മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, November 13, 2007

പുനര്‍ജന്മം

“ധീരന്‍മാര്‍ ഒരു വട്ടം മരിയ്ക്കുന്നു. ഭീരുക്കള്‍ പല വട്ടവും” എന്നു പണ്ട് ഷേക്സ്പിയര്‍ പറഞ്ഞിട്ടിണ്ടല്ലോ. ഇതു എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. വീരവനിതകളും ധീരശൂരപരാക്രമികളുമായ എന്റെ അമ്മയും [ മാഗി ടീച്ചര്‍] എന്റെ വല്ല്യമ്മയും [അമ്മു സാര്‍] ഉദാഹരണങ്ങള്‍.എനിക്കു രണ്ടര- മൂന്നു വയസുള്ള കാലത്താണു അമ്മു സാര്‍ കിടപ്പിലാകുന്നത്. എല്‍.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ്സായി വിരമിച്ച ശേഷം പള്ളിയും, പശുവും അല്പ്പം പരദൂഷണവുമൊക്കെയായി വിശ്രമിക്കുന്ന കാലത്തു ഒരു ദിവസം പെട്ടന്നങ്ങു കുഴഞ്ഞുവീഴുകയായിരുന്നു. ഇടതു വശം തളര്‍ന്നു പോയി. എന്തും സംഭവിക്കാവുന്ന ഒരവസ്ഥയില്‍ നിന്നും പിന്നീടു കുറേ മെച്ചപ്പെട്ടെങ്കിലും, കിടപ്പു തന്നെയായിപോയി കുറെ കാലത്തേയ്ക്ക്.


ആയിടയ്ക്കു ഒരു ഞായറാഴ്ച , എന്റെ അമ്മയുടെ ഒരാങ്ങള മറ്റെന്തോ കാര്യത്തിനായി കുമരകം വരെ വരാന്‍ ഇടയായി. എന്നാ പിന്നെ പെങ്ങളേം പിള്ളേരേം ഒന്നു കണ്ടേച്ചുപോയേക്കാമെന്നു പുള്ളിക്കു തോന്നി. ഞങ്ങടെ വീടിനടുത്തെത്തിയപ്പോള്‍ വീട്ടില്‍ വലിയ ആള്‍ക്കൂട്ടം. വാതില്‍ നിറഞ്ഞു ആളുകള്‍ നില്‍ക്കുന്നു. അകത്തേയ്ക്കു കേറാന്‍ പറ്റാതെ നില്‍ക്കുന്നവര്‍ ഗ്രില്ലിനകത്തുകൂടി എത്തി നോക്കുന്നു. അമ്മാച്ചനു കാര്യങ്ങളൊക്കെ വ്യക്തമായി. ഒന്നുകില്‍ അമ്മു സാര്‍ നാടുനീങ്ങി, അല്ലെങ്കില്‍ നീങ്ങാറായി. അമ്മാച്ചന്‍ ഉടന്‍തന്നെ ചന്തക്കവലയില്‍ചെന്നു അമ്മവീട്ടിലേയ്ക്കും മറ്റു അമ്മാച്ചന്‍മാരുടെ വീടികളിലേയ്ക്കും മെസേജ് കൊടുത്ത ശേഷം തിരിച്ചു നടന്നു. വിരിക്കാനുള്ള പട്ട് ഈ ഞായറാഴ്ച എവിടുന്നു മേടിക്കും എന്ന ടെന്‍ഷനില്‍ എന്റെ വീട്ടിലെത്തിയ അമ്മാച്ചന്‍ ഒന്നു ഞെട്ടി. ആരേം കാണുന്നില്ല. വാതില്‍ തുറന്നു അകത്തു കേറിയപ്പൊ ജോമോനും ഷേര്‍ലിയും കൂടി [ വല്ല്യപ്പനും വല്ല്യ്യമ്മയും] കിന്നാരം പറഞ്ഞോണ്ട് ടി.വി. കാണുന്നു. കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോളാണു അമ്മാച്ചന്‍ പയ്യെ ചോദ്യമിട്ടതു “ ഞാന്‍ പടിഞ്ഞാട്ടു പോയപ്പോ ഇവിടെ വലിയ ആള്‍കൂട്ടം കണ്ടല്ലോ.. എന്തുവാരുന്നു?”….. അപ്പോളാണു പുള്ളി അറിഞ്ഞതു ദൂരദര്‍ശനില്‍ രാമായണം എന്ന സീരിയല്‍ തുടങ്ങിയ വിവരം. കാപ്പി കുടിയൊക്കെ കഴിഞ്ഞു പുള്ളി ഇറങ്ങിയപ്പോ ദാ വരുന്നു ഇളയ രണ്ടമ്മാച്ചന്‍മാര്‍ ഓടികിതച്ച്. പെട്ടന്നു തന്നെ അവരെ മാറ്റി നിര്‍ത്തി കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കിയിട്ടു തിരിച്ചു വന്നപ്പോ ഇളയ അമ്മാച്ചന്റെ വക “ കുറേ നാളായി വിചാരിയ്ക്കുന്നു ഇങ്ങോട്ടൊന്നിറങ്ങണമെന്നു..”

