മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Monday, January 18, 2010

സ്വര്‍ഗ്ഗങ്ങള്‍ക്കു വില പറയപ്പെടുമ്പോള്‍

ക്രിസ്ത്മസ്‌ അവധിക്കു നാട്ടില്‍ വന്നപ്പോള്‍ കണ്ട 'ഇവിടം സ്വര്‍ഗ്ഗമാണ്‌' എന്ന ചിത്രവും, ഈയടുത്ത്‌ കേട്ട ചില ആശയപ്രകടനങ്ങളുമാന്‌ ഈ കുറിപ്പിനാധാരം.

സ്വാഭാവികത തുളുമ്പുന്ന ഏതൊരു സിനിമയ്കും അതിന്റേതായ ഒരു വശ്യതയുണ്ട്‌. സത്യം സത്യമായി പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ അവരതില്‍ സ്വജീവിതത്തിന്റെ അംശം കാണും. തൊള്ളായിരത്തിയെമ്പതുകളില്‍ മോഹന്‍ലാലിനെ ഒരു സൂപ്പര്‍താരമായി ഉയര്‍ത്താന്‍ മുഖ്യപങ്കു വഹിച്ച ഈ സാമാന്യവസ്തുതയാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ തന്റെ പുതിയ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌. 'ഉദയനാണ്‌ താര'ത്തിലെ സിനിമാലോകത്തിന്റെ പിന്നാമ്പുറങ്ങളും, 'നോട്ട്‌ബുക്ക്'-ലെ കോണ്‍വെന്റ്‌ സ്കൂള്‍ ജീവിതവുമൊന്നും ഇന്നും ശരാശരി മലയാളിക്കു പൂര്‍ണ്ണമായും പരിചിതമല്ല. പക്ഷേ ഭൂമിക്കച്ചവടക്കാരുടെ തരികിടകളും, രജിസ്‌ട്രേഷന്‍ ആപ്പീസുകളിലെ അഡ്‌ജെസ്റ്റുമെന്റുകളുമൊക്കെ നാം പല അവസരങ്ങളിലും നേരിട്ടു്‌ കണ്ടിട്ടുള്ളതാണ്‌. 'ഇവിടം സ്വര്‍ഗ്ഗമാണ്‌'എന്ന സിനിമയെ ജനകീയമാക്കുന്നതും ഇതു തന്നെ.

പക്ഷേ ആ സിനിമ നല്‍കുന്ന നേരമ്പോക്കിനപ്പുറത്ത്‌ അതില്‍ വളരെ പ്രത്യക്ഷമായി തെളിഞ്ഞു കിടക്കുന്ന സാമൂഹിക മുന്നറിയിപ്പ്‌ നമ്മുടെ സമൂഹം മുഖവിലയ്ക്കെടുത്തോ എന്നത്‌ സംശയമാണ്‌.

ചൂഷണം എന്ന പദത്തിന്റെ പ്രായോഗികമായ അര്‍ത്ഥം , കാലാകാലങ്ങളില്‍ മാറി മാറി വരും. മലയപ്പുലയന്റെ വാഴക്കുലയും, മുരിക്കന്‍കായലിലെ കൂലിനെല്ലും, എന്‍ഡോസള്‍ഫാന്‍ തോട്ടങ്ങളും, കൊക്കൊക്കോളയുമെല്ലാം ചൂഷണത്തിന്റെ പല തലങ്ങളിലെ പ്രതിബിംബങ്ങളാണ്‌.സ്വകാര്യ ലാഭത്തിനായി അന്യന്റെ ജീവിതം ദുഃസഹമാക്കുന്ന എന്തും ചൂഷണം തന്നെ.പക്ഷേ ഇതുവരെയുള്ള സിനിമകള്‍ പലതിലും, ഒരു പാടു പണവും സ്വാധീനവുമുള്ളവര്‍ തീരെ പാവപ്പെട്ടവരായ സാധാരണക്കാരോടു ചെയ്യുന്ന ഒരു നേരാക്രമണമാണ്‌ ചൂഷണം എന്ന രീതിയിലാണ്‌ ഈ ആശയം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. കാഴ്ചയില്‍തന്നെ ഭീകരത തോന്നിക്കുന്ന ഒരു വില്ലനും, അയാളുടെ ഗുണ്ടകളും വണ്ടികളും ആയുധങ്ങളും - ഇതൊക്കെയാണല്ലോ അതിന്റെയൊരു പതിവു രീതി. ഇതില്‍ നിന്നും വേറിട്ട ഒരു കാഴ്ചപ്പാടാണ്‌ ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്‌. അതാണ്‌ എന്റെയീ ചിന്തകളുടെ അടിസ്ഥാനവും.

