മിഥുനം എന്ന പടത്തിലെ നെടുമുടി വേണുവിന്റെ "ദാ ഇപ്പൊ പൊട്ടും! അടുത്ത നിമിഷം പൊട്ടാന്‍ പോകുന്നു! ദാ പൊട്ടുന്നൂ...!.." മോഡലില്‍ ഞാന്‍ പേടിപ്പീരു തുടങ്ങിയിട്ട് നാളു കുറേ ആയി എന്നു എനിക്കും അറിയാം. കഴിഞ്ഞ പോസ്റ്റിനു ഇഞ്ചിപെണ്ണു കമന്റിയതു പോലെ, ഭീഷണി നിര്‍ത്തി എഴുതി തുടങ്ങടാ കോപ്പേ എന്നു പലരും പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. അതുകൊണ്ട് ഇനി വെച്ചു താമസിപ്പിക്കാതെ അങ്ങു തുടങ്ങ്വാണു കേട്ടോ...
"..സത്ക്കലാ ദേവി തന് ചിത്ര ഗോപുരങ്ങളേ...
...സര്‍ഗ്ഗസംഗീതമുണര്‍ത്തൂ....സര്‍ഗ്ഗസംഗീതമുണര്‍ത്തൂ...."[2]
എല്ലാ മഹാന്മാരെയും പോലെ എന്റെ ചരിത്രവും സമാരംഭിക്കുന്നതു എന്റെ ജനനത്തോടെയാണു. 1984 ഏപ്രില്‍ 29, ഒരു ഞായറാഴ്ച, അതും ഒരു പുതുഞായറാഴ്ച വൈകുന്നേരം ഒരു 4- 4.30 മണിയോടു കൂടി ദാ കിടക്കണു ധിം! ഒരു നാലു ദിവസത്തേയ്ക്ക് ഒന്നും നടക്കില്ല എന്നു ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണു പോലും അപ്പന് ജോലി സ്ഥലമായ തൃശ്ശിവപേരൂരിനു പോയിരുന്നതു പോലും! അങ്ങനെ ഏതെങ്കിലും ഒരു ഡോ: പറഞ്ഞാല്‍ നമ്മള് കേക്കുവോ? ഞാനിങ്ങു പോന്നു." നീ ഒണ്ടായപ്പൊ വലിയ ഇടിയും മുഴക്കവും ഒക്കെ കേട്ടു. സ്വര്‍ഗ്ഗത്തീന്നു ഒരു സ്വരം ഞാനെന്റെ ചെവി കൊണ്ട് കേട്ടതാ" എന്നൊക്കെ പണ്ട് അമ്മു സാര്‍ തട്ടിവിടുന്നതു നേരെന്നു ഞാനും കുറേ നാള് കരുതിയതാ,ഓ വെറുതെ. ഏപ്രില്‍ 29നു ജനിച്ച മെയിന്‍ ടീമ്സിന്റെ ലിസ്റ്റ് ഉണ്ടാക്കാനും ഞാന്‍ കുറേ ശ്രമിച്ചു. ആകെ കിട്ടിയതു ഒരു സെലിബ്രിട്ടി ആരുന്നു. പുള്ളി ഈ അടുത്തയിടെ ആത്മഹത്യ ചെയ്തു. ഈശോയേ!
പ്രകൃതിയുടെ സൌന്ദര്യ സങ്കല്‍പ്പം ചില അവസരങ്ങളിലെങ്കിലും അല്‍പ്പം വിചിത്രമാണല്ലോ. ആ പ്രതിഭാസം എന്റെ ശരീരത്തില്‍ പ്രകടമായതു നല്ല ഒത്ത ഒരു തലയിലൂടെയാണ്. എന്നു പറഞ്ഞാല്‍ പിന്നെ, ഈ പുത്തി എല്ലാം കൂടി പിന്നെ എവിടെ കൊള്ളിയ്ക്കും? എന്റെ ഒരു തലയെടുപ്പു കണ്ടതേ, "നീ ഇതിനെ എങ്ങനെ പെറ്റെടീ " എന്നു പറഞ്ഞു ഗ്രാന്റ് മോം നെഞ്ചത്തടിച്ചു എന്നാണു ചരിത്രം. എന്തായാലും വലിയ കോലാഹലവും ബളഹവുമൊന്നുമില്ലാതെ കുമരകം കൊച്ചുപറന്പില്‍ ജോസഫ്-മാഗി- മാരുടെ സീമന്ത പുത്രന് ലോകം കണ്ടു.
