മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, April 24, 2012

22.എഫ്‌.കെ

പുരോഗമനകലാപ്രസ്ഥാനങ്ങൾ വളരെ അടുത്ത്‌ സ്വാധീനിച്ച ഒരു നാടായിട്ടു പോലും, വിപ്ലവകരമായ ആശയങ്ങളോടും ആഖ്യാനരീതികളോടും മലയാള സിനിമ ഒരു പരിധി വാരെ പുറം തിരിഞ്ഞു നിന്നിട്ടേയുള്ളൂ. നമ്മുടെ സിനിമകൾ കഴിഞ്ഞ 3 പതിറ്റാണ്ടുകളിൽ, നായർ തറവാട്‌-അമ്പലത്തിലെ ഉൽസവം- ന്താ കുട്ട്യേ - സുറിയാനി ക്രിസ്ത്യാനി കുടുംബം - പോടാ ഉവ്വേ-ഗൾഫ്‌ മലയാളി- ഇങ്ങള്‌ ബരീൻ- കോയിക്കോടൻ ബിരിയാണി-കോളെജ്-പ്രേമം എന്നിങ്ങനെ ചുറ്റിക്കറങ്ങി കളിക്കണതും ഈ വിമുഖത കാരണമാണ്‌. സിനിമ എന്ന ദൃശ്യമാധ്യമത്തിന്റെ സാമൂഹികധർമ്മത്തേക്കാൾ മനോവിനോദധർമ്മത്തിനാണ്‌ മലയാളി സമൂഹം വില കൊടുത്തത്‌. ആശയപരമായി ഔന്നത്യം പുലർത്തിയ പല ചിത്രങ്ങൾക്കും അതുകൊണ്ടുതന്നെ തിയറ്ററുകളിൽ നിന്നും വേഗം പിന്മാറേണ്ടി വന്നിട്ടുണ്ട്‌. ഈ പരമ്പരാഗത സിനിമാസങ്കൽപ്പത്തിലേയ്ക്ക്‌ തന്റേടമുള്ള കാൽവെയ്പ്പുകളുമായി ഒരു പറ്റം ചെറുപ്പകാർ കടന്നുവരുന്നതും അവർ അംഗീകരിക്കപ്പെടുന്നതും, മേൽപ്പറഞ്ഞ പ്രേക്ഷകമനോഭാവത്തിൽ വന്ന മാറ്റം കൊണ്ടു തന്നെയാണോ എന്നു വിലയിരുത്താൻ കാലമായിട്ടില്ലെങ്കിലും, അത്തരം ഒരു മാറ്റം ഇന്നത്തെ മലയാളസിനിമയ്ക്ക്‌ ഒരു പുതുജീവൻ പകർന്നു നല്കിയിരിക്കുന്നു എന്നതിൽ തർക്കമില്ല.

 ഈ പുതുതലമുറയുടെ പ്രതീകവും പ്രതിനിധിയുമായ ആഷിക് അബുവിന്റെ “22.എഫ്‌.കെ” പറയുന്നത്‌ ഒരു പഴയ കഥാതന്തുവാണ്‌ - ഒരു സ്ത്രീ അനുഭവിക്കുന്ന വിശാസവഞ്ചനയുടെയും ശാരീരികാക്രമണത്തിന്റെയും തുടർന്നുള്ള പ്രതികാരത്തിന്റെയും കഥ. നവമാധ്യമങ്ങൾ തുറന്നുതരുന്ന വിപണത്തിന്റെ എല്ലാ സാധ്യതകളെയും നന്നായി ഉപയോഗിക്കാനറിയാവുന്ന ഒരു ടീമാണ്‌ ആഷിക് അബുവിന്റേത്‌. അതുകൊണ്ട്‌ തന്നെ ഈ സിനിമയെ ചുറ്റിപറ്റി ഒരു ‘ഹൈപ്പ്‌’ സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. പരിചക്കാരിൽ ചിലരുടെ അഭിപ്രായപ്രകടനങ്ങൾക്കൂടി കേട്ടപ്പോൾ, ഒരു മികച്ച അനുഭവം പ്രതീക്ഷിച്ചാണ്‌ സിനിമ കണ്ടത്‌, അതു കൊണ്ടാവം ഒരല്പ്പം നിരാശ അനുഭവപ്പെട്ടു. 3-കോഴ്സ്‌ ഡിന്നർ പ്രതീക്ഷിച്ചു ചെന്നിട്ടു് ചായയും വടയും കിട്ടുമ്പോഴുണ്ടാകുന്ന ഒരു ഇത്‌ - വട മോശമായില്ല എങ്കിൽ പോലും!

