മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, March 20, 2008

ഇണ്ട്രിയപ്പവും പാലും

ബോധം വെച്ചു കഴിഞ്ഞുള്ള എല്ലാ പെസഹായ്ക്കും ഞാന്‍വീട്ടിലുണ്ടായിരുന്നു. ഉച്ചയൂണു കഴിഞ്ഞാല്‍ തുടങ്ങുന്ന ഇണ്ട്രിയപ്പം പുഴുങ്ങലിനു കൈസഹായം ചെയ്യാന്‍ നില്‍കുന്നതിനു പകരമായി, ആദ്യം വാങ്ങുന്ന ഇലയപ്പങ്ങളിലൊന്നു അമ്മ തരും. കയ്യില്‍ പിടിക്കാന്‍ പറ്റാത്ത വിധം ചൂടായിരിക്കും. പക്ഷേ ആറുന്നതു വരെ കാക്കാനുള്ള മടി കൊണ്ടു രണ്ടു തവണ ഊതിയിട്ടു കടിക്കും. പല്ലു തരിക്കുന്ന ചൂടാണെങ്കിലും ആക്രാന്തം കാണിക്കുന്നതു അതിന്റെ രുചിയോര്‍ത്തിട്ടൊന്നുമല്ല. സത്യം പറഞ്ഞാല്‍ പെസഹാ അപ്പത്തിനു വലിയ രുചിയൊന്നുമില്ല. അരിമാവും ഉഴുന്നും ഉപ്പും ചേര്‍ന്ന ഏതാണ്ടൊരു രുചി. അത്ര മാത്രം!. അതു ഒരു കണക്കിനു നന്നായി. അല്ലെങ്കില്‍ ഇടയ്ക്കിടെ ഉണ്ടാക്കി അതിന്റെ ആ ഒരു വില കളഞ്ഞേനെ.

പെസഹാ അപ്പത്തിനു ഇണ്ട്രിയപ്പം എന്നു പേരു വന്നതിനു പുറകിലും ഒരു കഥയുണ്ടു. പണ്ടു പണ്ടൊരു പെസഹാ വ്യാഴാഴ്ച. അപ്പം പുഴുങ്ങി വെച്ചിട്ടു , പള്ളിയിലെ സന്ധ്യാ നമസ്കാരം കൂടാന്‍ പോകുന്ന വഴി ചില ചേടത്തിമാരുടെ സംസാര വിഷയം, പെസഹാ അപ്പത്തിനു ഒരു പേരില്ലല്ലോ എന്നുള്ളതായിരുന്നു. പള്ളിയില്‍ ചെന്നുകഴിഞ്ഞും ഇതു തന്നെ ചിന്ത.അതില്‍ ഒരു ചേടത്തി കുരിശേല്‍ കിടക്കണ കര്‍ത്താവിനെ നോക്കിയപ്പോളാണു സാധാരണ ശ്രദ്ധിക്കാത്ത ഒരു കാര്യം കണ്ണില്‍ പെട്ടതു. കര്‍ത്താവിന്റെ തലയ്ക്കു മുകളിലെ നാലക്ഷരങ്ങള്...I ... N.. R..I...ചേടത്തി ഒനു കൂട്ടി വായിച്ചു..ഇന്‍റി... കൊള്ളാമല്ലോ! തിരിച്ചു നടന്നപ്പോ ചേടത്തി തന്റെ കണ്ടെത്തല്‍ പരസ്യപ്പെടുത്തി. അങ്ങനെ അപ്പത്തിനു ഇന്‍റി അപ്പം എന്നു പേരു വീണു. പിന്നെ കാലക്രമേണ അതു ഇണ്ട്രിയപ്പമായി.


അപ്പത്തിന്റെ കൂടെ തട്ടേണ്ട പാലു വീട്ടിലെ പുരുഷന്‍മാരാണു ഉണ്ടാക്കേണ്ടതു. കാച്ചിയ പാലില്‍, ഉരുക്കിയ ശര്‍ക്കരയും എള്ളും , പിന്നെ കുരുത്തോലയുമൊക്കെ ഇട്ടു പാലു തിളക്കുമ്പോ തവി കൊണ്ടു നിറുത്താതെ ഇളക്കണം. ചുമ്മാ അങ്ങിളക്കിയാല്‍ പോരാ, കലത്തിന്റെ അടിയില്‍ ' ഈശോ മറിയം യൌസേപ്പേ' എന്നെഴുതണമെന്നാണു അമ്മു സാറു പറയുന്നതു. പത്താം ക്ളാസ്സു കഴിഞ്ഞാണു തവി നമ്മുടെ കയ്യില്‍ കിട്ടിതുടങ്ങിയതു.