മേല്‍പ്പറഞ്ഞ, കാലാകാലങ്ങളായി നാം ആവര്‍ത്തിച്ചുവരുന്ന നിര്‍വ്വചനത്തിനു മറവില്‍ നടന്ന മറ്റനേകം ചൂഷണങ്ങള്‍ നമ്മുടെ മാധ്യമങ്ങളും, ഒരു പരിധി വരെ നമ്മള്‍തന്നെയും ശ്രദ്ധിക്കാതെ പോയിട്ടുണ്ടെന്നാണ്‌ എന്റെ പക്ഷം. എറണാകുളത്ത്‌ ഒരു വീടും പറമ്പും കൈക്കലാക്കാന്‍ അതിനോടു ചേര്‍ന്നു കിടന്ന പുരയിടത്തില്‍ പൈലിങ്ങ്‌ തുടങ്ങിയ സംഭവം പത്രത്തില്‍ വായിച്ചു മറന്നതാണ്‌. അവിടെ ഒടുക്കം എന്തു സംഭവിച്ചു പിന്നെ ഒരിടത്തും പറഞ്ഞുകേട്ടില്ല. പ്രത്യക്ഷമായി്‌ നടത്തുന്ന ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളേക്കാള്‍ ഭീകരമാണ്‌ അത്തരം സംഘങ്ങളുടെ പരോക്ഷമായ ആക്രമണങ്ങള്‍ എന്നു പറഞ്ഞുകേട്ടിരിന്നുവെങ്കിലും, ആ പ്രതിഭാസം അതിന്റെ എല്ലാ വിവരണങ്ങളോടും കൂടി കാണാന്‍ സാധിച്ചത്‌ ഈ സിനിമയിലായിരുന്നു. ചൂഷണത്തിനു വിധേയരാകുന്ന മാത്യൂസും കുടുംബവും തീരെ ദരിദ്രരല്ല എന്നതാണ്‌ ഞാന്‍ സൂചിപ്പിച്ച പുതുമ. അരിക്കു വകയില്ലാത്ത ഒരു കുടുംബമല്ല ഇവിടെ ആക്രമിക്കപ്പെടുന്നത്‌. സ്വന്തമായി ഒരു വീടും , വളരെ വലിയ കൃഷിയിടവും മറ്റു സൌകര്യങ്ങളുമൊക്കെയുള്ള ഒരിടത്തരം കുടുംബമാണ്‌ ഭൂമാഫിയയുടെ ഞെരുക്കത്തില്‍ അമരുന്നത്‌. അര്‍ത്ഥാപത്തിയിതോ പിന്നെ..??