പു.കാ.കു -മാരുടെ ഒരു രീതി അനുസരിച്ചു എനിക്കെന്റെ വല്ല്യപ്പന്റെ പേരാണു കിട്ടിയതു. ജോസഫ്. നല്ല മലയാളത്തില്‍ പറഞ്ഞാല്‍ ഏപ്പ്. എന്നാലും അമ്മ 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടു വച്ചിരുന്ന ഒരോമനപ്പേരു എന്നെയും കാത്തിരുപ്പുണ്ടായിരുന്നു. എന്നതാന്നു വെച്ചാ?? അപ്പു!!! ആ...പൂ എന്നു പറഞ്ഞു തഴയാന്‍ വരട്ടെ, അങ്ങനെ ഏതെങ്കിലും അപ്പുവല്ല, 1982 ഏഷ്യാഡിലൂടെ ഭാരതത്തിന്റെ രോമാഞ്ജമായ സാക്ഷല്‍ ഏഷ്യാഡ് അപ്പു! ആ പിന്നെ അല്ല! ആനപിണ്ടത്തിന്റെ അത്രേമ്മുള്ള ചെക്കനു ആനയുടെ പേരു.പിന്നെ നേരത്തേ പറഞ്ഞ എന്റെ തലയെടുപ്പു ഒക്കെ വെച്ചു ഞാന്‍ ആ പേരങ്ങുള്ക്കൊണ്ടു.
"നീയൊക്കെ കുടുംബത്തില്‍ പിറന്നതാണോഡാ.." എന്നു ചോദ്യത്തിനു " അല്ല..ഞാന്‍ ആശുപത്രിയിലാ.."" എന്ന കോമഡി കേട്ടിട്ടില്ലേ? എന്നു പറഞ്ഞ പോലെ, ജനിച്ചതു ആശുപത്രിയിലാണെങ്കിലും ഞന്‍ പിറന്നു വീണതു കുമരകത്താണ്. കുമരകത്തെപറ്റി പറയുകയാണെങ്കില്‍, പണ്ട് വി.ഡി.രാജപ്പന് പറഞ്ഞതു പോലെ ..” മണ്ടരി പിടിച്ചു മണ്ട പോയ തെങ്ങുകളും, കുല പൊട്ടാന്‍ മുട്ടി നില്ക്കുന്ന വാഴകളും, നെല്ലിന്റെ കനം കൊണ്ടു തല താഴ്ത്തി നില്ക്കുന്ന നെല്ചെടികളും, നെല്‍കൃഷിയുടെ കടം കൊണ്ട് അതിനേക്കാള്‍ കൂനി നില്ക്കുന്ന കുറേ കര്‍ഷകരും, മുക്കിനു മുക്കിനു ഷാപ്പുകളും, അതു നിറയെ കുടിയന്മാരും, അവിടിവിടായി കാണാവുന്ന പാര്‍ട്ടി ആപ്പീസുകളും” ഒക്കെയായിട്ടു ഇങ്ങനെ വിളങ്ങി നില്ക്കുന്ന ഒരു കൊച്ചു ഗ്രാമം. ടൂറിസം ഭൂപടത്തിലൊക്കെ ഇടം പിടിച്ച നാട്ടുകാരാണെങ്കിലും അതിന്റെ ഒരഹങ്കാരവും ഇല്ലാത്ത നല്ല തങ്കപെട്ട മനുഷ്യരാണു കുമരകംകാര്. ഇലക്ഷന് കാലത്തു മാത്രം കുറച്ചു നാള് രണ്ട് ഗ്രൂപ്പാകുമെങ്കിലും, പൊതുവേ വളരെ സ്നേഹത്തിലും സഹകരണത്തിലും ഞങ്ങള്‍ ജീവിച്ചു പോരുന്നു. ആ ഒരു സഹകരണത്തിന്റെ കൂടുതല്‍ കാരണം കുമരകം ചന്തക്കവലയില്‍ തന്നെ സഹകരണ ബാങ്കുകളുടെയെണ്ണം മൂന്നു. അതിന്റെ ഇലക്ഷന് കാലത്തും ഞങ്ങല്‍ തമ്മിതമ്മില്‍ ചെറുതയൊന്നു കൂട്ടുവെട്ടും കേട്ടോ. പിന്നെ എല്ലാരും വലിയ ദൈവവിശ്വാസികള്‍. തോടുകളും ഇടതോടുകളും കൈത്തോടുകളും, പാടങ്ങളും കുറച്ച് പാര്‍ട്ടി ആഫീസുകളും, വളരെയധികം കള്ളുഷാപ്പുകളും ഒക്കെ കഴിഞ്ഞു മിച്ചമുള്ള സ്ഥലത്ത് ഒരു പാടു ജനസംഖ്യ തിങ്ങിപാര്ക്കുന്നെങ്കിലും, ഇതിന്റെ എല്ലാം ഇടയ്ക്ക് കുറേ അധികം ആരാധനാലയങ്ങളും കുമരകത്തുണ്ട്.
