മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Monday, November 12, 2007

തറവാട്........

ഒരു കള്ളുഷാപ്പിന്റെ അടുത്തു പിറന്നു വീണു, വളര്‍ന്നു വരുക എന്നു പറയുന്നതു ചില്ലറ ഭാഗ്യം ആണോ? കല്ല്യാണം വരെ അമ്മയെ പേടിച്ചും [അപ്പന്‍മാര്‍ ഈ കാര്യത്തില്‍ ചില്ലറ വിട്ടുവീഴ്ചകള്‍ക്കു തയ്യാറായേക്കും, ഇടുന്ന പാലം റ്റൂ-വേ ആയിരിക്കണം എന്നു മാത്രം!], കല്ല്യാണം കഴിഞ്ഞാല്‍ ഭാര്യയെ പേടിച്ചും ഇതു വരെ കള്ളുഷാപ്പില്‍ കയറാന്‍ സാധിക്കാത്തവര്‍ പറയും അതിന്റെ ഒരു വിഷമം. എന്നാല്‍ ഈയുള്ളവന്‍ ആ കാര്യത്തില്‍ നല്ല രാശിയുള്ളവന്‍ ആയിരുന്നു. വീടിന്റെ തൊട്ട് പടിഞ്ഞാറേ അയല്‍വക്കം ടി.ഏസ്. നം: 2, കോട്ടയം റേഞ്ച്. നമ്മുടെ കരുണാകരേട്ടന്റെ ഷാപ്പ്. വീട്ടില്‍ നിന്നും ഒരു 8 അടി അതിരു , അതിനപ്പുറം ഷാപ്പിന്റെ പാട്ടുമുറിയുടെ പലകഭിത്തി തുടങ്ങുന്നു.


ഇന്നത്തെ മോഡേണ്‍ ഷാപ്പുകള്‍ പോലെ ‘ ഇവിടെ പാട്ടു പാടാന്‍ പാടില്ല’ പോലുള്ള മൂരാച്ചി നിയമങ്ങള്‍ ഒന്നും ഞങ്ങടെ ഷാപ്പില്‍ ഇല്ലാരുന്നു. ഷാപ്പിലെ പ്രധാന ഗായകരും , അവരുടെ ആസ്വാദകരും ഒത്തു ചേര്‍ന്നിരുന്നതു എന്റെ വീടിനോടു ഏറ്റവും അടുത്തു കിടക്കുന്ന മുറിയിലും, ഞാന്‍ പറഞ്ഞ പാട്ടുമുറി. ഒരു 7 മണിയോടെ ആരംഭിക്കുന്ന സംഗീത സദസ്സു പിരിച്ചു വിട്ടു കഴിഞ്ഞേ എന്റെ കുടുംബത്തില്‍ പ്രാര്‍ത്ഥന തുടങ്ങാന്‍ പറ്റുമാരുന്നുള്ളൂ. പാടുന്ന പാട്ടുകള്‍ കുറേയൊക്കെ ഒന്നാണെങ്കിലും, അതിനും ഒരു സീസണ്‍ പാറ്റെര്‍ണുണ്ട്. മണ്ഠല കാലം തുടങ്ങുന്ന സമയത്തു ‘പള്ളിക്കെട്ട് ശബരിമല’യോടെ നട തുറന്നിട്ട്, ‘ഹരിവരാസനം’ പാടി പെട്ടി മടക്കുന്നു. ‘യഹൂദിയായിലേ’ ആണു ക്രിസ്തുമസ് സ്പെഷ്യല്‍. വള്ളംകളി സീസണായാല്‍ ഒരു മൂന്ന് ‘കുട്ടനാടന്‍ പഞ്ച’യും മുട്ടിനു മുട്ടിനു ‘ആര്‍പ്പോ…ര്‍ര്‍റോ!’ വിളികളും ഉറപ്പു. അങ്ങനെ നാടിന്റെ പൊതു വികാരത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ ഗായകസംഘം ആയിരുന്നു പലരാത്രികളിലും എന്നെ പാടി ഉറക്കിയിരുന്നതു. പിന്നെ പിന്നെയായപ്പോള്‍, അമ്മ ‘രാരാരോ’ എന്നു തുടങ്ങിയാല്‍ നമ്മള്‍ [ ഞാന്‍ തന്നെ] പ്രതിഷേധിക്കും, നമുക്കു വേണ്ടതു ‘ ആത്മവിദ്യാലയവും’ ‘ സന്യാസിനിയും’ , ‘പൊന്നരിവാളും' തന്നെ. ബോധം നേരേ ചൊവ്വേ തെളിയാത്ത പ്രായത്തില്‍ തന്നെ മലയാള സിനിമ-നാടക ഗാനങ്ങളോടുള്ള താല്‍പ്പര്യം തുടങ്ങിയതും ഇവിടുന്നു തന്നെയാവനം. പ്രധാന ഗായകനായിരുന്ന മീന്‍കാരന്‍ രവിചേട്ടന്‍ [അലിയാസ്] രവി മാസ്റ്ററിനെ എപ്പൊ കണ്ടാലും ഞാന്‍ ഓര്‍ക്കും “ ഗാനമേ.. നിന്‍ ഗാന ഭാവം...” [ മാണി സാര്‍ മാണി സാറിനെ മാണി സാര്‍ എന്നു വിളിക്കുന്നതു പോലെ, കുഞ്ഞന്‍ കുഞ്ഞനെ വിമല്‍ കുമാര്‍ എന്നു വിളിക്കുന്നതു പോലെ, രവി ചേട്ടന്‍ സ്വയം വിളിക്കുന്നതു രവി മാസ്റ്റര്‍ എന്നണു. ആര്‍ക്കു ചേതം! ആരു ചോദിക്കാന്‍!]