ആനുകാലിക യാഥാര്‍ത്ഥ്യത്തോട്‌ നീതി പുലര്‍ത്തുന്ന വിധത്തില്‍ , വികസനത്തിന്റെ മുഖപടമണിഞ്ഞാണ്‌ കോടനാട്ടിലും മാഫിയ കടന്നുവരുന്നത്‌. വികസനവഴിയില്‍ വിരിയാന്‍ പോകുന്ന ജോലിസാധ്യതകളും സാമ്പത്തികനേട്ടവുമെല്ലാം ഇത്തരമൊരു നീക്കത്തിനു പുറകിലുള്ള ഗൂഡോദ്ദേശങ്ങളെ മറച്ചുപിടിക്കുന്നു. നാട്ടിലെ പൊതുസമ്മതനായ പുരോഹിതനും, ഇടതുപക്ഷ നേതാക്കളുമൊക്കെ ഇതിനെ അനുകൂലിക്കുന്നതായി അവതരിപ്പിച്ചിരിക്കുനത്‌ ഒരു പ്രതീകമായാണ്‌ - ആനുകാലിക ആക്ഷേപങ്ങള്‍ ധാരാളമുണ്ടെങ്കിലും, പുരോഹിതരും ഇടതുപക്ഷ നേതാക്കളും ഇന്നും നമുക്കു ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്‌. അവര്‍ പോലും തെറ്റിധരിപ്പിക്കപ്പെടുമ്പോള്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ ഒറ്റപ്പെടുന്നു.അവകാശമെന്നു കരുതിയ പലതും പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കൈവിടേണ്ടിവരുന്നവരുടെ വേദന - അതായിരിക്കണം ഈ സിനിമ നല്‍കുന്ന പാഠം. മാത്യൂസ്‌ സിനിമയിലെ നായകനാണ്‌, അദ്ദേഹത്തിനു പ്രതിരോധിക്കാം. പക്ഷേ ഒരു സാധാരണക്കാരന്‌ അതു സാധിച്ചെന്നു വരില്ല. അതുകൊണ്ട്‌, ധൈര്യം കൊണ്ടൊരു മാത്യൂസ്‌ ആവുക എന്നതിനേക്കാള്‍, സ്വാര്‍ത്ഥത കൊണ്ടൊരു കോടനാട്ടുകാരന്‍ ( മാത്യൂസിനെ എതിര്‍ക്കുന്ന കഥാപാത്രങ്ങളുടെയൊന്നും പേരു ഓര്‍മ്മയില്ല) ആകാതിരിക്കൂ എന്നാണ്‌ ഈ സിനിമ നമ്മോടു പറയുന്നത്‌.

വികസന വിരോധി - കേരള രാഷ്ട്രീയത്തില്‍ ഒരു കാലത്ത്‌ നിറഞ്ഞു നിന്നിരുന്ന ഈ പദത്തിനും വ്യക്തമായ ഒരു നിര്‍വ്വചനം ആവശ്യമായിരിക്കുന്നു. പൊതുസമൂഹത്തിന്റെ പുരോഗതിക്കു ബലിയാടാകേണ്ടി വരുന്ന ഏതൊരുവനും ഈ വിശേഷണം ചേരില്ല. മാനേജ്‌മെന്റ്‌ പഠനത്തിനു ചേരുമ്പോള്‍ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരു കുറവായിരിക്കും എന്നറിയാമായിരുന്നു. പക്ഷേ പകുതിയിലധികവും കൊടി കുത്തിയ ക്യാപ്പിറ്റലിസ്റ്റുകളാണെന്നത്‌ എന്നെ അമ്പരപ്പിച്ചു. അദ്ധ്യാപക-വിദ്യാര്‍ത്ഥി ഭേദമില്ലാതെ, അരാഷ്ട്രീയവാദത്തെ അനുകൂലിക്കുന്ന ഒരു വലിയ സമൂഹം എന്റെ ചുറ്റുമുണ്ട്‌. 'സമരം ചെയ്യുന്ന എല്ലാ സംഘടനകളെയും നിരോധിക്കണം' എന്ന ഒരു കമന്റ്‌, അതു പറഞ്ഞ വിദ്യാര്‍ത്ഥിയുടെ അജ്ഞതയെന്നു കരുതി അവഗണിച്ചു,പക്ഷേ അതിനെ ശക്തമായി അനുകൂലിച്ച അദ്ധ്യാപികയോട്‌ തര്‍ക്കിക്കേണ്ടി വന്നു. സംഘടിച്ച തൊഴിലാളികളാണ്‌ രാജ്യത്തിന്റെ വികസനത്തിനു തടസ്സം എന്ന വാദത്തെ കൈയ്യടിയോടെയാണ്‌ ഭൂരിപക്ഷം സ്വീകരിച്ചത്‌.ചൈനയുടെ വികസന മോഡലിനെ ഉദാത്തം എന്നു വിശേഷിപ്പിച്ച പലര്‍ക്കും , അവിടെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെപറ്റി കേട്ടറിവു പോലുമില്ല. ഇതിനെയെല്ലാം എതിര്‍ത്തവരെ അവരെന്തു വിളിച്ചു എന്നു പറയേണ്ടതില്ലല്ലോ. ഉപരിപ്ലവമായ ചില ബോധ്യങ്ങളുടെ പുറത്ത്‌, രാഷ്ട്രീയമെന്നാല്‍ എന്തിനേയും ദുഷിപ്പിക്കുന്ന ഒരു സാമൂഹികവിപത്തെന്നു കരുതുന്ന യുവതീയുവാക്കളുടെ എണ്ണം ദിനം പ്രതി ഉയരുമ്പോള്‍, അതുയര്‍ത്തുന്ന വെല്ലുവിളി എത്ര ഭീകരമാണ്‌!. സര്‍ക്കാര്‍ എന്നാല്‍ ഹൈവേകളും പാലങ്ങളും നിര്‍മ്മിച്ചുതരാനും, സമരങ്ങള്‍ അടിച്ചൊതുക്കാനും, വ്യവസായികള്‍ക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കാനുമുള്ള ഒരു ഫെസിലിറ്റേറ്റര്‍ എന്ന സങ്കല്‍പ്പം സ്വയം ഉരുത്തിരിയുന്നതല്ല, അതു കുത്തിവെക്കപ്പെടുന്നതാണ്‌. വ്യക്തമായ കച്ചവട താല്‍പ്പര്യങ്ങളുള്ള പത്ര-ദൃശ്യ വാര്‍ത്താ മാധ്യമങ്ങളും ഇതിനു വളം പകരുന്നു.

