മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, June 28, 2011

ആദാമിന്റെ മകന്‍ അബു

'ആദാമിന്റെ മകന്‍ അബു' കണ്ടു - ഇന്നോവേറ്റീവ്‌ മള്‍ട്ടിപ്ലെക്സ് , 25/6/2011


കഴിഞ്ഞ കൊല്ലത്തെ ദേശീയപുരസ്കാരം കുട്ടിസ്രാങ്കിനു ലഭിച്ചുകഴിഞ്ഞാണ്‌ ആ ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളോടെയാണ്‌ ആ ചിത്രം കാണാന്‍ പുറപ്പെട്ടതും. ഡെല്ഹിയിലെ ഒരു വലിയ തിയേറ്ററില്‍ ഏതാണ്ട്‌ നിറഞ്ഞ സദസ്സിലിരുന്നാണ്‌ അന്നാ ചിത്രം കണ്ടത്‌. പ്രതീക്ഷകള്‍ക്കുമപ്പുറത്തെ വലിയ ഒരനുഭവമായി കുട്ടിസ്രാങ്ക്‌ മാറി.


ഇക്കൊല്ലം 'ആദാമിന്റെ മകന്‍ അബു' ചരിത്രമാവര്‍ത്തിച്ചപ്പോള്‍, അതിലൂടെ സലിം കുമാറും അവാര്‍ഡ്‌ നേടിയപ്പോള്, കൂടുതല്‍ പ്രതീക്ഷകളുമായി പടം കാണാന്‍ പോയ എന്നെ കുറ്റം പറയാനൊക്കില്ലല്ലോ. ആ അമിതപ്രതീക്ഷകള്‍ കാരണമാവാം, പടം കഴിഞ്ഞപ്പോള്‍ ഒരല്‍പ്പം നിരാശ അനുഭവപ്പെട്ടു.

'ആദാമിന്റെ മകന്‍ അബു' ഒരു നല്ല സിനിമയാണ്‌. ലളിതമായ ഒരു കഥാതന്തുവില്‍ നിന്നും പ്രേക്ഷകനെ വെറുപ്പിക്കാത്ത ഒരു സിനിമ പിടിക്കുക എന്നതു ഇന്നു പലര്‍ക്കും കൈവിട്ടു പോയ ഒരു കലയാണ്‌. അരങ്ങേറ്റക്കാരനായ സലീം അഹമ്മദിനു പക്ഷേ അതു നല്ലതുപോലെ വശം ഉണ്ടെന്നു ഈ സിനിമ തെളിയിക്കുന്നു.

ബുദ്ധിയും തലച്ചോറും ഉപയോഗിച്ചു പുനര്‍മനനം ചെയ്തുള്‍ക്കൊള്ളേണ്ട ഒന്നുംതന്നെ ഈ സിനിമയിലില്ല. സാധാരണക്കാരനായ അബുവിന്റെ ആശകളും നിരാശകളും, മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം , സാധാരണക്കാരായ പ്രേക്ഷകര്‍ക്കു അതേ അളവില്‍ അനുഭവിക്കാനാവുംവിധം അവതരിപ്പിച്ചിട്ടുണ്ട്‌.

പക്ഷേ സിനിമ എന്ന ദൃശ്യ-ശ്രവണ മാധ്യമത്തിന്റെ അനന്തമായ സാധ്യതകള്‍ മുഴുവനും ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. ഇതേ കഥ ഒരു ചെറുകഥയായി പുറത്തു വന്നാലും, മേല്‍പ്പറഞ്ഞ അനുഭവം വായനക്കാരനു ലഭിക്കും എന്നാണ്‌ ഞാന്‍ പറഞ്ഞു വരുന്നത്‌. ഒരു കഥ സിനിമയാകുമ്പോള്‍, ലിഖിതരൂപത്തിനു നല്കാന്‍ സാധിക്കുന്നതിനുമപ്പുറത്തുള്ള ഒരനുഭവം ആസ്വാദകനു ലഭിക്കണം, എങ്കിലേ സിനിമ എന്ന മാധ്യമത്തോടു നൂറു ശതമാനം കൂറു പുലര്‍ത്തിയെന്നു വിലയിരുത്താന്‍ പറ്റൂ.

