മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Wednesday, October 15, 2008

വി.അല്‍ഫോന്‍സാമ്മ - സഹനത്തിന്റെ അമ്മ

വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടതിന്റെ ആഘോഷവും ആരവവും , അല്‍പ്പം വിമര്‍ശ്ശനവുമൊക്കെ ബൂലോകത്ത്‌ കാണാനിടയായി. ഏതൊരു കാര്യത്തിലും ഉയര്‍ന്നു കേള്‍ക്കുന്ന വ്യത്യസ്തമായ പൊതുജനാഭിപ്രായങ്ങളും, അതിന്‍മേലുള്ള ചര്‍ച്ചകളുമാണ്‌, മറ്റു പലരെയും പോലെ എന്നെയും ഈ മാധ്യമത്തിന്റെ ഒരാരാധകനാക്കുന്നത്‌.

സഭയുമായും സഭയുടെ ചട്ടക്കൂടുമായും ചെറുപ്പം മുതലേ അടുത്തു പരിചയമുള്ള ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ ചില വിശദീകരണങ്ങള്‍ നല്‍കാനാണ്‌ എന്റെ ശ്രമം. പലരും പലവുരു പറഞ്ഞ കഴിഞ്ഞ കാര്യങ്ങള്‍ തന്നെ.

വിശുദ്ധിയോടെ ജീവിച്ചു മരിച്ചവരെ സഭയ്ക്കുള്ളില്‍ ബഹുമാനിക്കാനും, അവരുടെ ജീവിതം ഒരു മാതൃകയായി വിശ്വാസികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനുമായി , അത്തരം ആളുകളെ വിശുദ്ധന്‍/വിശുദ്ധ പദവികളേയ്ക്കുയര്‍ത്തുന്നത്‌ നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയില്‍ നിലനിന്നുപോരുന്ന ഒരു പാരമ്പര്യമാണ്‌. അവരോടുള്ളു ബഹുമാനത്തിനു 'വണക്കം' എന്നാണ്‌ സഭ പറയുന്നത്‌. അവരുടെ ജീവിതരീതികള്‍ അനുകരിക്കാനും, അവരോടു മാദ്ധ്യസ്ഥം യാചിക്കാനും സഭ പഠിപ്പിക്കുന്നു. അല്ലാതെ അവരാരും ദൈവങ്ങളോ, ദൈവത്തിനു സമന്‍മാരോ അല്ല. അന്ധമായ വിശ്വാസത്തിന്റെ പേരില്‍ ചുരുക്കം ചിലര്‍ കാണിച്ചുകൂട്ടുന്ന പ്രഹസങ്ങള്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്‌ എന്നതു ശരിയാണെങ്കിലും, അതൊന്നും സഭയുടെ നിലപാടാകുന്നില്ല.

ഈ നാമകരണ നടപടി വളരെ ദൈര്‍ഘ്യമേറിയതും വിപുലവുമാണ്‌. മാറുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഒരാളെ വിശുദ്ധനാക്കാന്‍ പറ്റില്ല. പല തലങ്ങളിലുള്ള പരിശോധനകളും പഠനങ്ങളും അടങ്ങുന്ന നാമകരണ നടപടി, നമ്മുടെ നാട്ടിലെ സിവിലിയന്‍ അവാര്‍ഡുകളോട്‌ താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

വിശുദ്ധപദവിയിലേയ്ക്കുയര്‍ത്തപ്പെട്ടവരെല്ലാം മാര്‍പ്പാപ്പാമാരോ വൈദികരോ സന്യസ്തരോ ആയിരുന്നില്ല. വളരെയധികം അറിയപ്പെടുന്ന പേരുകേട്ടവരായിരിക്കണം ഇവര്‍ എന്നും ഒരു നിര്‍ബന്ധവുമില്ല. വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു ജീവിച്ച സ്വന്തം മകനുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ച മോനിക്കാ എന്ന വീട്ടമ്മ വിശുദ്ധയായിട്ടുണ്ട്‌. അല്‍ഫോന്‍സാമ്മയും അതുപോലെ ഒരു ജീവിതമാണ്‌.

മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ ജനിച്ചിട്ടും, അതിന്റെ സുഖസൌകര്യങ്ങള്‍ ഉപേക്ഷിച്ചു മഠത്തില്‍ ചേര്‍ന്ന അല്‍ഫോന്‍സാമ്മ , നിശബ്ദ സഹനത്തിലൂടെയാണ്‌ വിശുദ്ധി നേടിയത്‌. രോഗം മൂലമുള്ള ശാരീരിക സഹനം, സഹപ്രവര്‍ത്തകരുടെ തെറ്റിധാരണകള്‍ മൂലമുള്ള മാനസിക സഹനം- രണ്ടും അമ്മയെ ഒരു പോലെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ ഇതെല്ലാം അനുഗ്രഹങ്ങളായി കണ്ട്‌ ആസ്വദിക്കാന്‍ അമ്മ ശ്രമിച്ചു.

ആ ജീവചരിത്രത്തിന്റെ ഇത്രയും ഭാഗമെങ്കിലും ആരുടെയും യുക്തിക്കു നിരക്കാത്തതല്ല എന്നു കരുതുന്നു. ദര്‍ശ്ശനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ വിശ്വാസികള്‍ക്കേ ഒരു പക്ഷേ സാധിക്കൂ. അപ്പോ, ഒരു നല്ല ജീവിതം ജീവിച്ചു മരിച്ച, സഹനങ്ങള്‍ ദൈവാനുഗ്രഹങ്ങളായി കണ്ട ഒരു വ്യക്തിയെ ഒരു പദവി വഴി സഭ സഭയ്ക്കുള്ളില്‍ ബഹുമാനിക്കുമ്പോള്‍, അതില്‍ ചിലര്‍ക്കു ബുദ്ധിമുട്ടു തോന്നേണ്ട കാര്യമെന്താണ്‌?

നാട്ടിലെ മാധ്യമങ്ങള്‍ അതിനു അമിതപ്രാധാന്യം നല്‍കിയത്‌ അതിനുള്ളിലെ കച്ചവടസാധ്യത മാത്രം മുന്നില്‍കണ്ടായിരിക്കണം. പക്ഷേ മാധ്യമങ്ങളുടെ കച്ചവട സാധ്യത എന്നു പറയുന്നത്‌ പ്രസ്തുത വാര്‍ത്തയ്ക്കു എത്ര ആവശ്യക്കാരുണ്ടെന്നതാണ്‌. കത്തോലിക്കാ സഭയ്ക്കുള്ളില്‍ , ഈ ചടങ്ങിനു്‌ എത്ര മാത്രം പ്രാധാന്യമുണ്ടെന്നത്‌, സഭയെക്കുറിച്ചറിയാവുന്നവര്‍ക്കറിയാം. അതറിയാവുന്നവര്‍ , കത്തോലിക്കനല്ലെങ്കില്‍പോലും, ഇതു ശ്രദ്ധിക്കും. ഈ കാര്യം മാധ്യമങ്ങള്‍ക്കും അറിയാം. കത്തോലിക്കര്‍ മാത്രമേ ഇതു ശ്രദ്ധിക്കൂ എന്നുണ്ടെങ്കില്‍ ദേശീയ വാര്‍ത്താ ചാനലുകളൊന്നും ഇതിനു ഇത്ര പ്രാധാന്യം കൊടുക്കാന്‍ ന്യായമില്ലല്ലോ.

എല്ലാ വര്‍ഷവും നടക്കുന്ന , ശബരിമലയിലെ മകരവിളക്കു്‌ ഏതാണ്ടെല്ലാ മലയാള ചാനലുകളും തല്‍സമയം കാണിക്കാറുണ്ട്‌. അതുപോലെ തന്നെ പ്രധാനപ്പെട്ട, അതും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ചടങ്ങ്‌, അതില്‍ ഒരു ഭാരതീയന്‍, ഒരു മലയാളി അംഗീകരിക്കപെടുമ്പോള്‍ അതിനു വാര്‍ത്താപ്രാധാന്യം ലഭിക്കുന്നു എന്നതില്‍ ഒരുപാടു ആകുലപ്പെടേണ്ട കാര്യമൊന്നുമില്ല.