വീട്ടില്‍ വിരുന്നുകാരു നട്ടുച്ചയ്ക്ക് സപ്രസ്സു ചെയ്തുകൊണ്ടു കേറി വന്നാലാണു, ഷാപ്പിന്റെ അയലോക്കത്തു കിടക്കുന്നതിന്റെ ഗുണം കിട്ടുന്നതു. “ഇരിക്കു, ഇപ്പ വരാം കേട്ടോ” എന്നു പറഞ്ഞിട്ടു അടുക്കളമുറ്റത്തേയ്ക്കിറങ്ങി നിന്നു അപ്പുറത്തോട്ടു ഒരു സൂചന കൊടുത്താല്‍ മതി, എത്ര പേര്‍ക്കും ഉണ്ണാനുള്ള ചോറും വെറൈറ്റി കറികളും, നല്ല മധുരക്കള്ളും അടുക്കളയില്‍ റെഡി. കറികളുടെ എണ്ണം കണ്ടു വിരുന്നുകാരു അന്തംവിടും. എന്നാലും അമ്മച്ചി തട്ടി വിടും “ ശ്ശൊ! നിങ്ങള്‍ പെട്ടെന്നു കേറി വന്നതു കൊണ്ടു ഒന്നും ഉണ്ടാക്കാന്‍ പറ്റിയില്ല..”… അമ്മു സാര്‍ ആരാ പാര്‍ട്ടി!കേരളത്തില്‍ അങ്ങോളമിങ്ങോളം ഷാപ്പുകള്‍ക്കു പലതരം പേരുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മുല്ലപന്തല്‍, മലര്‍വാടി, ആകാശഗംഗ എന്നിങ്ങനെ വിവിധതരം പേരുകള്‍. പക്ഷെ അവയിലൊന്നു പോലും ഞങ്ങടെ പേരിന്റെ ഏഴയലത്തു വരില്ല. ആ പേരെന്താണന്നല്ലേ? തറവാട്… അതേ, സ്വന്തം തറവാട്ടിലേയ്ക്ക് മടങ്ങുന്ന ഗൃഹാതുരത നെഞ്ചിലേറ്റി ഞങ്ങള്‍ അവിടേയ്ക്കു ചെല്ലുന്നു. പെറ്റമ്മ പകര്‍ന്നു തരുന്ന ചൂടു കഞ്ഞി വെള്ളം കണക്കെ ഞങ്ങള്‍ ആ കേരമധു കുടിയ്ക്കുന്നു. ഒടുവില്‍, മുണ്ടു മടക്കി കുത്തി, നീട്ടി തുപ്പി, ചിറി അമര്‍ത്തി തുടച്ചിറങ്ങുന്നു…. ഇനി ഒരു കുപ്പി അടിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാതെ….ഈ അടുത്ത പരിചയത്തിനു ഒരു കുഴപ്പമുണ്ടു. നാട്ടില്‍ചെന്നിട്ടു, കാരണവന്‍മാരുടെ വായില്‍ ചെന്നു ചാടണ്ടല്ലോ എന്നു കരുതി 3 കിലോമീറ്റര്‍ അപ്പുറത്തുള്ള ഷാപ്പില്‍ ചെന്നു, നിറഞ്ഞ മനസ്സോടെ ആദ്യത്തെ ഗ്ലാസ്സു ചുണ്ടിലോട്ട് അടുക്കുന്നതും , വിളി വരും..” ഹാ! ഇതാരു! അപ്പുവേ… ഇപ്പൊ എവിടാ…” . ആരു ചെയ്ത പുണ്യമാണോ, ഇതു വരെ ആരും വീട്ടില്‍ ചെന്നു അമ്മയോടു പറഞ്ഞിട്ടില്ല.