ശ്രീ നാരായണ ഗുരുവിന്റെ പാദസ്പര്ശത്താല് ധന്യമായ ഭൂമിയാണു കുമരകം. അതുകൊണ്ടു തന്നെ ഗുരുവിന്റെ പല നയങ്ങളോടും കുമരകംകാര് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചു പുള്ളിയുടെ മദ്യ നയത്തോടു. “മദ്യം വിഷമാണു” എന്നു ഗുരു പറഞ്ഞപ്പോള്‍, “ അതെ അതെ..ഇതു കുറച്ചു വിഷമം തന്നെയാണേ” എന്നു ആദ്യം പറഞ്ഞതു കുമരകംകാരാണു പോലും! ഈ കാരണംകൊണ്ടാരിക്കണം , മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന മദ്യം എന്ന കാളകൂടവിഷത്തോടു , സാക്ഷാല്‍ പരമേശ്വരന്റെ ഒരപ്രോച്ചാണു ഞങ്ങള്‍ക്ക്. കുടിക്കുക, വാശിയോടെ, വൈരാഗ്യത്തോടെ കുടിച്ചു തീര്‍ക്കുക. തെങ്ങു തരുന്ന കള്ളും, സര്‍ക്കാര്‍ തരുന്ന വിദേശിയും ഞങ്ങള്‍ അങ്ങനേ അങ്ങു തീര്‍ത്തു വിടുന്നു. ഞങ്ങളെ വെല്ലുവിളിച്ചുകൊണ്ടു ഈ രണ്ടു കൂട്ടരും വീണ്ടും സാധനം എറക്കുന്നു. ആങ്ങനെ , കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഈ എക്സൈസ് വിപ്ലവത്തില്‍, കുമരകംകാരു ജയിക്കുമോ അതോ സര്‍ക്കാര്‍-തെങ്ങു-അബ്ക്കാരി മുന്നണി ജയിക്കുമോ എന്നു കണ്ട് തന്നെ അറിയണം.
ഈ ‘വെള്ളം’ കളി കഴിഞ്ഞാല്‍ പിന്നെ ഞങ്ങക്ക് താല്‍പ്പര്യം വള്ളംകളിയിലാണു. മഴകാലം കഴിയുന്നതിനോടടുപ്പിച്ചു ഞങ്ങളില്‍ ചില മാന്യന്മാര് നല്ല മുണ്ടും ഷര്‍ട്ടും ഒക്കെയിട്ടു ഇരതേടി ഇറങ്ങും. ഒരു 3- 4 ലക്ഷം പൊട്ടിക്കാന്‍ മനസ്സുള്ള ഒരു വിദേശിയെ തപ്പിയാണു യാത്ര.[ കാശുണ്ടെങ്കില്‍ നാടന്‍ കേസും പിടിക്കും കേട്ടോ]. അങ്ങനെ ക്യാപ്റ്റ്നെ കിട്ടും. പിന്നെ എല്ലാം ശടപടേ,ശടപടേന്നാരിയ്ക്കും. ജൂലൈ പകുതിയ്ക്കു ചുണ്ടന് വരും. പിന്നെ ട്രയലിന്റെ ദിനങ്ങളാണ്. എന്തിനു അധികംപറയണം, നെഹൃ ട്രോഫി ഞങ്ങടെ കൂടെ ഇങ്ങു പോരും.
അപ്പൊ പറഞ്ഞു വരുന്നതു, ആദ്യം പറഞ്ഞ അപ്പു എന്ന പ്രതിഭാസം, പിന്നെ പറഞ്ഞ കുമരകംകാര് എന്ന പ്രതിഭാസങ്ങളുമായും, അവരിലൊരാളായും നടത്തിയ വീരശൂരപരാക്രമങ്ങളുടെ ഗഥകളായിരിക്കും ഇവിടെ ഇനിമുതല്‍ മിക്കവാറുമൊക്കെ പ്രത്യക്ഷപ്പെടുക.ഇതൊരു മുന്നറിയിപ്പല്ല.സൂചനയാണിതു സൂചന മാത്രം.
[ ഗണപതിയ്ക്കു ഒരു കൂട് തേങ്ങാ ബിസ്ക്കറ്റ്, നെപ്പസ്യാന് പുണ്ണ്യാളനു ഒരു കൂടു മെഴുകുതിരി – രണ്ടു പേരും അതുകൊണ്ടങ്ങു മിന്നിച്ചേക്കണേ!!]