മറ്റോതൊരു പ്രസ്ഥാനത്തെയും പോലെ കത്തോലിക്കാ സഭയിലും അനുചിതമായ പല പ്രവണതകളും വളര്‍ന്നു വരുന്നതില്‍ ആശങ്കയുള്ള ഒരു വിശ്വാസിയാണ്‌ ഞാനും. രാഷ്ട്രീയ- സാമ്പത്തിക സ്വാധീനമുള്ളവര്‍ മാത്രം അല്‍മായപ്രതിനിധികളായി പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നതില്‍ എനിക്കു അമര്‍ഷമുണ്ട്‌. അല്‍ഫോന്‍സാമ്മയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌* , മിഷന്‍ ലീഗ്‌ എന്ന സംഘടന സ്ഥാപിക്കന്‍ യത്നിച്ച, അതിനെ ലോകത്തിലെ ഏറ്റവും വലിയ അല്‍മായസംഘടനയായി വളര്‍ത്തിയ കുഞ്ഞേട്ടനു
മുന്നില്‍ , കെ.എം.മാണി അല്‍മായപ്രതിനിധി ആയത്‌ രൂപതാകേന്ദ്രങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടു മാത്രമായിരിക്കണം. [യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ പി.സി.തോമസുമായി ഒരു രാഷ്ട്രീയ സംഘടനത്തിനും കേരളത്തിന്റെ സ്വന്തം മാണി സാര്‍ ഈ അവസരം ഉപയോഗിച്ചു എന്നും കേട്ടു, കഷ്ടം!]. ഷെവലിയര്‍, പ്രോ എക്ലേറ്റ്‌ എറ്റ്‌ പൊന്തിഫിക്ക്‌ എന്നിങ്ങനെയുള്ള അല്‍മായ ബഹുമതികള്‍ പലപ്പോഴും മെത്രാന്‍മാരുമായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍ക്കു മാത്രമാണ്‌ ലഭിക്കുന്നതെന്ന ആരോപണം , ഇത്തരം ബഹുമതികള്‍ പ്രഖ്യാപിക്കുമ്പോളെല്ലാം ഉയര്‍ന്നു വരാറുള്ളതാണ്‌. അതില്‍ ഒരു പരിധിവരെയൊക്കെ ശരിയുണ്ടായിരുന്നു താനും.

പക്ഷേ, അല്‍ഫോന്‍സാമ്മയുടെ കാര്യത്തില്‍ ഇങ്ങനെ ഒരു മനസ്താപവും എനിക്കില്ല. സി.എം.ഐ. സമൂഹത്തിന്റെ അഭിമാനസ്തംഭമായ വാഴ്ത്തപെട്ട ചാവറയച്ചന്‍ , അല്‍ഫോന്‍സാമ്മയ്ക്കു മുമ്പേ വിശുദ്ധപദവിയിലെത്തും എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്‌. മാന്നാനം പള്ളിയില്‍ സ്ഥിരമായി പോയിരുന്നതു കൊണ്ട്‌ അവിടെ വരുന്ന ആളുകളുടെ അനുഭവസാക്ഷ്യങ്ങള്‍ ഒട്ടനവധി അറിഞ്ഞിട്ടുണ്ട്‌ എന്നതു ഒരു പ്രധാനകാരണമാണെങ്കിലും, സി.എം.ഐ. സമൂഹത്തിനു സഭയിലുള്ള സ്വാധീനം നടപടികള്‍ക്കു വേഗം കൂട്ടും എന്നു ഞാന്‍ കരുതി.

പക്ഷേ, ആരുമല്ലാതിരുന്ന, ആരുമാകാനാഗ്രഹിക്കാതിരുന്ന ഒരു സാധാരണക്കാരിയെ, ലോകം മുഴുവന്‍ അറിയുന്ന വിശുദ്ധയായി സഭ ഉയര്‍ത്തിയപ്പോള്‍ , അതു നല്‍കുന്ന സന്ദേശം എനിക്കു ഹൃദ്യമായി അനുഭവപ്പെട്ടു.

അല്‍ഫോന്‍സാമ്മ ഉരുവുവിട്ടിരുന്ന ഒരു സുകൃത ജപത്തോടെ അവസാനിപ്പിക്കാം : " സഹനമേ തരണമേ, മരണമേ വരണമേ". അതായിരുന്നു ആ ജീവിതത്തിന്റെ രത്നചുരുക്കം.

[ * - ഇതു അദ്ദേഹം തന്നെ പറഞ്ഞു കേട്ടതാണ്‌. ഒരു റെഫറന്‍സ്‌ തിരഞ്ഞെങ്കിലും കിട്ടിയില്ല]

12 comments:

The Common Man | പ്രാരബ്ധം said...

വി.അല്‍ഫോന്‍സാമ്മ - സഹനത്തിന്റെ അമ്മ

വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടതിന്റെ ആഘോഷവും ആരവവും , അല്‍പ്പം വിമര്‍ശ്ശനവുമൊക്കെ ബൂലോകത്ത്‌ കാണാനിടയായി.

സഭയുമായും സഭയുടെ ചട്ടക്കൂടുമായും ചെറുപ്പം മുതലേ അടുത്തു പരിചയമുള്ള ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ ചില വിശദീകരണങ്ങള്‍ നല്‍കാനാണ്‌ എന്റെ ശ്രമം. പലരും പലവുരു പറഞ്ഞ കഴിഞ്ഞ കാര്യങ്ങള്‍ തന്നെ.

nandakumar said...