കുരിശ്ശു വര കഴിഞ്ഞാല്‍ അപ്പവും പാലും കഴിക്കാനുള്ള പാത്രങ്ങളും എടുത്തു കൊണ്ടു അമ്മ വരും. പിന്നെ പെസഹാ സ്പഷ്യല്‍ ബൈബിള്‍ വായന. അതു കഴിഞ്ഞാല്‍ അപ്പം മുറി. 2005 വരെ അച്ചായന്‍ മുറിച്ചു. [ എന്റെ വല്ല്യപ്പന്‍. പുള്ളി മരിച്ചു പോയി.]. ഇപ്പോ കാരണവര്‍ എന്റെയപ്പനാണു. പ്രായത്തിന്റെ മൂപ്പനുസരിച്ചു ബഹുമാനത്തോടെ അപ്പം മേടിക്കണം എന്നണു കീഴ്‌വഴക്കം. പാലു ഗ്ളാസ്സിലോ പരപ്പുള്ള പാത്രത്തിലോ എടുത്തു അപ്പം മുക്കി കഴിക്കണം. കുരുത്തോലകൊണ്ടു കുരിശു വെച്ച അപ്പമോ പാലോ ഒരു ശകലം പോലും താഴെ വീഴാന്‍ പാടില്ല. കഴിച്ചു കഴിഞ്ഞാല്‍ വാ കഴുകി തുപ്പുന്നതും, അപ്പവും പാലും എടുത്ത പാത്രം കഴുകിയ വെള്ളം നിലത്തൊഴിക്കുന്നതും വലിയ തെറ്റുകള്‍ തന്നെ.

പെസഹാ ദിവസം വേറെ അത്താഴം പതിവില്ല. ജോണി പറയാറുണ്ടു " ഇസ്രായേലുകാരു പെസഹായ്ക്കു നല്ല ഒന്നാംതരം മട്ടണ്‍ തന്തൂരിയാ അടിച്ചതു. നമുക്കും അതു മതിയാരുന്നു..".

അപ്പോ ഇത്രയുമൊക്കെ പറയാന്‍ കാരണം, ഇത്തവണ ഇണ്ട്രി അപ്പം മുറിക്കാന്‍ ഞാനെന്റെ വീട്ടില്‍ ഉണ്ടാവില്ല. പകരം, ഹൈദരബാദിലെ ഒരു ബേക്കറിയില്‍ കയറി ഞാനൊരു ദില്‍ക്കുഷു മേടിച്ചു അങ്ങു ഒപ്പിക്കും! പിന്നല്ലാതെ പിന്നെ!

സൂചനകള്‍.

1. ഇലയപ്പം : ഇണ്ട്രിയപ്പം വട്ടത്തില്‍ പുഴുങ്ങുന്ന കൂടെ പുഴുങ്ങുന്ന ഗോതമ്പട പരുവത്തിലുള്ള ചെറിയ അപ്പങ്ങള്‍. ചുമ്മാ റ്റേസ്റ്റ് ചെയ്യാന്‍.

2. മട്ടണ്‍ തന്തൂരി : പെസഹായുടെ ചരിത്രം

10 comments:

The Common Man | പ്രാരബ്ധം said...

പെസഹായൊക്കെയല്ലേ?ഇരിക്കട്ടെ ഒരു ബ്ളോഗു!

കേരളാ ബിവറേജസ് സപ്ളൈസു കോര്‍പ്പറേഷനും, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍!

ജോസ്‌മോന്‍ വാഴയില്‍ said...

"...പകരം, ഹൈദരബാദിലെ ഒരു ബേക്കറിയില്‍ കയറി ഞാനൊരു ദില്‍ക്കുഷു മേടിച്ചു അങ്ങു ഒപ്പിക്കും!"

മതി...!!! അല്ലെങ്കില്‍ തന്നെ നമ്മളുണ്ടാക്കുന്ന ഈ ഇന്‍ഡ്രി അപ്പത്തിലല്ലോ കാര്യം... വിശ്വാസത്തിലല്ലേ...!!!

കൊള്ളാം...!!! നല്ല എഴുത്ത്...!!

The Common Man | പ്രാരബ്ധം said...

ജോസ്‌മോനേ..

വാക്കുകള്‍ക്കു നന്ദി. അങ്ങനെ തന്നാ ഞാനും കരുതിയിരുന്നതു. പക്ഷേ അപ്പം വെന്തു, അടുപ്പില്‍ നിന്നും വാങ്ങി വെച്ചു എന്നു അമ്മ ഇപ്പൊ വിളിച്ചു പറഞ്ഞു. അന്നേരം തൊട്ടൊരു വിഷമം!