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Friday, November 9, 2007
Subscribe to:
Post Comments (Atom)
8 comments:
ആഹാ.. എന്നാ സോഖം. എഴുത്തിന്റെ ഒരു ഇതു കൊണ്ടുണ്ടായ വായനയുടെ ആ ഒരു അത്.. എന്റമ്മേ..
ജോസ് ജോസഫ് എന്തോപറമ്പില് മോനേ, ഇത്രയും വലിയ വിദ്യ കയ്യിലുണ്ടായിട്ടും അതിന്റെ അഹങ്കാരം ഒട്ടിമില്ല കേട്ടോ. പക്ഷെ ഒരു ഭീഷണി സ്വരത്തിലല്ല, എന്നാലും ഞാന്‍ പറഞ്ഞു പോകുവാ, ഇനി സ്ഥിരമായെന്തെങ്കിലും എഴുതിയില്ലെങ്കില്‍ ബീമാനം പിടിച്ചു അവിടെ വന്നു തല്ലും കേട്ടോ.
നല്ല എഴുത്ത് മാഷേ. കൊതിപ്പിക്കാതെ എന്തെങ്കിലും പടച്ചു വിടു.
തുടരൂ,സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുമല്ലോ
വരുന്നെങ്കില്‍ ദാ ഇങ്ങനെ വരണം . കലക്കി
ആശംസകള്‍
എഴുത്തു നല്ല രസമുണ്ട് മാഷേ....
പോരട്ടേ അടുത്ത വെടിക്കെട്ട്... :)
ആ..പ്പൂ..
ഓരാന്നായിട്ടു പോരട്ടെ..
ടൈറ്റില്‍ കലക്കി..:)
ജോസേ, അപ്പോ ഈ ഭാഗത്തേക്കും ഇറങ്ങി... ഇനി ഐശ്വര്യമായ് എഴുതിപ്പൊളിക്ക്... 'തകിടഗുണാരി' പ്രിന്റ് ഔട്ട് എടുത്തപോലെ ഇവിടെ വേണ്ടാലോ ... :)
വാല്മീകിയ്ക്ക്:
പ്രാരാബ്ദക്കാരനാണ്... ഒരു പാടു അട വെച്ചിട്ടുണ്ടെങ്കിലും സമാധാനമായിട്ടു ഒന്നു പൊരുന്ന ഇരിക്കാന്‍ പറ്റൂന്നില്ല.. വന്നു തല്ലണമെന്നില്ല, ആ കാശിങ്ങയച്ചാല് ഞാന്‍ തന്നെ ഇടപാട് ചെയ്താ മതിയെല്ലോ!
വല്യമ്മായിയ്ക്ക്:
സര്‍ക്കാര്‍ സ്കൂളിലും കോളെജിലും പഠിച്ചതുകൊണ്ട് കോപ്പിയടി ഒരു തപസ്യയാണ്. എങ്കിലും ഞാന്‍ ശ്രമിക്കാം കേട്ടോ!
ക്രിസ് വിനോട്:
ഏറ്റവും എളിമയോടെ പറഞ്ഞോട്ടെ, ബാഷയിപ്പൊ ഇച്ചിരി ലേറ്റായിട്ടു വന്നാലും ലേറ്റസ്റ്റായിട്ട് തന്നെ .....
തമനൂന്:
തിരി കൊടുക്കുന്നുണ്ടു. പൊട്ടുമാരിക്കും
പ്രയാസിയ്ക്ക്:
താങ്ക്യൂ.....താങ്ക്യൂ വെരി മച്ച്!
നിവ്യയ്ക്കു:
ഇവിടെയൊക്കെ തന്നെ കാണുമല്ലൊ അല്ലേ!
മണ്ടരി പിടിച്ചു മണ്ട പോയ തെങ്ങുകളും, കുല പൊട്ടാന്‍ മുട്ടി നില്ക്കുന്ന വാഴകളും, നെല്ലിന്റെ കനം കൊണ്ടു തല താഴ്ത്തി നില്ക്കുന്ന നെല്ചെടികളും, നെല്‍കൃഷിയുടെ കടം കൊണ്ട് അതിനേക്കാള്‍ കൂനി നില്ക്കുന്ന കുറേ കര്‍ഷകരും, മുക്കിനു മുക്കിനു ഷാപ്പുകളും, അതു നിറയെ കുടിയന്മാരും, അവിടിവിടായി കാണാവുന്ന പാര്‍ട്ടി ആപ്പീസുകളും
കലക്കി മാഷെ.
Post a Comment