നന്നായിരിക്കുന്നു ജോസ്. വിമര്‍ശനവും, വാഴ്ത്തലുകളും നടക്കുന്നതിനിടക്ക് ഈയൊരു പോസ്റ്റ്. പലരും പറയാത്ത കാര്യങ്ങളും പറഞ്ഞിരിക്കുന്നു. എല്ലാം ചുരുക്കിതന്നെ.

സുന്ദരന്‍ said...

നന്നായ് എഴുതിയിരിക്കുന്നു....
...
ലോകത്തിലെ ഏറ്റവും വലിയ അല്‍മായ സ്ംഘടന മിഷന്‍ ലീഗ് എന്നുപറഞ്ഞതിനോട് മാത്രം യോചിപ്പില്ലാ...

[ nardnahc hsemus ] said...

നന്നായി,
ആല്‍ത്തറ ബ്ലോഗില്‍ ഒന്നു കമന്റി വരും വഴിയാണിതു കണ്ടത്...

സന്യസ്ഥരായവര്‍ക്കു മാത്രമല്ല പ്രാധാന്യമെന്നുള്ളത് പുതിയ അറിവായി..

ചാവറയച്ചന്റെ പേരു മുന്നേവരുമെന്ന് ഞാനും കരുതിയിരുന്നു..

എന്തൊക്കെയായാലും എങനെയൊക്കെയായാലും നൂറ്റാണ്ടോളം വൈകി വിശുദ്ധരാക്കുന്ന ഈ നടപടികൊണ്ട് ആര്‍ക്കും വല്യ ഗുണമൊന്നും ഇല്ലെന്ന ഒരു തോന്നല്‍ ഇപ്പോഴും മാറിയിട്ടില്ല.

:)

മാണിക്യം said...

ജോസ് വളരെ നല്ല ലേഖനം.
ജോസ്മോന്‍ വാഴയില്‍ എഴുതിയ “വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...” നോക്കുകാ. ആല്‍ത്തറയില്‍ ഞാന്‍
"വി.അല്‍ഫോന്‍സാമ്മ - സഹനത്തിന്റെ അമ്മ"
ലിങ്ക് കൊടുത്തിട്ടുണ്ട്.

വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...
http://josemonvazhayil.blogspot.com/2008/07/blog-post.html

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി;
http://aaltharablogs.blogspot.com/2008/10/blog-post_12.html

അച്ചായത്തി said...

nalla lekhanam..athilum nalla sandesham...

Aloshi... :) said...

വളരെ നന്നായിരിക്കുന്നു... പറഞതൊക്കെ യഥാര്‍ഥം തന്നെ... വിമര്‍ശനവും കൊള്ളാം... സഭയില്‍ ഇന്നുമാത്രമല്ല പണ്ടും സ്വാധീനവും പണവുമുള്ളവര്‍ അനര്‍ഹമായ പല സ്ഥാനമാനങളും കൈയ്യടക്കുന്നുണ്ട്... ഇനിയുമതുണ്ടാവുകയും ചെയ്യും.. കാരണം സഭ വിസ്വാസിയെ സംബന്ദിച്ചിടത്തോളം ദൈവത്താല്‍ സ്ഥാപിതമാണെങ്കിലും അതിലെ അംഗങള്‍ മനുഷ്യരാണെന്നതു തന്നെ... തെറ്റും ശെരിയും വേര്‍തിരിച്ചറിയാന്‍ നല്ലൊരു ക്രിസ്ത്യാനിക്കാവണം.. അതിനൂ ക്രിസ്തുമതത്തില്‍ വിശ്വസിക്കണമെന്നോ മമോദീസാ മുങണമെന്നോ അര്‍ത്ഥമില്ല മറിച്ച്... ക്രിസ്തുവിനെ പോലെ ജീവിക്കുക തന്നെ പോലെ തന്നെ മറ്റുള്ളവരേയും സ്‌നേഹിക്കുക മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുക... അല്‍ഫോന്‍സാമ്മ അതിനൊരു മോഡല്‍ ലോകത്തിലെ എല്ലാവര്‍ക്കും.... വിശ്വാസിയെ സംബന്ദിച്ചിടത്തോളം മദ്ധ്യസ്ഥയും...

ഒരു “ദേശാഭിമാനി” said...