Sabu Prayar said...

കൊള്ളാം...!!! നല്ല എഴുത്ത്...!!

കൊച്ചുത്രേസ്യ said...

പെസഹാപാല്‌ തേങ്ങാപ്പാലിലല്ലേ ഉണ്ടാക്കുന്നത്‌?
പെസഹാ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെക്കു വരുന്നത്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞ്‌ എല്ലാരും കൂടി ബന്ധുവീടുകള്‍ തോറും കയറി ഇറങ്ങുന്നതാണ്‌. ഞങ്ങള്‍ എല്ലാ വീട്ടില്‍ നിന്നും ഇണ്ട്രിയപ്പം കഴിക്കണമെന്നു അമ്മച്ചിക്കു ഭയങ്കര നിര്‍ബന്ധമായിരുന്നു. ഇല്ലെങ്കില്‍ നരകത്തില്‍ പോകുമത്രേ. 10-15 വീട്ടില്‍ നിന്നു ഓരോ സിപ്‌ പെസഹാപാലും ഇത്തിരി അപ്പോം കഴിച്ചു കഴിച്ച്‌ അവസാനമാകുമ്പോഴെക്കും വയറു പൊട്ടാനായിട്ടുണ്ടാകും.
ശ്ശൊ അതൊക്കെയൊരു കാലം... ഇപ്പോ എന്ത്‌ പെസഹാ എന്ത്‌ ഓണം :-(

The Common Man | പ്രാരബ്ധം said...

മാളവികയ്ക്കു...

വായിച്ചതിനും കമന്റിയതിനും നന്ദി!

കെ.ത്രേസ്സ്യാമ്മേ..

തേങ്ങാപാല്‍ എന്നു തന്നെയാ ഞാനും ഉദ്ദേശിച്ചതു. പക്ഷേ പെസഹാ ഇപ്പോഴും വളരെ കാര്യമായിട്ടു തന്നെയാ നമ്മുടെ വീട്ടിലൊക്കെ ആഘോഷിക്കുന്നതു കേട്ടോ

G.MANU said...

ഓര്‍മ്മകളില്‍ കൊതിനിറയുന്നു.
അയല്‍‌വക്കത്തെ ജയ്സണ്‍, പെറ്റിക്കോട്ടുകാരി ജോമി..അവരുടെ അമ്മചി മുറിച്ചു തന്ന പെസഹയപ്പം.. അതിന്റെ രുചി..
മതം രുചിയായി മാറിയിരുന്ന ബാല്യം..
ചോരയായി മാറുന്നതിനു മുമ്പുള്ള ചരിത്രം.

കലക്കന്‍ പോസ്റ്റ്. ഇന്‌റിയപ്പം എന്ന പേരിന്റെ റൂട്ട് സത്യത്തില്‍ ഇപ്പൊഴാ അറിഞ്ഞെ.. താങ്ക്സ്..

The Common Man | പ്രാരബ്ധം said...

മനു ചേട്ടാ...

ഞാന്‍ വിട്ടു പോയ ഒരു പോയിന്റാണതു. വീട്ടില്‍ നിന്നും എല്ലാക്കൊല്ലവും അപ്പം കൊടുക്കുന്ന രണ്ടു വീടുകളുണ്ട്.തൊട്ടയല്‍വക്കത്തുള്ള പാപ്പച്ചനങ്കിളിന്റെ വീടും, വീടിന്റെ പുറകില്‍ തോട്ടുംകരയിലുള്ള കുറുംമ്പാമ്മയുടെ വീടും. കുരിശുവരയുക്കു മുമ്പായി ഈ രണ്ടു വീട്ടിലും അപ്പം എത്തിക്കും. ഈ രണ്ടു വീട്ടുകാരും ഇതിനായി കാത്തിരിക്കുകയും ചെയ്യും. ഇതു കഴിച്ചിട്ടേ അവരു അത്താഴം കഴിക്കാറുള്ളൂ.

Joe Cheri Ross said...

ഇന്ദ്രിയപ്പംവും പാലും അമ്മ ഉണ്ടാക്കുനുണ്ട്. ഇന്ന് സ്വന്തം വീട്ടില്‍ നിന്നും ഇത് ഭക്ഷിക്കാന്‍ സാദികാത്ത എല്ലാവരെയും ഓര്‍ക്കുന്നു.

Unknown said...

ormakalanu manujante ettavum adutha kuttukar....pesaha appam murichittu...kudamalloor vare nadakkunna oru ballyavum kaumaravum unddayirunnu.....