സലിം കുമാര്‍ വളരെ മികച്ച പ്രകടനമാണ്‌ കാഴ്ച വെച്ചിരിക്കുന്നത്‌. ( പിന്നല്ലാതെ ആരേലും ദേശീയ അവാര്‍ഡ്‌ കൊടുക്കുവോ, അല്ലേ? :0 ). ശരീര ഭാഷയൊക്കെ ആ കഥാപാത്രത്തിനു ഇട്ടു തയ്ച്ച കുപ്പായം പോലെ അനുയോജ്യം. എങ്കിലും ഞാന്‍ കുറച്ചൂടെ പ്രതീക്ഷിച്ചിരുന്നു. 'അച്ഛനുറങ്ങാത്ത വീട്' ലെ കഥാപാത്രത്തിന്റെയത്ര വെല്ലുവിളി, ഈ സിനിമ സലിം കുമാര്‍ എന്ന നടനു നല്‍കിയില്ല എന്നാണ്‌ എന്റെ വിലയിരുത്തല്‍.

സലിം കുമാറിനൊപ്പംനില്ക്കുന്ന പ്രകടനമാണ്‌ സെറീന വഹാബിന്റേതും. ഇത്തരം കാമ്പുള്ള കഥാപാത്രങ്ങളില്‍ അവരെ ഇനിയും കാണാന്‍ സാധിക്കും എന്നു വിശസിക്കുന്നു.

ഉസ്താദ്‌ എന്ന കഥാപാത്രം ഒരു മിസ്റ്റിക്ക് ഭാവം നല്‍കിയെങ്കിലും, കഥയുടെ ഗതിയില്‍ ഒരു സ്വാധീനവും ചെലുത്തിയതായി അനുഭവപ്പെട്ടില്ല.

സുരാജ്‌ വെഞ്ഞാറമ്മൂടിനെ അത്ര പിടിച്ചില്ല.


ചില്ലറ പുതുമകള്‍ തേടാന്‍ മലയാള സിനിമ ശ്രമിക്കുന്ന ഈയൊരു കാലഘട്ടത്തില്‍, ആ ഒരു നീക്കത്തിനു കൂടുതല്‍ പ്രചോദനം നല്‍കുന്ന ഒരു സിനിമയാണ്‌ 'ആദാമിന്റെ മകന്‍ അബു' എന്നതിനു സംശയമില്ല. സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്‌ ഇത്തരം സിനിമകളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ്‌.


ക്ഷീരമുള്ളോരക്കിടിന്‍ ചുവട്ടില്‍ ചോര വരുന്നത്‌ വരെ ഞെക്കിപ്പിഴിയുക എന്നതു മനുഷ്യ സഹജമാകയാല്‍ ചില കാര്യങ്ങളും കൂടി :



1. പശുവിനു വെള്ളം കൊടുത്തുകൊണ്ടു അവയോടു സംസാരിക്കുന്ന സെറീന വഹാബു്‌ ഒരു വരി പറഞ്ഞത്‌ ഇങ്ങനെ " അതിനിപ്പൊ ന്താ ഇവിടെ ഇണ്ടായേ?" - വള്ളുവനാടന്‍ ഭാഷ നമ്മുടെ ഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റുകള്‍ക്കൊക്കെ മാതൃഭാഷയാണല്ലോ!

2. കാശു മുടക്കി ഹജ്ജിനു പോകാന്‍ വകയുള്ളവര്‍ പോലും ഹജ്ജ്‌-കമ്മറ്റിയുടെ സീറ്റു കിട്ടാന്‍ അപേക്ഷിക്കും. വലിയ അളവില്‍ സബ്സിഡി കിട്ടുന്നതു തന്നെ കാരണം. സിനിമയിലെ ഒരു കഥാപാത്രവും ഇതു പരാമര്‍ശ്ശിക്കുന്നുണ്ട്‌. പക്ഷേ അബു എന്തേ ആ വഴി തേടിയില്ല?

3. അക്ബര്‍ ട്രാവല്സ്‌ എപ്പോ കാണിച്ചാലും , പിന്നണിയില്‍ കേള്‍ക്കുന്നത്‌ ' ഇരുപത്തിയാറാം തിയതിയിലെ ടിക്കറ്റിന്റെ' കാര്യമാണ്‌. എന്താണ്‌ ഹേ, ആ ഒരു ദിവസം മാത്രേ കോഴിക്കോടുകാരു യാത്ര ചെയ്യൂ??


അപ്പോ പറഞ്ഞുവന്നതിങ്ങനെ :

കാശു മുടക്കി കണ്ടുകഴിയുമ്പോ "എന്റെ കാശു പോയല്ലോ കര്‍ത്താവേ" എന്നു കരയിപ്പിക്കാത്ത സിനിമ. പോറ്റാന്‍ ഒരു പെണ്ണും, അടച്ചുതീര്‍ക്കാന്‍ ലോണുകളുമൊക്കെ ആയിക്കഴിഞ്ഞപ്പോ ഞാനിങ്ങനയേ സിനിമകളെ തരംതിരിക്കാറുള്ളൂ!

1 comment:

Unknown said...

Nice review... Appo padam kandu kalayaam lle? :)