വ്യത്യസ്തമായ കാഴ്ചപ്പാടോടൂ‍ കൂടിയ സമീപനം അഭിനന്ദനീയം!
എന്നെ ആകര്‍ഷിച്ച ഒരു വാചകം:
, പക്ഷേ, ആരുമല്ലാതിരുന്ന, ആരുമാകാനാഗ്രഹിക്കാതിരുന്ന ഒരു സാധാരണക്കാരിയെ, ലോകം മുഴുവന്‍ അറിയുന്ന വിശുദ്ധയായി സഭ ഉയര്‍ത്തിയപ്പോള്‍ , അതു നല്‍കുന്ന സന്ദേശം എനിക്കു ഹൃദ്യമായി അനുഭവപ്പെട്ടു.,

ഇതും സന്ദേശമാണു! എനിക്കിഷ്ടപ്പെട്ട ഒരു സന്ദേശം!

The Common Man | പ്രാരബ്ധം said...

നന്ദാ...നന്ദി!

സുന്ദരാ...

ആദ്യമേ ഒരു "കൊടു കൈ".... ചിമ്മാരുമറിയത്തിന്റെ എഴുത്തച്ഛനു്‌!

സഭയിലേ ഏറ്റവും വലിയ അല്‍മായ സംഘടന മിഷന്‍ ലീഗാണെന്നാതു പഴയ ഒരു ഓര്‍മ്മയാണ്‌. ഒന്നുറപ്പിക്കാന്‍ പരതിനോക്കിയെങ്കിലും ഒന്നും കണ്ടില്ല.

തലതിരിഞ്ഞ സുമേഷ്‌ ചന്ദ്രന്‍,

കമന്റിനു നന്ദി. ജീവിച്ചിരിക്കുന്ന ആരുടെയും ഗുണത്തിനല്ല ഇത്തരം നടപടികള്‍.

ജീവിച്ചിരിക്കുന്നവരെ നാമകരണം ചെയ്താല്‍ ശരിയല്ലാത്ത പല പ്രവണതകളും ഉയര്‍ന്നുവരാനും സാധ്യതയുണ്ട്‌.

മാണിക്യം,

കമന്റിനും ലിങ്കുകള്‍ക്കും നന്ദി കേട്ടോ.

വിധൂ,

:-)

ചെമ്മാച്ചോ,

കണ്ടതില്‍ സന്തോഷം. ഇപ്പോഴും ചെമ്മാച്ചനാണോ? ചൊല്ലാറായോ?

1 ദേശാഭിമാനീ,

നന്ദി കേട്ടോ.

Appu Adyakshari said...

അഞ്ചല്‍ക്കാരന്റെ പോസ്റ്റില്‍ നിന്നാണ് ഇവിടെ എത്തപ്പെട്ടത്. നല്ല പോസ്റ്റ്, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍. അഭിനന്ദനങ്ങള്‍, നന്ദി.

N.J Joju said...

വിജ്ഞാനികളെ ലജ്ജിപ്പിയ്ക്കുവാന്‍ ലോകദൃഷ്ട്രിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു, ശക്തരെ ലജ്ജിപ്പിയ്ക്കുവാന്‍ ലോകദൃഷ്ടിയില്‍ അശക്തരായവരെയും. നിലവിലുള്ളവയെ നശിപ്പിയ്ക്കുവാന്‍ വേണ്ടി ലോകദൃഷ്ടിയില്‍ നിസ്സാരങ്ങളായവയെയും അവഗണിയ്ക്കപ്പെടുന്നവയെയും ഇല്ലായ്മയെതന്നെയും ദൈവം തിരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിയ്ക്കാതിരിയ്ക്കുന്നതിനാണ് അവിടുന്ന് ഇങ്ങനെചെയ്തത്.(1 കോറീന്തോസ് 27-29)

Sapna Anu B.George said...

ജോസ് ആരും,ആര്‍ക്കും, ഒര്രു വിശദീകരണത്തിന്റെയും ആവശ്യമില്ല, ഇതു സന്തോഷ് മാധവന്മാരുടെയും, പലിശക്കാരുടെയും കാലമാണ്.ദൈവശക്തിക്കു
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കനോ അതില്‍ വിശ്വസിപ്പിക്കാനോ കഴിയില്ല. ബുദ്ധിമുട്ടും പ്രായാസവും വരുമ്പോ എല്ലാവരും വിളിക്കും ‘ദൈവമെ’ എന്ന്, അന്ന് വിശ്വസിക്കും. അതുവരെ നമുക്ക് അലച്ച് ശബ്ദവും ആരോഗ്യവും അന്തരീക്ഷവും മലിനമാക്കണോ??