. പെട്ടന്നു, പെണ്‍കുട്ടികളുടെ അനിഷേദ്യ നേതാവായിരുന്ന ഒരു ക്ടാവു പേപ്പറിലെന്തോ കുത്തിക്കുറിക്കുന്നു. പിന്നെ ആരുമൊന്നും നോക്കിയില്ല. ഒന്നാം പ്രമാണത്തില്‍ എല്ലാരും പ്രതികള്‍. സംഗതി എന്താണെന്നു പിടികിട്ടാത്തെ ഞാനും ഡെന്നീസും മുഖത്തോടു മുഖം നോക്കി. പിന്നെ ഞങ്ങളും അവരുടെ കൂടെ കൂടി. ആദ്യ നാലു പ്രമാണങ്ങളും വലിയ കുഴപ്പമില്ലാത്തവയാണു. അടുത്തതു “ മോഷ്ടിക്കരുതു” എന്നാണു. അതു എന്തായാലും ഞാനെഴുതുന്നില്ല എന്നു ഞാന്‍ പറഞ്ഞു. [ശ്രദ്ധിക്കുക: എഴുതുന്നില്ല എന്നാണു ഞാന്‍ പറഞ്ഞതു, മോഷ്ടിച്ചിട്ടില്ല എന്നല്ല]. ആ നമ്പരും എഴുതാന്‍ ആള്‍ക്കാരുണ്ടായിരുന്നു. ആറാം പ്രമാണം “ വ്യഭിചാരം ചെയ്യരുതു” …. വീണ്ടും തലകള്‍ താഴുന്നു…ഉയരുന്നു. എന്തിനു അധികം പറയണം, “ അന്യന്റെ ഭാര്യയെ മോഹിക്കരുതു” എന്ന പ്രമാണത്തിനും ഒരു വിധം റെസ്പോണ്‍സുണ്ടായിരുന്നു.

കോടതി പിരിഞ്ഞപ്പോള്‍, കേസു ഷീറ്റ് ഞങ്ങളൊന്നു അവലോകനം ചെയ്തു. എനിക്കു വെറും നാലെണ്ണം! ലജ്ജാവഹം! പത്തില്‍ പത്തുമടിച്ചെന്നു അഹങ്കാരം പറഞ്ഞവനെ, “നീ രണ്ടെണ്ണം ഇപ്പൊ എഴുതിചേര്‍ത്തതല്ലേ” എന്നു പറഞ്ഞു ആരോ കളിയാക്കുന്നുണ്ടായിരുന്നു. എന്തായാലും, പിറ്റേന്നു കുമ്പസാരിപ്പിക്കാന്‍ വികാരി വന്നു. ആദ്യത്തെ ആളുടേതു കഴിഞ്ഞപ്പൊ തന്നെ പുള്ളിക്കു എന്തോ ഒരു പന്തികേടു മണത്തു. രണ്ടു പേരു കൂടി കഴിഞ്ഞപ്പോള്‍ പുള്ളി പരുപാടി താല്‍ക്കാലികമായി നിറുത്തി വെച്ചു കൂട്ടില്‍ നിന്നും പുറത്തു ചാടി[ കൂടെന്നു പറഞ്ഞാല്‍, കുമ്പസാരകൂടു]. പ്രശ്നമിതാണു, കുമ്പസാരിച്ച ചെക്കന്‍മാരെല്ലാം കുറെ അക്കങ്ങളാണു പറയുന്നതു. അതിന്റെ പിറകിലുള്ള ഫണ്ടാ പുള്ളിയ്ക്കു മനസ്സിലാകുന്നില്ല! സവാരിഗിരിഗിരി!