ഇന്നും, പൊന്‍മുട്ടയിടുന്ന താറാവിലെ ഈ സീന്‍ കാണുന്പോള്‍ ഞാനീ സംഭവം ഓര്‍ക്കും.വലിയ സാമ്യം ഒന്നുമില്ല.എന്നാലും ചുമ്മാ ഓര്‍ക്കും.അടുത്ത കഥ നടന്നതു 6-7 വര്‍ഷങ്ങള്‍ക്കു ശേഷമാണു. അന്നു ഞങ്ങള്‍ കുമാരനല്ലൂരില്‍ താമസം. രാവിലെ കുര്‍ബാന കഴിഞ്ഞപ്പോ അച്ചന്റെ അറിയിപ്പു “ മാഗി ടീച്ചറിന്റെ വീട്ടിലെ പ്രാര്‍ത്ഥന കൃത്യം 6.30യ്ക്കാരംഭിക്കുന്നതാണു.” ഇതു കേട്ടിരുന്ന ബേബി ചേടത്തിക്ക് ആകെ കണ്‍ഫ്യൂഷന്‍. വീട്ടില്‍ പോണ വഴി അതു മനസ്സിലിട്ടുരുട്ടി പെരട്ടി ക്ളിയര്‍ ആക്കി. മാഗി ടീച്ചര്‍ മരിച്ചു! സംസ്കാര പ്രാര്‍ത്ഥന വൈകിട്ടു! ഈ ബേബി ചേടത്തി ഒരു ചെറിയ റേഡിയോ ആയതുകൊണ്ടു വൈകുന്നേരത്തോടെ സംഗതി പെട്ടെന്നങ്ങു പടര്‍ന്നു. പക്ഷേ എന്റെ വീട്ടിലാരും ഇതറിഞ്ഞുമില്ല. വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേയ്ക്കു പോണവഴി കിട്ടിയ ചില സഹതാപതരംഗങ്ങള്‍ എനിക്കും പിടികിട്ടിയില്ല. ഒടുവില്‍, വൈകുന്നേരം കുടുംബയോഗ പ്രാര്‍ത്ഥനയ്ക്കു ബ്ളാക്കു& വൈറ്റില്‍ എത്തിയ പലരും വഴിയില്‍ നിന്നു കുശുകുശുക്കുന്നതു കണ്ടപ്പം എനിക്കപകടം മണത്തു. പിന്നെ അങ്ങോട്ടു ഫോണ്‍ വിളികളുടെ ബഹളമാരുന്നു. ‘ ഹലോ..ആരാ… “ എന്നു പറഞ്ഞാല്‍ മറുപടി ഇങ്ങനെ …“ മോനേ..ഞാനിപ്പളാ അറിഞ്ഞതു.. “… ചിത്രം വ്യക്തമാകാന്‍ വലിയ നേരമൊന്നുമെടുത്തില്ല. ഏറ്റവുമൊടുവിലായി കയറി വന്ന ബേബി ചേടത്തിയെ കണ്ണുരുട്ടാന്‍ വികാരിയച്ചനുമുണ്ടായിരുന്നു. ഞാനും അമ്മയും പരസ്പരം നോക്കി ഒന്നു മന്ദഹസിച്ചു, അല്ലാതെ എന്തു ചെയ്യാന്‍! ഇതെല്ലം കഴിഞ്ഞിട്ടു ,പ്രാര്‍ത്ഥനയുടെ അവസാനമുള്ള സ്വയം പ്രേരണ പ്രാര്‍ത്ഥന സെഗ്മന്റില്‍ ബേബി ചേടത്തിയുടെ വക ഒരലക്കു “ ഞങ്ങടെ നാവിന്റെ കെട്ടുകള്‍ അഴിച്ചു വിടുന്ന പരിശുദ്ധാത്മാവേ.. നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നൂ…..” എന്നു!