ചുരുക്കിക്കോട്ടെ... മാത്യൂസ്‌ എന്ന ബുദ്ധിശാലിയായ നായകനും അമിക്കസ്‌ ക്യൂറിയും ചേര്‍ന്നു നടത്തുന്ന നാടകമല്ല നമ്മെ ചിന്തിപ്പിക്കേണ്ടത്‌. നാട്ടിലെ പൌരപ്രമുഖരായ രണ്ടു പേര്‍, ഇരുട്ടിവെളുക്കുമ്പോള്‍ വെറുക്കപ്പെട്ടവരായി മാറുന്ന സാഹചര്യം നമ്മെ ഇരുത്തിചിന്തിപ്പിക്കണം. ഇക്കാലത്തെ വില്ലന്‍മാരെന്നാല്‍ സുമുഖരും സംസാരപ്രിയരുമെന്ന്‌ ആലുവാ ചാണ്ടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇതിനോടെല്ലാം നിസ്സംഗതയോടെ മൌനം പാലിക്കുന്നവര്‍ പഴയ ആ കവിത സ്മരിക്കുക.. ഒടുവില്‍ അവര്‍ നിങ്ങളെ തേടി വരുമ്പോള്‍, നിങ്ങള്‍ ഒറ്റപ്പെട്ടേക്കാം.

14 comments:

The Common Man | പ്രാരാബ്ധം said...

ക്രിസ്ത്മസ്‌ അവധിക്കു നാട്ടില്‍ വന്നപ്പോള്‍ കണ്ട 'ഇവിടം സ്വര്‍ഗ്ഗമാണ്‌' എന്ന ചിത്രവും, ഈയടുത്ത്‌ കേട്ട ചില ആശയപ്രകടനങ്ങളുമാന്‌ ഈ കുറിപ്പിനാധാരം.ചിത്രത്തിന്റെ അവലോകനമെന്നതിനേക്കാള്‍, അതുയര്‍ത്തുന്ന സൂചനകളുടെ താത്വികമായ ഒരവലോകനം. റാഡിക്കലായ ഒരു മാറ്റമല്ല. :-)

Joe Cheri Ross said...

Nice article. Infact society should be aware of existence of such mafia. Then they can atleast prevent them in the way they can from illegal engagements.

The Layman said...

Brilliant. Absolutely brilliant!

When one of my friends dismissed the plot of "Ividam swargmaanu" as unrealistic, the very same thoughts which you expressed so strongly in your post echoed in my mind. You were bang on about the perspective society has of "chooshithar". It's not the poor alone who are violated of their rights. But the sadder fact is that we(the future of tomorrow) consider these issues as beyond our scope.

You cannot have put it more correctly. For many of us government is a facilitator. Agitations are what poor, suppressed people do in Nandigram and Bihar. Strikes are what political parties do for political mileage. Politics is the evil which has engulfed our country in a time warp.

Stunning post Jose. You best yet :)

Nikhil Narayanan said...