 കഥാപാത്രനിർമ്മാണത്തിൽ ഒരാശയക്കുഴപ്പം അനുഭപ്പെട്ടു, പ്രത്യേകിച്ച്‌ ടെസ്സ എന്ന കഥാപാത്രത്തിൽ. സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ തന്നെ ലൈംഗികചൂഷണത്തിനു വിധേയയായ, അനിയത്തി ഉൾപ്പെടുന്ന ഒരു കുടുബത്തെ നയിക്കുന്ന, ഒറ്റയിരിപ്പിന്‌ 5-6 പെഗ്‌ അടിക്കുന്ന ഒരു പെൺകുട്ടി “ അപ്പോ 2012-ൽ ശെരിക്കും ലോകം അവസാനിക്കും?? യ്യോ!!” എന്നൊക്കെ ഒരഞ്ചുവയസ്സുകാരിയെപ്പോലെ ചോദിച്ചപ്പോൾ, നിഷ്ക്കളങ്കത എന്ന പുണ്യം അടിച്ചേൽപ്പിക്കാനുള്ള ഒരു ഏച്ചുകെട്ടൽ നന്നായി അനുഭവപ്പെട്ടു. സിറിൽ എന്ന നായകവില്ലനിലും ഇതേ ആശയക്കുഴപ്പം. ക്ലൈമാക്സിൽ വെറൈറ്റി ആയി വരച്ചുവെച്ച മെലോഡ്രാമയും കോമഡിയുമൊന്നും സിനിമയുടെ പൊതുവികാരത്തോട്‌ നീതി പുലർത്തിയില്ല എന്നു തന്നെ പറയണം.

 ടി.ജി.രവിയുടെ കഥാപാത്രവും, പിന്നെ ബെന്നിച്ചായനും കലക്കി. കഥാപാത്രങ്ങളുടെ പ്രാദേശികവൽക്കരണം വളരെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ “ഫ അല്ല ഭ” കോമഡിയും എനിക്കിഷ്ടപ്പെട്ടേനേ, അതിങ്ങനെ വലിച്ചുനീട്ടിയില്ലാരുന്നെങ്കിൽ.

 അനാവശ്യം എന്നു തോന്നിയ രണ്ടു കഥാപാത്രങ്ങൾ നായികയുടെ അനിയത്തിയും പിന്നെ നായകന്റെ അസിസ്റ്റന്റ്‌ ആയ കാർന്നോരുമാണ്‌. ജയിലിൽ നരകയാതന അനുഭവിക്കുന്ന ചേച്ചിയ കാണാൻ, ആരെന്നു പറയാൻ പോലും ബുദ്ധിമുട്ടുള്ള ഒരു മണകൊണാഞ്ചനുമായി എത്തിയ അനിയത്തിയോടു ഒരു രണ്ടു വരി ഉപദേശമെങ്കിലും നായിക പറഞ്ഞിരുന്നെങ്കിൽ, ആ കഥാപാത്രത്തിനു് ഒരു പ്രസക്തി വന്നേനേ, അതും ഉണ്ടായില്ല. ആ പ്യൂണിന്റെ കഥാപാത്രത്തെ വേണമെങ്കിൽ ഒരു പ്രതീകമായി കാണാം - തന്റെ സേവനത്തിനു കാശ്‌ മുടക്കുന്നവനു വേണ്ടതെന്തെന്നറിയാതെ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർത്ത്‌ വിളമ്പിയ ശേഷം ഇളിഭ്യച്ചിരി ചിരിക്കുന്ന മലയാള സിനിമയിലെ താപ്പാനകളെയാണ്‌ സിറിൽ എന്ന കഥാപാത്രത്തെക്കൊണ്ട്‌ ആഷിക് അബു “കഴുതേ” എന്നു വിളിപ്പിച്ചത്‌ എന്നു എന്റെ ബുദ്ധിജീവി മനസ്സ്‌ ഇപ്പോൾ പറയുന്നു!