പറഞ്ഞു വന്നപ്പോള്‍ കാര്യം വ്യക്തമായി. തലേന്നു നടന്ന പൊതു വിചാരണയില്‍ പുള്ളകളെല്ലാം എഴുതിയെടുത്തതു പ്രമാണങ്ങളുടെ നമ്പരുകളാണു. അതങ്ങു പറഞ്ഞേക്കണം എന്നാണു എല്ലാരും മനസ്സിലാക്കിയതു. ഇനി എല്ലാം ആദ്യം മുതല്‍ ഡീക്കോഡ് ചെയ്തെടുക്കന്‍ കുറേ സമയം പിടിയ്ക്കും എന്നു വികാരമില്ലാത്ത വികാരിയ്ക്കും, പാപവിചാരത്തോടെ നില്‍ക്കുന്ന ഞങ്ങള്‍ക്കും മനസ്സിലായി. ‘മൃത്യുഞ്ജയന്‍’ എന്നു പേരു പറഞ്ഞ രോഗിയോടു ‘ സാബു’ എന്നങ്ങെഴുതും ‘ എന്നു പറഞ്ഞ കമ്പോണ്ടറെപ്പോലെ അച്കന്‍ പറഞ്ഞു. “ എല്ലാരും നിരന്നു നിന്നു പാപങ്ങളൊക്കെ മനസ്സിലോര്‍ത്തോ, ഞന്‍ എല്ലാര്‍ക്കും വേണ്ടി ഒരുമിച്ചങ്ങു പ്രാര്‍ത്ഥിക്കാം”.


പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എല്ലാരുംകൂടി നിരന്നു നിന്നപ്പോള്‍, അച്ചന്‍ ഒരു ചെറിയ പ്രാര്‍ത്ഥനയൊക്കെ ചൊല്ലി അങ്ങു ആശീര്‍വദിച്ചു വിട്ടു. പോകാന്‍ നേരം സിസ്റ്ററോടു ഇങ്ങേയൊരു ഡയലോഗും: “ കൊച്ചു പിള്ളേരല്ലേ, ഇവരൊക്കെ എന്നാ പാപം ചെയ്യാനാ!”

7 comments:

The Common Man | പ്രാരാബ്ദം said...

"...കൊച്ചു പിള്ളേരല്ലേ, ഇവരൊക്കെ എന്നാ പാപം ചെയ്യാനാ!..."

താരാപഥം said...

പാപം ചെയ്തു തുടങ്ങാനുള്ള അനുമതി കൊടുക്കലല്ലേ ഈ ആദ്യ കുര്‍ബാന. അല്ലേ കുഞ്ഞാടുകളെ.

മുക്കുവന്‍ said...

മാഷെ,

എല്ലാ പാപങ്ങളും ഓര്‍ത്തിരിക്കണ്ട. ഒന്നുമാത്രം.. നുണ പറഞ്ഞു.

എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞില്ല എന്ന നുണ! പത്ത് കല്പനകളെ രണ്ടായി കുറിക്കിയതു പോലെ ഒന്നാക്കിയും മാറ്റാം. :)

ശ്രീ said...

“‘മൃത്യുഞ്ജയന്‍’ എന്നു പേരു പറഞ്ഞ രോഗിയോടു ‘ സാബു’ എന്നങ്ങെഴുതും ‘ എന്നു പറഞ്ഞ കമ്പോണ്ടറെപ്പോലെ...”

ഹ ഹ
:)

വാല്‍മീകി said...

സത്യമായും അവസാനഭാഗം വന്നപ്പോള്‍ അറിയാതെ ചിരിച്ചു പോയി.

കൊച്ചുത്രേസ്യ said...

ഹി ഹി അല്ലെങ്കിലും അതൊരു വല്ലാത്ത പുലിവാലാണേയ്‌..

ഞാനൊക്കെ ഓരോരോ പാപങ്ങളു കണ്ടുപിടിയ്ക്കാന്‍ വേണ്ടി എന്തോരം പാടു പെട്ടിരിക്കുന്നു. അവസാനം കൂട്ടുകാര്‍ടടുത്തുന്നൊക്കെ കടം മേടിച്ചിട്ടാ കുമ്പസാരത്തിന്‌ പറയാന്‍ വേണ്ടി പാപങ്ങളൊപ്പിച്ചോണ്ടിരുന്നത്‌ :-)

The Common Man | പ്രാരാബ്ദം said...

@ താരാപഥം

ആ പറഞ്ഞതു ശരിയല്ലെന്നു തന്നെയല്ല, തെറ്റുമാണ്!

@ മുക്കുവന്‍, ശ്രീ, വാല്‍മീകി

ഇനിയും വായിക്കണേ.....

@കൊച്ചുത്രേസ്യ

പിന്നല്ലാതെ പത്തു വയസ്സില്‍ നമ്മളൊക്കെ എന്നാ പറയാനാ അല്ലേ.....[:-)]