മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, August 31, 2008

റംസാന്‍ മാസം...

എന്‍ജ്ജിനിയറിങ്ങ്‌ പഠിക്കണ കാലത്താണ്‌ ഞാന്‍ ആദ്യമായിട്ടു റംസാന്‍ നോമ്പെടുക്കണത്‌.


ഇടപ്പള്ളി പൈപ്പ്‌ലൈന്‍ കവലയിലെ ഹോസ്റ്റലിലായിരുന്നു അന്നു താമസം. സഹമുറിയനും ആത്മമിത്രവുമായ ഹുസൈന്‍, ഷിറാസ്‌, ഷാമില്‍, ഷബീര്‍ എന്നിങ്ങനെ അടുത്ത സുഹൃത്തക്കളെല്ലാം റംസാന്‍ മാസം പിറന്നതോടെ നോമ്പിലായി. അതിരാവിലെ 4 മണിക്കു എഴുന്നേറ്റ്‌ അത്താഴം, വൈകിട്ടു 6 മണി കഴിയുമ്പോ നോമ്പുതുറ. ഈ രണ്ട്‌ നേരവും ഭക്ഷണം, അടുത്തുള്ള ഒരു തട്ടുകടയില്‍. പോട്ടിക്കറി സ്ഥിരമായി കിട്ടിയിരുന്ന സ്ഥലമായിരുന്നതുകൊണ്ട്‌ പുള്ളിയെ ഞങ്ങള്‍ 'പോട്ടിച്ചേട്ടന്‍' എന്നു വിളിച്ചുപോന്നു.

ഒരു ദിവസം വൈകിട്ടു ലവന്‍മാരെല്ലാവരുംകൂടി നോമ്പുതുറയ്ക്കിറങ്ങിയപ്പോ, വിശന്നിരുന്നതുകൊണ്ട്‌ ഞാനും കൂടെ പോയി.നോമ്പു തുറക്കാന്‍ നാരങ്ങവെള്ളവും ഈന്തപ്പഴവും ആദ്യം കിട്ടി, അതു ഫ്രീ. പിന്നെ രാജകീയമായ ഭക്ഷണം. പതിവിലും കൂടുതല്‍ രുചി.പിന്നെ കുറച്ചു ദിവസം നോമ്പുതുറക്കാന്‍ ഞാനും കൂടെ പോയി.

പിറ്റേ ആഴ്ച ഒരു ദിവസം സാങ്കേതികമായ കാരണങ്ങള്‍ മൂലം രാവിലെയും ഉച്ചയ്ക്കും ഒന്നും കഴിക്കാന്‍ പറ്റിയില്ല. അങ്ങനെ നോമ്പുതുറക്കാന്‍ പോയപ്പോ ഞാനും അവരെപ്പോലെയായിരുന്നു. അന്നു തട്ടിയ പത്തിരിക്കും പോത്തിനും മുമ്പെങ്ങുമില്ലാത്ത രുചി തോന്നി. നന്നായി വിശന്നാല്‍ രുചി താനെ വന്നോളും എന്നൊക്കെ പണ്ട്‌ അമ്മ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും, അന്നാണ്‌ എനിക്കതനുഭവപ്പെട്ടത്‌.

പിറ്റേന്നു മുതല്‍ ഞാനും നോമ്പു്‌ പിടിക്കാന്‍ തുടങ്ങി.

പിന്നീട്‌ ഞാനും ഹുസൈനും കോളെജിന്റെ ഹോസ്റ്റലിലോട്ട്‌ മാറിയപ്പോഴും ഈ പതിവു തുടര്‍ന്നു. ഹോസ്റ്റലില്‍ നോമ്പ്‌ കാലത്തു പ്രത്യേക മെസ്സാണ്‌. നോമ്പുകാര്‍ക്കു അതിരാവിലെയും വൈകിട്ടും ഭക്ഷണം. അതിന്റെ കണക്കും കാര്യങ്ങളും പ്രത്യേകം. ഞാനും ആ മെസ്സില്‍ പേരു കൊടുത്തു. പേരെഴുതിയെടുത്തവന്റെ മുഖത്തെ ചെറിയ ഒരമ്പരപ്പ്‌ ഞാന്‍ ശ്രദ്ധിച്ചു.