 സിനിമ ഒരു കലാരൂപമാണ്‌, ആസ്വാദനം ആപേക്ഷികവും. പക്ഷേ ഇരുത്തം വന്ന സിനിമാക്കാർ കൈ തൊടാൻ മടിക്കുന്ന ഒരാശയത്തെ സിനിമയാക്കിയ ആഷിക് അബുവിനും ടീമിനും എന്റെ നന്ദി. ഇതൊരു തുടക്കമാകും എന്നു് എന്നിലെ സിനിമാപ്രേമി പറയുന്നു. കണ്മുന്നിൽ കാണുമ്പോശും മലയാളി ശ്രദ്ധ പതിപ്പിക്കാൻ മടിക്കുന്ന, സദാചാര മേലാളന്മാർ നെറ്റി ചുളിക്കുന്ന വിഷയങ്ങൾ ഇനിയും സിനിമകളാകട്ടെ!

 ഈ സിനിമ തരുന്ന സന്ദേശമെന്ത്‌ എന്ന ചോദ്യമാണ്‌ ഇപ്പോഴും ഉത്തരം തേടുന്നത്‌. നേരത്തേ പറഞ്ഞ പോലെ, തന്നെ കാണാൻ അപരിചിതനെന്ന്‌ സംശയിക്കേണ്ട ഒരുത്തനുമായി നാട്ടിൽ നിന്നും വന്ന അനിയത്തിയോട്‌ സൂക്ഷിക്കണം എന്നു പറയാൻ എന്തുകൊണ്ട്‌ ടെസ്സയ്ക്കു സാധിച്ചില്ല? മനുഷ്യതം എന്ന ഗുണം കണികാണാൻപോലും കിട്ടാത്ത ഒരു കാലഘട്ടത്തിൽ, അവനവനെ സൂക്ഷിക്കാൻ പഠിക്കുക്ക എന്നതല്ലേ ഒരു ഫെമിനിസ്റ്റ്‌ സിനിമ എന്ന രീതിയിൽ മാർക്കറ്റ്‌ ചെയ്യപ്പെട്ട ഈ സിനിമ നല്കേണ്ടത്‌? അല്ലാതെ, ഔദാര്യമല്ലാത്ത സഹനം മുഴുവൻ തലയിൽ വാങ്ങിയ ശേഷം, ഒരു പാമ്പും ആക്സോബ്ലേഡുമായി ഇറങ്ങുന്നതാണോ ഫെമിനിസം? ആറിഞ്ചിന്റെ ആണത്തം മുറിച്ചു കളഞ്ഞവളെനോക്കി “ നീയാണ്‌ പെണ്ണ്‌” എന്നു നായകൻ പ്രഖ്യാപിചപ്പോൾ അടുത്തിരുന്ന ന്യൂ-ജനറേഷൻ പെൺകുട്ടികളൊക്കെ കയ്യടിച്ചു, എന്തിനോ എന്തോ! പുരുഷന്റെ ചതിക്കുഴിയിൽ വീണശേഷം , വീണ്ടും തന്റെ ശരീരം വിറ്റുകൊണ്ട്‌, നിയമത്തെ കൈയ്യിലെടുക്കുന്നവളാണോ നായിക? എവിടെയൊക്കെയോ ഒരു മിസ്സിങ്ങ്‌...