ബേബി ചേടത്തി ആളു ഫയങ്കര തൊലിക്കട്ടി ആയിരുന്നു. പോകുന്നതിനു മുന്പ് അമ്മയോട് കുറച്ചധികം വിശേഷോം പറഞ്ഞിട്ടാ അവരു പോയതു. ഇപ്പൊ ആളില്ല. എന്നാലും പരിശുദ്ധാത്മാവ് കെട്ടഴിച്ച ആ നാവിന്റെ വീരഗാഥകള്‍ ഇന്നും കുമാരനല്ലൂരില്‍ നിറഞ്ഞുനില്‍ക്കുന്നു.


അനുബന്ധം

മരണവക്ത്രത്തില്‍ പെട്ട രണ്ടു വനിതാ രത്നങ്ങളും , അമ്മയും വല്ല്യമ്മയും, യഥാക്രമം ഈ മാസം 25നും അടുത്ത മാസം 15നും ഓരോ വയസ്സു കൂടി പിന്നിടുന്നു. ദീര്‍ഘായുസ്സു!

6 comments:

Gayatri said...

nice one... :-)

The Common Man | പ്രാരാബ്ധം said...

രണ്ട് കൊല്ലമായിട്ടും , വേറേ ഒരു മനുഷ്യക്കുഞ്ഞും ഇതിലേ വന്നില്ലേ?

ലതി said...

ദൈവമേ...........

നന്ദകുമാര്‍ said...

“ ഞങ്ങടെ നാവിന്റെ കെട്ടുകള്‍ അഴിച്ചു വിടുന്ന പരിശുദ്ധാത്മാവേ.. നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നൂ…..”

ഹഹഹ,.. അതു വെറൂം അലക്കല്ല..ഒന്നൊന്നര അലക്ക്

ആദ്യം വായിച്ചു വന്നപോള്‍ തന്നെ പൊന്മുട്ടയിടുന്ന താറാവിലെ ഭാഗമാണ് മനസ്സിലേക്ക് ഓര്‍മ്മ വന്നത് :)

jayanEvoor said...

രസകരം, അതീവ രസകരം!

The Common Man | പ്രാരാബ്ധം said...

ലതി ടീച്ചര്‍,

ആ വിളി ദൈവം കേട്ടൂന്നു തോന്നുന്നല്ലോ!

നന്ദാ.. നന്ദി!!

ജയന്‍, ബാക്കിയും വായിച്ചു അഭിപ്രായം അറിയിക്കില്ലേ?

പിഎസ്‌ : മറുമൊഴി എന്ന സംവിധാനത്തെപറ്റി അറിയുന്നതിനുമുന്നേ എന്തൊക്കെയോ എഴുതിയിട്ടുണ്ട്‌. അടുത്ത സുഹൃത്തുക്കല്‍ മാത്രമേ അവ കണ്ടിരുന്നുള്ളൂ. ഇതിലേ വരുന്നവര്‍ അതൊക്കെ ഒന്നു മറിച്ചുനോക്കണമെന്നപേക്ഷ.