അതിരാവിലെ അത്താഴം കഴിക്കാന്‍ എല്ലരെയും വിളിക്കുക എന്നതു ആദ്യം എഴുന്നേല്‍ക്കുന്നവരുടെ ജോലിയാണ്‌. പാതി ഉറക്കത്തില്‍ മുറി മാറി കൊട്ടിയിട്ട്‌, പച്ചത്തെറി കേട്ട പ്രഭാതങ്ങള്‍!! രോമാഞ്ചം വരുന്നു!. തണുത്ത ചോറും മീന്‍ വറത്തതും പഴവും കട്ടന്‍ കാപ്പിയും അടിച്ചുകഴിഞ്ഞാല്‍ ഒരുറക്കത്തിനുകൂടി സമയം ബാക്കികിട്ടും. പിന്നെ വൈകിട്ടു വരെയുള്ള കാത്തിരിപ്പു. ആദ്യമൊക്കെ ഞാന്‍ വെള്ളം കുടിക്കുമായിരുന്നു. പിന്നെ അതും വേണ്ടെന്നായി.

എല്ലവരും പള്ളിയില്‍ പോകുമ്പോ , അടുക്കളയില്‍ സഹായത്തിനു ഞാന്‍ മാത്രേ കാണൂ. നാരങ്ങാവ്വെള്ളം കലക്കിയാല്‍ മധുരം നോക്കുക, പാത്രങ്ങളെല്ലാം മെസ്സ്‌-ഹാളില്‍ എത്തിക്കുക തുടങ്ങിയ ചില്ലറ കൈസഹായങ്ങള്‍.

നോമ്പിന്റെ അവസാന ആഴ്ചയില്‍ ഒരു ദിവസം പൊതു ഇഫ്താര്‍ പാര്‍ട്ടിയുണ്ട്‌. എല്ലവര്‍ക്കുമായി, ഞങ്ങള്‍ നടത്തുന്ന പാര്‍ട്ടി.[ ഞങ്ങള്‍ എന്നു വെച്ചാല്‍ നോമ്പുമെസ്സിലെ അംഗങ്ങള്‍]. കോളെജിനടുത്തു താമസിക്കുന്ന അദ്ധ്യാപകരെയൊക്കെ ക്ഷണിക്കും.അവരില്‍ ചിലരോടും ഞാനെങ്ങനെ ആ ഗ്രൂപ്പില്‍ കൂടിയെന്നു വിശദീകരിക്കേണ്ടി വന്നു.


ജോലികാരനായി നാടുവിട്ടശേഷം ഇതൊന്നും നടന്നിട്ടില്ല.

എല്ലാവര്‍ക്കും, പ്രത്യേകിച്ചു നോമ്പെടുക്കുന്നവര്‍ക്കും, റംസാന്‍ മാസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു. കാത്തിരിക്കാം, ശവ്വാലിനായി....

6 comments:

The Common Man | പ്രാരാബ്ദം said...

എല്ലാവര്‍ക്കും, പ്രത്യേകിച്ചു നോമ്പെടുക്കുന്നവര്‍ക്കും, റംസാന്‍ മാസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

കാത്തിരിക്കാം, ശവ്വാലിനായി....

ശ്രീ said...

അതു നന്നായി. ഒന്നുമില്ലെങ്കിലും ഇടയ്ക്ക് ഇതു പോലെ നോമ്പെടുക്കുന്നത് നല്ലതാണെന്നാണ് എല്ലാവരും പറയുന്നതും.

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

Devika said...

TCM:

Anubhavangal angane parannu kidakkukayanallo..ingane oru nasraniye aadyam kanukayaanu :-)

sukhavayana :-)

Trikarthika vishesham bakki kettilla...ezhuthuka.

Deepa said...

"പാതി ഉറക്കത്തില്‍ മുറി മാറി കൊട്ടിയിട്ട്‌, പച്ചത്തെറി കേട്ട പ്രഭാതങ്ങള്‍!! രോമാഞ്ചം വരുന്നു!."
രോമാഞ്ചം വരും

[Shaf] said...

sughamulla vayana
nall anubhavangal