 ഓൺലൈൻ ഫോറങ്ങളിൽ ചിലടത്ത്‌, ഈ സിനിമയ്ക്കെതിരായി ഉയർന്നു കേട്ട ഒരാക്ഷേപം മലയാളി നെഴ്സുമരെ സാമാന്യവല്ക്കരിച്ചു എന്നതാണ്‌. പക്ഷേ ഈ തർക്കത്തിൽ ഞാൻ സംവിധായകനൊപ്പമാണ്‌. കോട്ടയത്ത്‌ നിന്നും മറുനാട്ടിൽ ജോലിക്കു പോയ എല്ലാവരും കല്പ്പാന്തകാലത്തോളം തങ്ങളുടെ ചാരിതാർത്ഥ്യം (അപ്പുക്കുട്ടൻ!) സംരക്ഷിച്ചുകൊണ്ടു ജീവിച്ചു എന്നു ഞാൻ വിശ്വസിക്കുന്നില്ല. മറ്റാരെയും പോലെ, അവരിൽ ചിലരും പ്രേമബന്ധങ്ങളിൽ വീണിട്ടുണ്ടാവാം, അവരിൽ ചിലർക്കു ഇങ്ങനെ ചില അനുഭവങ്ങളും ഉണ്ടായിരിക്കാം . പക്ഷേ അങ്ങനെ ഒരാളുടെ കഥ കേൾക്കുമ്പോൾ, അതു സാമാന്യവല്ക്കരിക്കപ്പെടുന്നെങ്കിൽ അതിനുത്തരവാദികൾ കഥ പറഞ്ഞവരല്ല, കഥ കേട്ടവരാണ്‌. ഈ കാര്യത്തിൽ മലയാളിക്ക്‌ അത്ര നല്ല പേരല്ല ഉള്ളത്‌. എയർ ഹോസ്റ്റസ്സ്‌, ഹൗസ്‌ കീപ്പിങ്ങ്‌ , ആയുർവേദകേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുഭവങ്ങൾ ഒന്നുന്വേഷിച്ചാൽ മതി.

 പ്രതികരിക്കുന്ന സ്ത്രീ എന്ന ആശയത്തിലൂന്നിയാണ്‌ ഈ സിനിമ നിലനില്ക്കുന്നതെങ്കിലും, ഇന്നത്തെ സമൂഹം ഒരുക്കുന്നു ചതിക്കുഴികളുടെ ഒരു ആർഭാടചിത്രീകരണവും ഇതിലുണ്ട്‌. സ്ത്രീപക്ഷ-സ്തീസമത്വ വാദികൾ അതാണ്‌ പ്രചരിപ്പിക്കേണ്ടത്‌. ചതിയിൽ വീണ ശേഷം ആയുധമെടുക്കുന്ന റാഡിക്കലുകളായിരിക്കരുത്‌ നമ്മുടെ ധീര വനിതകൾ. ആ ചതിക്കുഴിയിൽ വീഴാതിരിക്കാനും, വീണുപോയാലും നിയമത്തിന്റെയും സമൂഹത്തിന്റെയും സഹായത്തോടെ പിടിച്ചു കയറാനും പഠിക്കട്ടെ നമ്മുടെ കൗമാര-യൗവ്വനങ്ങൾ.

 യാദൃശ്ചികമായി വന്നതായിരിക്കാമെങ്കിലും, സിനിമയുടെ ആദ്യ ഷോട്ടിൽ കാണുന്ന ഒരു പരസ്യ ബോർഡിലെ ( വൈറ്റില) വാചകം ഇങ്ങനെ : “ വളരുന്ന കൊച്ചിക്ക്‌ വഴികാട്ടി”. 4 മാസം പ്രായമുള്ള എന്റെ മകളെ മടിയിൽ വെച്ചുകൊണ്ട്‌ ഈ സിനിമ കാണുമ്പോൾ എന്റെ മനസ്സും പറഞ്ഞത്‌ “ വളരുന്ന കൊച്ചുങ്ങൾക്ക്‌ ഒരു വഴികാട്ടി ” എന്നാണ്‌.