സോഷ്യലിസത്തെ വെറുക്കുന്ന ഈ തരം ജനങ്ങള്‍ക്ക് നാണയത്തിന്റെ ഒരു ഭാഗം മാത്രമേ കണ്ടു പരിചയം ഉള്ളു . നാണയം മറിച്ചിടാന്‍ അവര്‍ മിനക്കെടില്ല. അവര്‍ക്ക് താല്പര്യം ഇല്ല. കേരളം ഹര്ടാലിന്റെ നാടാനെന്നുള്ള ധാരണ. അതിന്റെ കാരണം എന്ന്തനെണ്ണ്‍ ചിന്തിക്കാനുള്ള വിമുഖത. ഞാനും കണ്ടിരിക്കുന്നു ഈത്തരം ജനങ്ങളെ.

-----Z@M----- said...

melparinja cinima njan kandillengilum blog entry enikku istapettu. cinima aayirunnu pashchatala vishayame engil koodi, managemenu padikkan poya oru socialist chindagathikarante anubhvam adhikam onnum vishadeekarichillengilum oru chindakku vaka aayi. adutha blog entry athaavatte !

റ്റോംസ് കോനുമഠം said...

ഒടുവില്‍ അവര്‍ നിങ്ങളെ തേടി വരുമ്പോള്‍, നിങ്ങള്‍ ഒറ്റപ്പെട്ടേക്കാം.
www.tomskonumadam.blogspot.com

ബിജിന്‍ കൃഷ്ണ said...

'ഇവിടം' കണ്ടിട്ടില്ല..

ചൂഷണത്തെക്കുറിച്ചുള്ള നമ്മുടെ പൊതുധാരണ വല്ലാതെ മാറുന്ന കാലമാണിത്. ഓട്ടോക്കാരന്‍ അഞ്ച് രൂപ അധികം ചോദിച്ചപ്പോള്‍ "ചൂഷണം ചെയ്യുന്നേ" എന്ന് നിലവിളിക്കുമ്പോള്‍ തന്നെ കണ്മുന്നില്‍ നടക്കുന്ന engineered exploitations കാണാതെ പോകുന്ന കാലം.

കൊടികുത്തിയ ക്യാപ്പിറ്റലിസ്റ്റുകളുടെ ഇടയില്‍ ഒറ്റയ്ക്ക് പിഴച്ചു പോകാന്‍ പാടാണ്‌. കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയില്‍ സമഗ്രമായ ഒരു ബദലിനെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലാ എന്നതാണ്‌ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പരാജയം. അതിന്റെ കാരണം ബൗദ്ധിക മണ്ഡലത്തില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുന്നത് കയ്യും കെട്ടി നോക്കി നിന്നതാണ്‌. ചൂഷണത്തില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ ശീതളഛായയില്‍ പലപ്പോഴും പ്രവര്‍ത്തിയും വാക്കും വിപരീതങ്ങളായി. അതുകൊണ്ട് തന്നെ ചെറുപ്പുനില്പ്പുകള്‍ക്ക് ശക്തി കുറഞ്ഞു. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ ഒറ്റയ്ക്കുള്ള ചെറുത്തു നില്പ്പിന്‌ അഭിവാദ്യങ്ങള്‍.

malpan said...

Nammal enth kondu thooottu ennullath valare lalithamaayi paranjal enthaa?? ii colonialisavum radicalum

sherlock said...

great article jose... :)

നന്ദകുമാര്‍ said...

സിനിമയെപ്പറ്റി പറഞ്ഞത് ശരിതന്നെയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നത് ഭരണകൂടവും അധോലോകവും ഗുണ്ടകളും ഇരുളും വെളിച്ചവും കലര്‍ന്ന മുറിയിലെ ഗൂഡാലോചകളുമാണെന്നായിരുന്നു ഷാജി കൈലാസ് അടക്കമുള്ള സിനിമകളിലൂടേ പകര്‍ന്നു കൊടൂത്തത്. എവിടെയോ ഏതോ കേന്ദ്രങ്ങളിലിരുന്നുള്ള പ്രവര്‍ത്തനം എന്ന പോലെ. പക്ഷെ അതു നമുക്കു ചുറ്റും നമുക്കിടയില്‍, നമ്മളറിയാതെ നമ്മളിലൂടെത്തന്നെ നടപ്പാക്കപ്പെടുന്ന, ഭാഗഭാക്കായിപ്പെടേണ്ടിവരുന്ന ഒന്നാണെന്ന് തിരിച്ചറിയിക്കുന്നു. തികച്ചും റിയലിസ്റ്റിക്കായിത്തന്നെ അത് പ്രതിപാദിച്ചിട്ടുണ്ട് സിനിമയില്‍. കോടനാട്ടൂകാരെപോലെ മാറിപോകരുതെന്ന ഒരു സന്ദേശവും നല്‍കുന്നുണ്ട്. (സിനിമ എക്സിക്യൂഷന്‍/ഡയറക്ഷന്‍ എന്നിവയെപ്പറ്റി വിയോജിപ്പാണുള്ളത്)