അനുബന്ധം
============

കുറേ നേരം ഷാപ്പു വിശേഷം പറഞ്ഞു കഴിഞ്ഞപ്പോള്‍ നാവില്‍ പഴയ ഒരു രുചി വന്നു നില്‍ക്കുന്നതു പോലെ. ഒരു കാലത്തു കുമരകത്തെ ഷാപ്പുകളില്‍ നിത്യ സാന്നിദ്ധ്യമായിരുന്ന പോത്തുവറയുടെ രുചി. കുരുമുളകു കൂടുതല്‍ ചേര്‍ത്ത പോത്തിറച്ചി , വലിയ മണ്‍ചട്ടിയില്‍ എണ്ണ മെഴുക്കി അതിലിട്ടു, കനലെരിയുന്ന അടുപ്പില്‍ വെച്ചാല്‍, അവന്‍ അങ്ങനെ എരിഞ്ഞെരിഞ്ഞു അങ്ങു മൊരിയും[ അയ്യട മനമേ!]. അതു പക്ഷെ എണ്ണയില്‍ വറക്കുന്ന പോലെയല്ല. ഇത്രയൊക്കെയേ എനിക്കു പറയാന്‍ അറിയൂ. വേണ്ടവര്‍ക്കു ഒന്നു പരീക്ഷിക്കാം. എന്തായാലും കോട്ടയം ജില്ലയിലെ ഷാപ്പുകളില്‍ നിന്നും ഈ ഐറ്റം നാടുനീങ്ങി കഴിഞ്ഞു.

10 comments:

മുരളി മേനോന്‍ (Murali Menon) said...

തറവാടിഷ്ടായി... വെറുതെ ഇരിക്കുന്ന മനുഷ്യന്മാരുടെ വായില്‍ കപ്പലോടിക്കാനുള്ള ഓരോ കുനിഷ്ട് പണികളേ....

Visala Manaskan said...

adipoli ezhuthu.
kalakkeettundu!!!
sathyaayittum kallorma vannu... :)

lincejoseph said...

well, the lucid style that dis gentleman tries to portray goes into the reader...
great to see that this friend of mine has the callibre to carve niche in our hearts...great!!! superb, go ahead..

നിരക്ഷരന്‍ said...

കൊതിപ്പിച്ചുകളഞ്ഞല്ലോ ഇഷ്ടാ....
ഷാപ്പ് ചരിതവും തറവാട് ചരിതവും കേമം. ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഷാപ്പീന്ന് നല്ലൊരു ശാപ്പാടും അന്തീം അടിച്ചിട്ട് ബാക്കി കാര്യം :) :)

Latha said...

I like your tharavadu, next time i want to go there.

വിഷ്ണു said...

അളിയാ നീ കൊതിപ്പിച്ചേ അടങ്ങൂ അല്ലെ !! സാറും ടീച്ചറും ഈ ബ്ലോഗ്‌ വായിക്കുമോ??

പയ്യന്‍സ് said...

കോട്ടയം ജില്ലയിലെ പോലെ സുന്ദരമായ കള്ള് ഷാപ്പുകള്‍ മറ്റെവിടെ കാണാന്‍ പറ്റും? മണിപ്പുഴ, നീണ്ടൂര്‍, പുതുവേലി, വെമ്പള്ളി, മാന്നാനം, വെള്ളിലാപ്പിള്ളി, കൊല്ലപ്പിള്ളി, ചെത്തിമറ്റം (പരയാനാനങ്കില്‍ ഇനിയും ഒത്തിരി ഉണ്ട്) മുതലായ ഷാപ്പുകളില്‍ പലതവണ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.. ഷാപ്പുകളില്‍ കിട്ടുന്ന ഞണ്ട് കറിയും പോത്ത് ഉലത്തിയതും കരിമീന്‍ ഫ്രൈ, ഉണക്കിറച്ചി, മീന്‍ കറി, പോടിമീന്‍ ഫ്രൈ, കക്ക... ഹോ ഹോ.. കൊതി വരുന്നേ.. ഗൃഹാഗുരത്വം ഉണര്‍ത്തുന്ന പോസ്റ്റ്‌!

Kichu $ Chinnu | കിച്ചു $ ചിന്നു said...

jose, rocking ...

Joe Cheri Ross said...

ജോസേ ഇത് അമ്മ കാണണ്ട. വീട്ടില്‍ ചെല്ലുമ്പോള്‍ നല്ല അടി തരും.

നന്ദകുമാര്‍ said...

പഴയ കള്ള് പുതിയ കുടത്തില്‍ ഒഴിച്ചതാണെന്നു വായിച്ചു കഴിഞ്ഞപ്പഴാ അറിഞ്ഞത് :)എന്നാലും നല്ല ടേസ്റ്റ്

“സ്വന്തം തറവാട്ടിലേയ്ക്ക് മടങ്ങുന്ന ഗൃഹാതുരത നെഞ്ചിലേറ്റി ഞങ്ങള്‍ അവിടേയ്ക്കു ചെല്ലുന്നു. പെറ്റമ്മ പകര്‍ന്നു തരുന്ന ചൂടു കഞ്ഞി വെള്ളം കണക്കെ ഞങ്ങള്‍ ആ കേരമധു കുടിയ്ക്കുന്നു. ഒടുവില്‍, മുണ്ടു മടക്കി കുത്തി, നീട്ടി തുപ്പി, ചിറി അമര്‍ത്തി തുടച്ചിറങ്ങുന്നു…. ഇനി ഒരു കുപ്പി അടിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാതെ….“

ഹോ എന്താ ഒരു ഗൃഹാതുരത്വം...:)