4 comments:

മഷിത്തണ്ട് said...

കൊള്ളം നല്ല നിരൂപണം ജോസേ. കൂട്ടം കൂടിയാണ് പടം കാണാന്‍ പോയത് എന്നതിനാല്‍ "അടിപൊളി പടം" എന്ന് കോറസ്സായി പറയാനേ കഴിഞ്ഞുള്ളൂ.മറ്റെന്തെങ്കിലും പറയാന്‍ തുനിഞ്ഞാല്‍ ഒരു വലിയ പുണ്യം ചെയ്ത കടുത്ത അഭിമാനത്തോടെ കൂടി നില്‍ക്കുന്ന സുഹുര്തുക്കള്‍ നെറ്റി ചുളിക്കും.പിന്നെ ആലോചിച്ചാല്‍ ഈ പറഞ്ഞതൊക്കെ ഉള്ളതാണെന്ന് മനസ്സിലാവും..

Veena Sujith said...

ജോസേ കൊള്ളാം പടം നന്നായിരുന്നു അടിപൊളി എന്നാണ് എല്ലാവരും പറഞ്ഞത്...
കാണാന്‍ പടാതത്തില്‍ വിഷമം ആയിരുന്നു... പക്ഷെ മാറി...
എന്നാലും തീര്‍ച്ചയായിട്ടും കണ്ടു നോക്കും

rolfus said...

ദ്രിശ്യ മാധ്യമത്തിന്റെ ധര്‍മ്മം നല്ല ഐഡിയാ പ്രേക്ഷകര്‍ക്ക് കൊടുക്കുക എന്നഥണെന്നു പറയരുത്‌. കേള്ക്കാന് കൊള്ളാമെങ്കിലും അത്‌ കലയെ ഒരു ചട്ട്ക്കൂട്ടിലക്കുമ്. പോസ്റ്റിന്റെ തുടക്ക്തില്‍ പറഞ്ഞ്‌ പുരോഗമന സിനിമകള് കണ്ടാല്‍ മനസ്സിലാകും. അതില്‍ പലത്തിനും ഒരു വ്യക്തമായ കഥ കണ്ടു എന്ന് വരില്ല. പലതും ഒരു ആഖ്യാനാ ശൈലി ആയിരിക്കും ഉയര്‍ത്ഥി കാണിക്കുക.
പിന്നെ സാമാന്യാവല്‍ക്കരിക്കുന്നവര്‍ ഒരു വിഭാഗം ആണെങ്കില്‍ അതിന്റെ കുറ്റം മറ്റുള്ളവരക്കാനെന്ന് എങ്ങനെ പറയും? നാഴ്സുമ്മര്‍ എല്ലാരും നല്ലവരാണെന്നല്ല പറഞ്ഞതിന്റെ അര്‍ഥം, പക്ഷേ സാമാന്യാവല്‍ക്കരിക്കുമ്പോള്‍ ചെളിയില്‍ വീഴുന്ന വിഭാഗം (നാഴ്സുമ്മര്‍) നമ്മലല്ല എന്നത്‌ കൊണ്ട്‌ ലഖുവായില്‍ കാര്യം കാണരുത്‌. പിന്നെ സിനിമ സാമാന്യാവല്‍ക്കരിച്ചു എന്നു പറയരുത്‌. കുറച്ചു പേരുതെ കഥ കാണിച്ചാല്‍ അതില്‍ നിന്ന് ഒരു moral of the story കേല്ക്കന് കൊത്ിയ്ക്കുന്നവര്‍ അങ്ങനെ കണ്ടേക്കാം.

rolfus said...
This comment has been removed by the author.