രാഷ്ടീയമായതെന്തും വെറൂക്കപ്പെടേണ്ടതെന്നും രാഷ്ട്രീയമേ വേണ്ട എന്നുള്ളതുമായ പൊതുധാരണകള്‍ പതിയേ ഉറച്ചുവരുന്ന ഒരു സമൂഹവും കൂടിയാണ് ഇപ്പോള്‍ നമ്മുടേത്. കാമ്പസ്സുകളില്‍ രാഷ്ട്രീയം വേണ്ട എന്നു മുറവിളി കൂട്ടിയ നമ്മള്‍ കാമ്പസുകളില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ പിന്‍ വാങ്ങിയപ്പോള്‍ എന്തു സംഭവിക്കുന്നു എന്ന് നേരിട്ടറിഞ്ഞുകൊണ്ടിരിക്കുകയാണ്.

ചിന്തനീയമാ‍യ പോസ്റ്റ്

Lince said...

ഇത് വല്ലാതെ സുഖിപ്പിക്കുന്നു,
ചിന്തകളിലെ തെളിമ ആശ്വാസമേകുന്നു. ധൈര്യമില്ലാത്തതിനാല്‍ മിണ്ടാതിരിക്കുന്ന വരിയുടഞ്ഞ നാവുകളെ ഇത് ചോദ്യം ചെയ്യുന്നു.

സിനിമ കണ്ടില്ലെങ്കിലും തികട്ടി തികട്ടി ഉള്ളില്‍ കിടക്കുന്ന എന്തിനെയൊക്കെയോ ഇത് പുറത്തുകൊണ്ടുവരിക്കുന്നു.

എഴുത്തിന്റെ ഗുരുത്വം മാത്രമല്ല, ആശയങ്ങളുടെ ഒഴുക്കും എനിക്കിഷ്ടമായി.

ഗുരുവേഷമണിഞ്ഞ് ഞാന്‍ നില്ക്കുമ്പോള്‍ ആകെയുള്ള സന്തോഷം, സംവാദങ്ങളെയും എതിരഭിപ്രായങ്ങളെയും മാനിക്കാനും തെറ്റിനെ അംഗീകരിച്ച് അത് തിരുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നതുമാണ്.

അരാഷ്ട്രീയവാദത്തെ ചോദ്യം ചെയ്യുന്നവരെയൊക്കെ യുക്തിവാദികളായി മാത്രം കാണുന്ന ഒരു ചെറിയ സമൂഹത്തില്‍ പിഴച്ചുപോകുന്നത് ദുഷ്കരമാണ്.ഒരുപാട് കോമ്പ്രമൈസുകള്‍ ചെയ്തു കഴിഞ്ഞു, ഇനിയും അതിന്റെ കാര്യമില്ല എങ്കിലും ...അറിയില്ല..

ജോസ് ഇടവേളകള്‍ അധികമില്ലാതെ അടുത്തതും പ്രതീക്ഷിക്കാമോ ?

ente lokam said...

ഈ സ്വര്‍ഗം ഇതുവരെ കാണാന്‍ ഒത്തില്ല
പ്രതികരിക്കാന്‍ കഴിയാത്തത് കൊണ്ടാവും
ഇത്തരം ചിത്രങ്ങള്‍ നമ്മെ സുഖുപ്പിക്കുന്നുണ്ട്.
ഈയിടെ ജനകന്‍ എന്ന ചിത്രം കുറെ അഭിപ്രായങ്ങള്‍
വാരിക്കൂട്ടി..അതിനെപ്പറ്റി വല്ലതും അറിയാമോ?

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

അവലോകനങ്ങളുടെ വിശകലനം അസ്സലായി കേട്ടൊ ഭായി

Pranavam Ravikumar a.k.a. Kochuravi said...

:-)